കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ സരിത നായരും സ്വപ്‌ന സുരേഷും എല്‍ദോസ് കുന്നപ്പള്ളിയും സൃഷ്ടിച്ച കോളിളക്കങ്ങള്‍ക്കപ്പുറത്ത് അധികാരത്തിന്റെ ആണ്‍ വ്യാമോഹങ്ങള്‍ ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സദാചാരത്തിനു മേല്‍ കോരിയൊഴിക്കുന്ന കരിഓയില്‍ക്കറുപ്പുകളെക്കുറിച്ച് ചിന്തിക്കാന്‍ വീണ്ടും ഒരു സംഭവം കൂടി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ സ്വപ്‌നയോടുളള ചാറ്റുകളായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സന്ദേശങ്ങള്‍ വെറും സ്വകാര്യചാറ്റുകള്‍ എന്നതിലുപരി പ്രതിനിധാനം ചെയ്യുന്നത് അധികാരച്ഛായയിലുള്ളവര്‍ പെണ്ണിനെ എങ്ങിനയാണ് കാണുന്നത് എന്നതാണ്.

ഒരു പെണ്ണിനെ അധികാരത്തിന്റെ ഇടനാഴിയില്‍ ഒത്തു കിട്ടിയാല്‍ ഏത് ആണധികാരിക്കും അവളുടെ മേല്‍ എന്ത് അശ്ലീലവും തോന്നാം എന്നത് വല്ലാത്ത അവസ്ഥയാണ്. സി.എം.രവീന്ദ്രന്റെ തനി അശ്ലീലമാകുന്നത് താന്‍ അധികാര കേന്ദ്രത്തിന്റെ ഭാഗമായതിനാല്‍ പെണ്ണിനോട് തനിക്ക് എന്തും പറയാം, അവള്‍ അതെന്തും സ്വീകരിച്ചോളും, സമ്മതിച്ചോളും എന്ന മാനസികാവസ്ഥ ഉള്ളതിനാലാണ്. ഇത്രയുമെല്ലാം സംഭവിച്ചിട്ടും സി.പി.എം. പോലുള്ള പാര്‍ടിയുടെ ഭാഗമായ അധികാരകേന്ദ്രത്തില്‍ രവീന്ദ്രന്‍ കൂളായി തുടരുന്നതാണ് സമകാലത്തെ ഏറ്റവും വലിയ അശ്ലീലം എന്നേ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് പറയാനാവൂ.
സ്വപ്‌ന പറയുന്നതെല്ലാം സാക്ഷ്യപത്രമെന്ന് കരുതുന്നില്ലെങ്കിലും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെക്കുറിച്ച് അവര്‍ പറഞ്ഞത് കേട്ട് കരണക്കുറ്റിക്കിട്ട് കിട്ടിയതു പോലെയാണ് തോന്നേണ്ടത്. മുന്‍ മന്ത്രി തോമസ് ഐസക് , മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരെ അധികാരത്തിലെത്തിച്ചവര്‍ക്ക് അവരെക്കുറിച്ച് സ്വപ്‌ന പറഞ്ഞതു കേട്ട് എന്താണ് തോന്നേണ്ടത്. ഇവര്‍ക്ക് വോട്ടു ചെയ്തവര്‍ക്ക് എന്താണ് തോന്നേണ്ടത്. ഒരു സ്വപ്‌ന സുരേഷിനെ ഒത്തുകിട്ടിയപ്പോള്‍ എല്ലാവരും സ്വപ്‌നയുടെ പിറകെ- സ്ത്രീ ഒരു വിലപിടിപ്പുള്ള കമ്മോഡിറ്റി തന്നെ!!
സ്വകാര്യ ചാറ്റുകള്‍ പുറത്തു വന്നു എന്നതു കൊണ്ട് സി.എം.രവീന്ദ്രന് നിയമപരമായി ഒരു തിരിച്ചടിയും സംഭവിക്കില്ല. കാരണം സ്വകാര്യ ചാറ്റുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന ലൈഫ്മിഷന്‍ ഫ്‌ലാറ്റ് കേസുമായി എന്ത് ബന്ധം. അല്ലെങ്കില്‍ അതിലെ കോഴയുമായി എന്ത് ബന്ധം. നിയമത്തിന്റെ ദൃഷ്ടിയില്‍ ഇതൊന്നും നിലനില്‍ക്കില്ലായിരിക്കാം. പക്ഷേ രവീന്ദ്രന്റെ ചാറ്റുകള്‍ തിരിച്ചടയാകേണ്ടത് രവീന്ദ്രനെ നിയോഗിച്ച രാഷ്ട്രീയാധികാരത്തിന്റെ അകത്തളത്തിലാണ്. ഇത്തരം തിരിച്ചടികള്‍ തിരിച്ചറിവായി സമൂഹത്തിന് നല്ല സന്ദേശം നല്‍കാന്‍ ബാധ്യതയുള്ള പാര്‍ടികള്‍ അത് ചെയ്യുമോ എന്നതാണ് ചോദ്യം.