Categories
kerala

അനില്‍ ആന്റണിക്ക് മനസ്സിലാവാത്ത മാധ്യമ ചിന്തകള്‍

സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ പിന്നെ അതില്‍ മാധ്യമങ്ങള്‍ക്ക് മറിച്ചൊരു സംശയവും പറഞ്ഞുകൂടാ അല്ലെങ്കില്‍ വിലയിരുത്തല്‍ നടത്തിക്കൂടാ എന്ന സംഘപരിവാറിന്റെ അംസബന്ധ വ്യാഖ്യാനത്തിന് അനില്‍ ആന്റണി എന്ന യുവ കോണ്‍ഗ്രസ് നേതാവ് നിന്നുകൊടുക്കരുതായിരുന്നു. കോടതി വിധികളെ പോലും വിമര്‍ശിക്കാന്‍ പൗരന് അവകാശമുളള രാജ്യമാണ് ഇന്ത്യ. കോടതി വിധി പറഞ്ഞാലും ജനങ്ങള്‍ സംഭവങ്ങളെക്കുറിച്ച് സംസാരിക്കും, മാധ്യമങ്ങള്‍ പ്രസക്തമായ കാര്യങ്ങള്‍ ഏതു കാലത്തും പറഞ്ഞുകൊണ്ടിരിക്കും. ബാബരി മസ്ജിദ് കേസ് വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായി എന്നതിനാല്‍ ഇനി ബാബരി മസ്ജിദ് തകര്‍ത്തതിനെ പറ്റി ഇനി ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ നടക്കുമോ. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ആരെങ്കിലും പറയാതിരിക്കുമോ. ജസ്റ്റിസ് ലോയ മരണപ്പെട്ട കേസ് അവസാനിച്ചെങ്കിലും ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെപ്പറ്റി മാധ്യമങ്ങളോ ജനങ്ങളോ മിണ്ടാതിരിക്കുമോ. ഗുജറാത്ത് വംശീയഹത്യാകേസിലുള്ള പല പ്രതികളെയും വെറുതെ വിട്ടത് കോടതിയാണ്. എന്നു വെച്ച് ആ അരുംകൊലകളെക്കുറിച്ച് മിണ്ടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ നടക്കുമോ. മാധ്യമങ്ങള്‍ അത് ലോകത്തെവിടെയായാലും ലോകത്തിലെ എവിടെയുള്ള സംഭവത്തിലും ലഭിക്കുന്ന പുതിയ വിവരങ്ങളോ തെളിവുകളോ വെളിപ്പെടുത്തലുകളോ വെച്ച് വാര്‍ത്തകള്‍ പുതുക്കിക്കൊണ്ടിരിക്കും. അതില്‍ അസ്വാഭാവികമായി എന്താണുള്ളത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വിക്രിയകളെക്കുറിച്ചും പാകിസ്താനിലെയും ചൈനയിലെയും ക്യൂബയിലെയും അമേരിക്കയിലെയും ഇറാനിലെയും റഷ്യയിലെയുമൊക്കെ സര്‍ക്കാരുകളുടെ ചെയ്തികളെക്കുറിച്ചും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കാമെങ്കില്‍ ഇന്ത്യയിലെ വാര്‍ത്ത ബിബിസി നല്‍കിയതില്‍ എന്താണ് കുറ്റം കാണാന്‍ കഴിയുക. നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ അത് എങ്ങിനെയാണ് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുക. സുപ്രീം കോടതി ഒരു കേസില്‍ വിധി പറഞ്ഞെന്നു വെച്ച് ആ വിധിയെ ഉള്‍പ്പെടെ വിമര്‍ശിക്കാന്‍ ലോകമാധ്യമങ്ങള്‍ക്ക് എവിടെയാണ് വിലക്കുള്ളത്. ബിബിസിക്ക് ബ്രിട്ടീഷ് താല്‍പര്യമുണ്ടെങ്കില്‍ ഏത് മാധ്യമത്തിനാണ് ഈ ലോകത്തില്‍ സ്വന്തം താല്‍പര്യങ്ങളില്ലാത്തത്-അനില്‍ ആന്റണി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അനില്‍ ആന്റണി തന്നെ ഭാവിയില്‍ മറുപടിയും പറയേണ്ടിവന്നേക്കാം.
ഗുജറാത്ത് കൂട്ടക്കൊല രണ്ട് ദശാബ്ദം കഴിഞ്ഞിട്ടും നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുടരുന്നുണ്ടെങ്കില്‍ അതിന് അതിന്റെതായ കാരണവും ഉണ്ടാകും. എന്തുകൊണ്ടാണ് അന്ന് പ്രധാനമന്ത്രിയായ എ.ബി.വാജ്‌പേയ് ഗുജറാത്ത് മുഖ്യമന്ത്രിയെ രാജധര്‍മം ഓര്‍മിപ്പിക്കുകയും രാജി ചോദിക്കാന്‍ ഒരുങ്ങുകയും ചെയ്തത്. സഞ്ജീവ് ഭട്ടും ആര്‍.ബി.ശ്രീകുമാറും ബില്‍ക്കിസ് ബാനുവും എല്ലാം പറഞ്ഞതിലെ നഗ്നസത്യങ്ങള്‍ ഒരു കോടതി വിധിയുടെ രേഖ കൊണ്ട് റദ്ദാക്കാന്‍ കഴിയുമോ. മാധ്യമങ്ങള്‍ അവ ചിലപ്പോള്‍ ഇനിയും ദശാബ്ദങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കാം. ഉയര്‍ന്നുകത്തുന്ന സൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാന്‍ സാധ്യമാകുമോ.
ഗുജറാത്ത് വംശീയകലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് അവരുടെ ഡിപ്ലോമാറ്റുകള്‍ അന്വേഷിച്ച് സമര്‍പ്പിച്ച ഔദ്യോഗിക രേഖ–അത് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയതല്ല, അവരുടെ അകത്തള രേഖയാണത്– കയ്യില്‍ കിട്ടിയ ബിബിസി അത് വാര്‍ത്തയാക്കിയത് മാധ്യമ ധര്‍മം മാത്രമാണ്. ആ വാര്‍ത്തയില്‍ കഴമ്പില്ലെങ്കില്‍ അതിനെതിരെ പ്രധാനമന്ത്രി മുതല്‍ ആര്‍ക്കു വേണമെങ്കിലും രംഗത്തു വരാമെന്നിരിക്കെ എന്തുകൊണ്ടാണതിന് മുതിരാതെ വാര്‍ത്തയെ തന്നെ നിരോധിച്ചത്. ആ വാര്‍ത്ത കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടരുത് എന്ന ആഗ്രഹമാണതിനു പിന്നില്‍. മുഖം നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ് നിരോധനം നേരിടുക. അത് മാത്രമാണ് വിഷയം. അല്ലാതെ പരമാധികാരവും പക്ഷപാതവും ഒന്നുമല്ല. ചൈനയിലെ ജനാധിപത്യ സമരമോ കൊവിഡ് പകര്‍ച്ചയുടെ റിപ്പോര്‍ട്ടുകളോ അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തോന്ന്യാസമോ മറ്റൊ ആണ് വിഷയമെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ കാണിക്കുന്ന ആവേശം തീര്‍ച്ചയായും ഗുജറാത്തിലെ കൂട്ടക്കൊലയുടെ പിന്നാമ്പുറക്കഥകള്‍ ചര്‍ച്ച ചെയ്യാനും കാണിക്കേണ്ടതുണ്ട് മാധ്യമങ്ങളും മനുഷ്യരും. ബിബിസി ചെയ്തത് യഥാര്‍ഥത്തില്‍ ഇന്നത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതും ഭയപ്പെടുന്നതുമാണ്. ഭയപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള ആയുധം ഇത്തരം വാര്‍ത്തകളാണ്.

Spread the love
English Summary: THOUGHTS OF ANIL ANTONY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick