Categories
opinion

ജനപക്ഷ നീതിയുടെ ശബ്ദമോ ബി.വി.നാഗരത്നയുടേത് ?

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം വായിച്ചവര്‍ നീതിയുടെ ശബ്ദം എങ്ങിനെയാണ് ഭരണകൂടത്തിന്റെ ഇംഗിതത്തിന് ചേര്‍ന്നു പോകുന്നതാകുന്നത് എന്നത് തിരിച്ചറിഞ്ഞതാണ്. ബാബരി പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്ന വിധിയില്‍ പക്ഷേ അത് തകര്‍ത്തവരെയും നേതൃത്വം നല്‍കിയവരെയും ഗൂഢാലോചന നടത്തിയവരെയും വെറുതെ വിടുന്ന പരിഹാസ്യമായ വിധി പറച്ചിലിനാണ് സാക്ഷ്യം വഹിച്ചത്.


കഴിഞ്ഞ ദിവസം നോട്ടുനിരോധന കേസില്‍ സുപ്രീംകോടതി പറഞ്ഞ ഭൂരിപക്ഷ വിധിയും ഓര്‍മിപ്പിക്കുന്നത് ബാബരി പള്ളി-രാമജന്‍മഭൂമി കേസ് വിധിയാണ്. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഗവായ് വായിച്ച വിധിയോട് ബാക്കി മൂന്നു പേര്‍ യോജിച്ചപ്പോള്‍ വിയോജനവിധി വായിച്ച ബി.വി.നാഗരത്‌നയുടെ നിരീക്ഷണങ്ങള്‍ ഒരു പക്ഷേ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ക്കൊപ്പം നിഷ്പക്ഷ നീതി തേടുന്ന എല്ലാ വിഭാഗം മനുഷ്യരും നെഞ്ചേറ്റി സ്വീകരിക്കുന്നതായിരുന്നു. നോട്ടു നിരോധനത്തെ അനുകൂലിച്ച് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി ആരുടെ മുഖം രക്ഷിച്ചു എന്ന് ചിന്തിച്ചാല്‍ മതി, ജസ്റ്റിസ് നാഗരത്‌നയുടെ വിധിയുടെ ആന്തരാര്‍ഥവും യഥാര്‍ഥ നീതിയുടെ അര്‍ഥവും തിരിച്ചറിയാന്‍. പരമോന്നത നീതി പീഠം വിധിപറയുന്നത് ഒരു പരാതിയുടെ എല്ലാ വശങ്ങളും നിഷ്പക്ഷ നിലയില്‍ പരിശോധിച്ചും ഭരണകൂടത്തിന്റെ ചെയ്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശരിയായി വിലയിരുത്തിക്കൊണ്ടും തന്നെയാണോ എന്ന സംശയം ബലപ്പെടുത്തുന്നതായി മാറിയിരിക്കയാണ് നോട്ടു നിരോധനക്കേസിലെ സര്‍ക്കാര്‍ അനുകൂല വിധി.

thepoliticaleditor

ഇവിടെയാണ് ജസ്റ്റിസ് നാഗരത്‌ന ഇന്ത്യയുടെ ശരിയായ നീതിബോധത്തിന്റെ ശബ്ദമായി ഉയര്‍ന്നു നില്‍ക്കുന്നത്.
നോട്ടു നിരോധനം പോലുള്ള ഒരു സുപ്രധാന കാര്യം നടപ്പാക്കിയതിലെ രാഷ്ട്രീയമായ അധാര്‍മികതയെ ചോദ്യം ചെയ്തത് ജസ്റ്റിസ് നാഗരത്‌ന മാത്രമാണ്. പാര്‍ലമെന്റിനെയും റിസര്‍വ്വ ബാങ്കിനെയും നോക്കുകുത്തിയാക്കി നടത്തേണ്ടതായിരുന്നില്ല നോട്ടുനിരോധനമെന്നു അവര്‍ അസന്നിഗ്ധമായി പറഞ്ഞു. കേവലം വിജ്ഞാപനം ഇറക്കി രഹസ്യമായി ചെയ്യേണ്ട കാര്യമായിരുന്നില്ല 500,.1000 നോട്ടുകള്‍ മുഴുവനായി നിരോധിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ സ്വതന്ത്രമായ ആലോചന ഇക്കാര്യത്തിലുണ്ടായില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം അവര്‍ അനുസരിക്കുക മാത്രമായിരുന്നു. ആര്‍.ബി.ഐ.യുടെ സ്വതന്ത്രസ്വഭാവം നശിപ്പിച്ച നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്-ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.


നോട്ടു നിരോധനം ആവശ്യമായിരുന്നു എന്ന് വിധിച്ച ജസ്റ്റിസുമാരായ ബി.ആർ..ഗവായ്, എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്‌മണ്യന്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവര്‍ അതിന് ന്യായമായി പറഞ്ഞത് കള്ളപ്പണം തടയുക, തീവ്രവാദ ഫണ്ടിംഗ് തടയുക എന്നീ ലക്ഷ്യങ്ങള്‍ നോട്ടു നിരോധനത്തിന് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ വെറും ഭാവനാത്മകം മാത്രമായിരുന്നു എന്നതിന് ജസ്റ്റിസ് നാഗരത്തനയുടെ ന്യൂനപക്ഷ വിധിയില്‍ ധാരാളം വസ്തുതകള്‍ നിരന്നു നില്‍ക്കുന്നുണ്ട്. ആറു വര്‍ഷത്തിനു ശേഷം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. നോട്ടു നിരോധനം വരുന്ന ഘട്ടത്തില്‍ വിനിമയത്തിലുണ്ടായിരുന്നത് 17.74 ലക്ഷം നോട്ടുകളായിരുന്നെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിച്ചു എന്ന പറയുമ്പോഴും 2023-ലെ റിസര്‍വ്വ് ബാങ്കു റിപ്പോര്‍ട്ടനുസരിച്ച് 32.42 ലക്ഷം നോട്ടുകള്‍ ഇപ്പോള്‍ വിനിമയത്തിലുണ്ട്. അതായത് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ മാറുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അവകാശവാദവും തള്ളിക്കളയുന്ന കണക്കാണിത്.
നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന ലക്ഷ്യവും പാളിയതിന് തെളിവ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ്. 2016-നു ശേഷം 245.33 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. നോട്ടു നിരോധനം നടപ്പാക്കും മുമ്പ് 2016-ല്‍ 15.92 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ 2020-ല്‍ പിടിച്ചത് 92.17 കോടിയുടെ കള്ളനോട്ടും 2021-ല്‍ 20.39 കോടിയുടെതുമാണ്!!. നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എല്ലാം പാളിയെന്ന് തെളിഞ്ഞിട്ടും സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയില്‍ പറയുന്നത് കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നതു കൊണ്ട് നോട്ടു നിരോധനം അസാധു എന്ന് പറയാനാവില്ല എന്നാണ്!. കുറച്ചാളുകള്‍ എന്നതു കൊണ്ട് ന്യായാധിപര്‍ ഉദ്ദേശിച്ചത് ആരെയാണ്. നോട്ടു നിരോധനം ഇരുട്ടടിയായി ബാധിച്ചത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയാണ്, എല്ലാ തരം ബിസിനസ്സുകളെയാണ്, കാര്‍ഷിക മേഖലയെ ആകെയാണ്. എല്ലാ തൊഴില്‍ മേഖലയെയും വൈറസ് പോലെ ബാധിച്ച നോട്ടു നിരോധനം കുറച്ചാളുകളെ മാത്രം ബുദ്ധിമുട്ടിച്ചു എന്ന് ഭൂരിപക്ഷ വിധിയില്‍ വിലയിരുത്തിയതിലെ പരിഹാസ്യത വ്യക്തമാകുകയാണ്.
ഭരണഘടനാപരമായതും നിയമപരമായതുമായ പിഴവുകള്‍ നോട്ടു നിരോധനത്തില്‍ ഇല്ല എന്ന് ഭൂരിപക്ഷ വിധിയില്‍ പറയുമ്പോള്‍ ജസ്റ്റിസ് നാഗരത്‌നയുടെ വിലയിരുത്തലില്‍ അതിന് കൃത്യമായ മറുപുറ ചിന്ത വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ജനങ്ങളുടെ പ്രതീകം തന്നെയായ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയതിനെ ചോദ്യം ചെയ്യുന്ന ന്യൂനപക്ഷ വിധിന്യായത്തില്‍ റിസര്‍വ്വ് ബാങ്ക് എന്ന ഭരണഘടനാപരമായി നിലവിലിരിക്കുന്ന സ്ഥാപനത്തിന്റെ സ്വതന്ത്രാധികാരം കവര്‍ന്ന നടപടിയെയും വിമര്‍ശിക്കുന്നു.
നോട്ടു നിരോധനകേസിലെ യഥാര്‍ഥ വിധി, യാഥാര്‍ഥ്യങ്ങള്‍ നിഷ്പക്ഷമായി പരിശോധിച്ചുള്ള വിലയിരുത്തല്‍ ആരുടെതാണ് എന്ന് പകല്‍ പോലെ വ്യക്തമാക്കുന്നതാണ് ഇക്കാര്യത്തില്‍ ജസ്റ്റിസ് നാഗരത്‌നയുടെ ന്യൂനപക്ഷ വിധി. ഭരണകൂടത്തെ തൃപ്തിപ്പെടുത്തുന്ന അഥവാ അതിനെ സമ്മര്‍ദ്ദത്തിലാക്കാത്ത വിധികള്‍ തുടര്‍ച്ചയായി പരമോന്നത നീതിപീഠത്തില്‍ നിന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നതായി നിയമജ്ഞരായ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ ദുര്‍ബലമാക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന വിമര്‍ശനവും ആശങ്കയും പലരും പങ്കുവെക്കുന്നുമുണ്ട്. നോട്ടു നിരോധനവിധി അതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

Spread the love
English Summary: supreme court verdict on demonistisation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick