Categories
kerala

കേന്ദ്ര ബജറ്റില്‍ കേരളമില്ല…അവഗണനയുടെ കൊടുമുടിയില്‍ ഈ ‘പ്രതിപക്ഷ’ സംസ്ഥാനം

മലയാള മാധ്യമങ്ങളേ…നിങ്ങള്‍ പുകഴ്ത്തല്‍ വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തിനായി ഒരു തലക്കെട്ടിലെങ്കിലും അവഗണന എന്ന് വ്യക്തമായി എഴുതൂ…

Spread the love

കേന്ദ്രബജറ്റിനെ പുകഴ്ത്താന്‍ ഇളകി മറിയുന്ന മലയാള മാധ്യമങ്ങള്‍ ഒരൊറ്റ് തലക്കെട്ടില്‍ പോലും ഉള്‍ക്കൊള്ളിക്കാത്ത ഒരു കാര്യം കേരളത്തിനോടുള്ള കടുത്ത അവഗണന ആണ്. കേരളം ചോദിച്ച ഒരാവശ്യം പോലും ഇടം നേടാത്ത കേന്ദ്ര ബജറ്റ്. ആകെ ഉള്ളത് കോംപൗണ്ടഡ് റബ്ബറിന്റെ ഇറക്കുമതിത്തീരുവ പത്ത് ശതമാനത്തില്‍ നിന്നും 25 ശതമാനം കൂട്ടി എന്ന കാര്യം മാത്രം. റബ്ബര്‍ ഇറക്കുമതി കുറയുകയും ഇവിടുത്തെ ഉല്‍പന്നത്തിന് വില കിട്ടുകയും ചെയ്യും എന്നതൊഴിച്ചാല്‍ കേരളത്തിനെ ആകെ ഉള്‍ക്കൊള്ളുന്ന വേറെ എന്തുണ്ട് കേന്ദ്ര ബജറ്റില്‍.-ഒന്നുമില്ല. ബി.ജെ.പി.യുടെ രാഷ്ട്രീയ എതിരാളികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള, കാര്യമായ ഒരു രാഷ്ട്രീയ നേട്ടവും ബി.ജെ.പി.ക്ക് സാധിച്ചിട്ടില്ലാത്ത കേരളത്തിനെ എന്തിന് പരിഗണിക്കണം എന്നായിരിക്കും ഇന്ദ്രപ്രസ്ഥത്തിലെ ധനകാര്യ മേലാളരുടെ ചിന്ത. ബി.ജെ.പി. വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ ഇതൊക്കെയേ ഉണ്ടാകൂ.

ബജറ്റിലെ പദ്ധതികളെ പുകഴ്ത്തിപ്പുകഴ്ത്തി വശം കെടുന്നത് മലയാള മാധ്യമങ്ങളാണ്. ഓരോ ചെറിയ പ്രഖ്യാപനങ്ങളും പ്രത്യേക വാര്‍ത്തയാക്കുന്നു എന്നു മാത്രമല്ല, അത് ഇന്ത്യയെ മാറ്റി മറിക്കും എന്നൊക്കെ തട്ടിവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രമുഖരായ പല ഇക്കണോമിസ്റ്റുകളും ചോദിച്ചിരിക്കുന്നത് ഈ വന്‍ പദ്ധതികളൊക്കെ നടപ്പാക്കാന്‍ പണം എവിടെ നിന്നു വരും എന്നാണ് ബജറ്റില്‍ പറയുന്നത് എന്നാണ്. ആവശ്യമായത്ര പണം എവിടെ നിന്നു വരും എന്ന് പറയുന്നില്ല. പിന്നെ, നമുക്കറിയാം എല്ലാ ബജറ്റിലുമുള്ള പദ്ധതികളൊക്കെ പലതും ഗുണം ചെയ്യും, ഏതെങ്കിലും വിഭാഗത്തിന്. ഇത് കോണ്‍ഗ്രസ് ബജറ്റിലും ബി.ജെ.പി. ബജറ്റിലും എല്ലാം സംഭവിച്ചതു തന്നെ. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരായവരെ മുന്‍ നിരയിലെത്തിക്കാനുള്ള എത്ര പദ്ധതികള്‍ ഉണ്ടെന്ന ചോദ്യത്തിന് വിശകലന വിദഗ്ധര്‍ നിഷ്പക്ഷമായ മറുപടി പറയുമോ അതോ ആരെയും വേദനിപ്പിക്കാത്ത ഡിപ്ലോമാറ്റിക് മറുപടി നല്‍കുമോ. രണ്ടാമത്തേതിനേ സാധ്യതയുള്ളൂ. ( പ്രമുഖ മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളെല്ലാം തപ്പി നോക്കി, പക്ഷേ കേരളത്തോടുള്ള കടുത്ത അവഗണന ഒറ്റ തലക്കെട്ടില്‍ പോലും കൊടുത്തു കണ്ടില്ല. വാര്‍ത്തയുടെ വാലറ്റത്ത് ഒരു പരാമര്‍ശം-അത്രേയുള്ളൂ ചിലരുടെ വാര്‍ത്തയില്‍. കടുപ്പിച്ച് പ്രത്യേകം പറഞ്ഞാല്‍ വാല് ചെത്തിക്കളഞ്ഞാലോ !! )

thepoliticaleditor

“അമൃത് കാല്‍” ആണെന്ന് പറയുന്ന കാലത്ത് ആര്‍.എസ്.എസ്. നിര്‍ദ്ദേശം പാലിച്ച് ഇന്ത്യന്‍ മധ്യവര്‍ഗത്തെ താലോലിക്കാന്‍ കേന്ദ്ര ബജറ്റ് ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളില്‍ മിക്കതും ചെന്നു ചേരുന്നതും അവരുടെ കയ്യില്‍ തന്നെയായിരിക്കും എന്നതും പദ്ധതികളുടെ നടപ്പാക്കല്‍ ഗുണം ആര്‍ക്കാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകുകയും ചെയ്യും. ഇന്ത്യയിലെ മധ്യവര്‍ഗമാണ് എക്കാലത്തും സംഘപരിവാറിന്റെ കവാടം. അതിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ ശക്തിപ്രാപിച്ചതും പിന്നീട് പാവപ്പെട്ടവരെ മതവര്‍ഗീയതയുടെ വൈകാരികതലം ഉയര്‍ത്തി സ്വന്തം പാളയത്തിലേക്ക് ആനയിച്ചതും.

കൃഷി മേഖലയില്‍ പറഞ്ഞിരിക്കുന്ന പദ്ധതികള്‍ ഗ്രാമങ്ങളില്‍ ഫലം ചെയ്‌തേക്കാം. വാഹനം പൊളിക്കാനും മാറ്റാനും സഹായം ചെയ്താല്‍, ഹരിത ഇന്ധനത്തിനായി ബാറ്ററി ഘടകങ്ങള്‍ ഇറക്കുമതിക്ക് തീരുവ കുറച്ചാല്‍ അത് ഗ്രാമീണരെ ഉയര്‍ത്തുമോ. ഗ്രാമീണരുടെ വിശപ്പകറ്റുന്നതില്‍, ഗ്രാമീണ,ഇടത്തരം വിപണിയില്‍ പണം ഇറങ്ങുന്നതില്‍ വലിയ പങ്കു വഹിച്ച തൊഴിലുറപ്പു പദ്ധതിയെപ്പറ്റി ധനമന്ത്രി മിണ്ടിയിട്ടേയില്ല.! ഈ പദ്ധതിക്ക് എത്ര തുക നീക്കി വെച്ചിട്ടുണ്ട്.? പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം ഒരു കുടുംബത്തിന് സൗജന്യമായി നല്‍കുന്ന അന്ന യോജന പദ്ധതിക്ക് രണ്ട് ലക്ഷം കോടി നീക്കി വെച്ചതായി പറയുന്നു. ഒരു കുടുംബത്തിന് ഒരു മാസം അഞ്ച് കിലോ ധാന്യം കിട്ടിയാല്‍ അവരുടെ ആവശ്യങ്ങളുടെ എത്ര ശതമാനം നിര്‍വ്വഹിക്കാനാവും. തിരഞ്ഞെടുപ്പിനായി നല്‍കുന്ന ജനപ്രിയ ആനുകൂല്യങ്ങള്‍ ആണിവ. കഴിഞ്ഞ വര്‍ഷം നല്‍കിയത് അടുത്ത വര്‍ഷം വരെ തുടരും. കിറ്റി രാഷ്ട്രീയത്തെ പരിഹസിക്കുന്നവര്‍ ചെയ്യുന്നതും ഇതൊക്കെ തന്നെ.
സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍മാര്‍ഗം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പക്ഷേ എന്തു കൊണ്ട് ഒരു അതിവേഗ വന്ദേ ഭാരത് ട്രെയിന്‍ എങ്കിലും കേരളത്തിന് പ്രഖ്യാപിച്ചില്ല. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയ്ക്ക് 5300 കോടി രൂപയാണ് വരള്‍ച്ച മാറ്റാനുള്ള പദ്ധതിക്കായി ബജറ്റില്‍ പ്രത്യേകം പ്രഖ്യാപിച്ചത്. ബി.ജെ.പി. ഭരിക്കുന്നു, വീണ്ടും ഭരണം നേടാന്‍ കൊതിക്കുന്നു ഇവിടെ.-അതിനാല്‍ ആനുകൂല്യവും ഉണ്ട്. ഇതാണ് യഥാര്‍ഥ ബി.ജെ.പി. ഫെഡറലിസം.
മലയാള മാധ്യമങ്ങളേ…നിങ്ങള്‍ പുകഴ്ത്തല്‍ വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തിനായി ഒരു തലക്കെട്ടിലെങ്കിലും അവഗണന എന്ന് വ്യക്തമായി എഴുതൂ…

Spread the love
English Summary: clear discrimination towards kerala in union budget

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick