സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം തന്നെ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു.

മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകൾ തന്നെ സജി ചെറിയാനു ലഭിക്കുമെന്നാണ് സൂചന. ഫിഷറീസ് വി.അബ്ദുറഹിമാനും സാംസ്‌കാരികം വി.എൻ.വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്കു താൽക്കാലികമായി പുനർവിന്യസിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ അംഗീകരിച്ചിരുന്നു. തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന സന്ദേശവും ഗവർണർ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് ആണ് ഗവർണറുടെ മയപ്പെടലിനു കാരണമായത്.