Categories
kerala

ഇ.പി.യുടെ ഈ വിട്ടുനില്‍പ് കൂടുതല്‍ ഗുരുതരമായ കളിയാണ്

സി.പി.എം. നടത്തുന്ന സംസ്ഥാന ജാഥ, നയിക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ്, ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യയിലെ സി.പി.എമ്മിന്റെ നയം തന്നെ തീരുമാനിക്കുന്നതിന് കെല്‍പുള്ള പിണറായി വിജയന്‍…. എന്നിട്ടും ഈ വേദിയിലും ഈ ജാഥയിലും സി.പി.എമ്മിന്റെ ഉന്നത നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ഇല്ല. ഉദ്ഘാടന വേദിയില്‍ സാന്നിധ്യമില്ല, എന്തിന് സ്വന്തം ജില്ലയായ കണ്ണൂരില്‍ ഇ.പി.യുടെ പൊടിയേയില്ല. താന്‍ ജാഥായിലെ സ്ഥിരാംഗം അല്ലല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച് ഇ.പി.ജയരാജന്‍ ആകെ പ്രതികരിച്ചിട്ടുള്ളത്.

ഇതേക്കുറിച്ച് ജാഥാ ലീഡറോട്(അദ്ദേഹം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്) ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ ഉത്തരം ‘വന്നോളും..’ എന്ന്! ആ ഉത്തരത്തില്‍ അടങ്ങിയരിക്കുന്ന നീരസം ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇത്തരം പടല പിണക്കങ്ങള്‍ തീര്‍ത്താലും തീരാതെ തുടരുന്നത് സിപിഎമ്മിന്റെ ജനകീയ യാത്രയെ വിവാദത്തിലാക്കാന്‍ മാത്രമാണ് ഉപകരിക്കാന്‍ പോകുന്നത്.

thepoliticaleditor

കണ്ണൂര്‍ ജില്ലയിലെ സി.പി.എം.നേതാക്കളിലെ മൂപ്പിളത്തര്‍ക്കം വലിയൊരു പതനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഇ.പി.ജയരാജന്‍ ഇങ്ങനെ പാര്‍ടിയുടെ അഭിമാന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നല്‍കുന്ന സന്ദേശം എന്താണ്. കോണ്‍ഗ്രസിനകത്തും ഇപ്പോള്‍ ബി.ജെ.പി.ക്കകത്തും കാണുന്ന തരം പ്രകടമായ വിട്ടു നില്‍ക്കലുകള്‍ സി.പി.എമ്മിലും തുടങ്ങിയിരിക്കുന്നു. ഇതിനു മുമ്പ് ഇത്രയും വാര്‍ത്താ പ്രധാന്യം നേടിയ ഒരു വിട്ടു നില്‍ക്കല്‍ ഉണ്ടായത് പിണറായി വിജയന്‍ നടത്തിയ കേരള യാത്രയില്‍ നിന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ വിട്ടു നിന്നതാണ്. പക്ഷേ അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കി കേരള യാത്രാ സമാപനത്തില്‍ ശംഖുമുഖം കടപ്പുറത്ത് വി.എസ്. എത്തിയതും വലിയ വാര്‍ത്തയായി.
ഇപ്പോള്‍ ഇ.പി. ജയരാജന്റെ ഇടഞ്ഞു നില്‍പ്പ് നാള്‍ക്കു നാള്‍ ഗുരുതരമായ വിവാദത്തിന് തിരികൊളുത്തുന്നു. കഴിഞ്ഞ വര്‍ഷം മാസങ്ങളോളം ചികില്‍സയെന്ന പേരില്‍ അവധിയെടുത്ത് ഇ.പി. പാര്‍ടി പരിപാടികളില്‍ നിന്നും സംസ്ഥാന നേതൃ യോഗങ്ങളില്‍ നിന്നു പോലും വിട്ടു നിന്നതായിരുന്നു. പിന്നീട് ഈ വര്‍ഷം ഉന്നത നേതൃത്വം തന്നെ ഇടപെട്ട് മഞ്ഞുരുക്കിയെന്ന വാര്‍ത്ത വന്നു. തുടര്‍ന്ന് മാസങ്ങളായി ചേരാത്ത ഇടതു മുന്നണിയോഗം ഇ.പി. വിളിച്ചു ചേര്‍ത്തു കൊണ്ട് സജീവമായി. പിന്നീട് സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത് പി.ജയരാജന്‍ ഇ.പി. ഇല്ലാതിരുന്ന യോഗത്തില്‍ ഉയര്‍ത്തിയ കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് വിവാദം സംബന്ധിച്ച് തനിക്ക് വിശദീകരിക്കാനുള്ളത് വിശദീകരിച്ചു. ഇ.പി.ക്കെതിരെ ഒരന്വേഷണവുമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു. ഇ.പി.യുടെ പിണക്കത്തിന് ശമനമായെന്ന് തോന്നിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സി.പി.എമ്മിന് സാധിച്ചു.

എങ്കിലും വിവാദ വിഷയങ്ങളിലൊന്നും പാര്‍ടിയെ പ്രതിരോധിക്കാനോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സംസാരിക്കാനോ ഇ.പി. മുന്നോട്ടു വന്നതേയില്ല. ബജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിലെ ഇന്ധനസെസ്സ് സംബന്ധിച്ച് വിവാദമുണ്ടായി. ആ സമയം ഇ.പി. പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു-സെസ്സില്‍ മാറ്റം വേണമെന്ന കാര്യത്തില്‍ എല്ലാവരും ആലോചിക്കട്ടെ എന്നായിരുന്നു ആ പ്രതികരണം. എന്നാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി ഒരു മാറ്റവും വേണ്ടെന്ന കടകവിരുദ്ധ പ്രതികരണമായിരുന്നു.
ബജറ്റിനെതിരെയും അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം വന്‍ സമരവുമായി മുന്നോട്ടു വന്നപ്പോഴും ഇപ്പോള്‍ കേരളത്തിലുടനീളം മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടക്കുമ്പോഴും ഇ.പി.യുടെ മൗനം തുടര്‍ന്നു. സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗം എന്ന നിലയിലുള്ളതോ ഇടതു മുന്നണി കണ്‍വീനര്‍ എന്ന നിലയിലുള്ളതോ ആയ ഒരു പ്രതികരണം പോലും ഉണ്ടായില്ല.
പാര്‍ടിയുടെ സംസ്ഥാന ജാഥയുടെ ഉദ്ഘാടനത്തില്‍ ഉറപ്പായും സാന്നിധ്യമാകേണ്ടയാളായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ കൂടിയായ ഇ.പി. സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണത്തിലും അദ്ദേഹം ഒഴിഞ്ഞു നിന്നത് സംസ്ഥാന സെക്രട്ടറിയോട് അദ്ദേഹത്തിനുള്ള മൂപ്പിളമപ്പിണക്കത്തിന്റെ സൂചനയായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

കണ്ണൂരിലെ സിപിഎം നേതാക്കളില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ആരാണ് പ്രധാനി–ഈ തര്‍ക്കമാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കാതല്‍. എം.വി.രാഘവന്‍ ഉയര്‍ത്തിയ വിഭാഗീയതയില്‍ കണ്ണൂര്‍ ജില്ലയിലെ വലിയ നേതാക്കളില്‍ ഗണ്യമായ ഭാഗം സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ഉയര്‍ന്നുവന്ന നേതാക്കളില്‍ പ്രധാനിയാണ് ഇ.പി.ജയരാജന്‍. സി.പി.എമ്മിന്റെ അഭിമാന ജില്ലയായ കണ്ണൂരില്‍ ഇ.പി.ജയരാജന്‍ താന്‍ സ്വയം കല്‍പിക്കുന്ന സീനിയോറിറ്റിയില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നതാണ് പ്രശ്നവും. എം.വി.രാഘവനെ എതിര്‍ത്ത് പാര്‍ടിയില്‍ ജില്ലാ നേതൃനിരയിലേക്കു വന്ന ഇ.പി. ജയരാജനാണ് ആദ്യം( എം.വി.ഗോവിന്ദനെക്കാളും മുന്‍പെ എന്നര്‍ഥം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതും പിന്നീട് ആദ്യം സി.പി.എം.കേന്ദ്രകമ്മിറ്റി അംഗമാകുന്നതും. കോടിയേരി കഴിഞ്ഞാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയാകാനുള്ള ജില്ലാ സീനിയോറിറ്റി ജയരാജനുണ്ട്. എന്നാല്‍ ഇപ്പോള്‍ പിറകെ വന്ന എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി, പൊളിറ്റ് ബ്യൂറോ അംഗവുമായി. ഇതാണ് ഇ.പി.ജയരാജന്‍ പാര്‍ടിയില്‍ ഇടയാനുള്ള കാരണം.

ഇതിനു പിറകെയാണ് റിസോർട് വിവാദം ഉണ്ടായത്. ഇ.പി. സ്വയം വിശ്വസിക്കുന്നതു പോലെയല്ല പാര്‍ടി സെക്രട്ടറിസ്ഥാനത്തേക്ക് കൂടുതല്‍ യോഗ്യതയുള്ളത് വിവാദങ്ങളിലൊന്നും പെടാത്ത എം.വി.ഗോവിന്ദനാണ് എന്ന് വരുത്താനുള്ള മികച്ചൊരു പി.ആര്‍.തന്ത്രമായിരുന്നു ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തിനു പിന്നിലെന്ന് കണ്ണൂരിലെ സി.പി.എമ്മില്‍ ഒരു വിഭാഗം കരുതുന്നുണ്ട്.

കളങ്കിതനായ ഇ.പി.യെക്കാളും എം.വി.ഗോവിന്ദന് തന്നെയാണ് സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യത എന്ന സന്ദേശം പാര്‍ടി അണികള്‍ക്കും സമൂഹത്തിനും നല്‍കുകയാണ് പെട്ടെന്ന് ഒരു നാള്‍ റിസോര്‍ട്ട് വിവാദം ഉയര്‍ത്തിവിട്ടതെന്ന്, ആ വിവാദം ഉയര്‍ന്ന സന്ദര്‍ഭത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ വിശ്വസിക്കുന്നവര്‍ ധാരാളം.

ഇ.പി.ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ പ്രധാന നിക്ഷേപകരാണെന്ന കാര്യം സി.പി.എം. ആദ്യമായി അറിഞ്ഞ കാര്യമല്ല, ആദ്യമായി വിവാദമായതുമല്ല. വൈദേകം റിസോര്‍ട്ട് പണിയുന്ന ഘട്ടത്തില്‍ തന്നെ അതിലെ പരിസ്ഥിതി ലംഘനത്തെപ്പറ്റി പാര്‍ടിയിലും സഹചാരി സംഘടനകളിലും വലിയ ചര്‍ച്ചയും വിവാദവും ഉണ്ടായിരുന്നു. അത് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വന്നിരുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് ഈ നിര്‍മ്മാണത്തിനെതിരെ പരസ്യമായി തന്നെ രംഗത്തു വന്നിരുന്നു. അന്ന് ഇതെല്ലാം പാര്‍ടിയിൽ ചര്‍ച്ചയുമായിരുന്നു.

Spread the love
English Summary: DIFFRENCES IN KANNUR CPM TOP LEADERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick