Categories
kerala

പലരും തിരിച്ചറിഞ്ഞിട്ടില്ല, തരൂരിന്റെ യഥാര്‍ഥ തന്ത്രം

സംസ്ഥാനത്ത് മുഖ്യമന്ത്രിയാവാനും സംസ്ഥാനത്തെ നിലവിലുള്ള പാര്‍ലമെന്ററി നേതാക്കളെ മാറ്റി സ്വയം പ്രതിഷ്ഠിക്കാനുമാണ് ശശി തരൂര്‍ ഇപ്പോള്‍ സമുദായ നേതൃത്വത്തിന്റെ പിന്തുണ വാങ്ങി ശ്രമിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നാം. എന്നാല്‍ അതിനപ്പുറമാണ് തരൂരിന്റെ ശരിയായ ലക്ഷ്യം. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ സ്വാധീനമില്ലാത്ത തരൂരിന് ഒരിക്കലും സംസ്ഥാന നേതൃത്വത്തിന്റെ ആനുകൂല്യമില്ലെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നായകനാകുക അസാധ്യമാണ്. ഉപരിതലത്തിലുള്ള ആരാധനാവൃന്ദമല്ല ആഴത്തിലുള്ള ഗ്രൂപ്പ് വേരുകളാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ശരിയായ സ്വാധീന ഘടകം. തരൂരിന് ഇത് അറിയാം എന്നതിനാലാണ് അദ്ദേഹം നായര്‍, മുസ്ലീം, ക്രിസ്ത്യന്‍ സമുദായ നേതൃത്വത്തിന് അഭിമതനാവാനും ആരാധ്യനാവാനും യത്‌നിക്കുന്നത്. അതു വഴി കോണ്‍ഗ്രസിന്റെ നേതാക്കളില്‍ പരിഭ്രമം സൃഷ്ടിക്കാനും അങ്കലാപ്പുണ്ടാക്കാനും കഴിയുമെന്ന് തരൂരിന്റെ ബുദ്ധി കണക്കുകൂട്ടി. ഒപ്പം എ-ഗ്രൂപ്പിന്റെ പിന്തുണയും തനിക്കുണ്ടെന്ന് വരുത്താനും അദ്ദേഹത്തിന് സാധിക്കുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് താല്‍പര്യക്കുറവ് കാണിച്ചാല്‍ ഈ എ-ഗ്രൂപ്പെല്ലാം തരൂരിനെ കൈവിടുമെന്നതാണ് യാഥാര്‍ഥ്യം. ചുരുക്കത്തില്‍ ദേശീയ നേതൃത്വം പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി താല്‍പര്യം കാണിച്ചാലല്ലാതെ ശശി തരൂരിന് കേരളത്തിലെ പാര്‍ലമെന്‌റി രാഷ്ട്രീയത്തില്‍ ഒരു തരത്തിലുള്ള എന്‍ട്രിയും സാധ്യമല്ല. അത് അറിയാവുന്നതിനാലാണ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തരൂരിന്റെയടക്കം ആരുടെ കാര്യവും തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ് എന്ന രീതിയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കെ.മുരളീധരനുമൊന്നും ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം നോക്കാതെ തരൂരിന് പിന്തുണ തുടരുകയില്ല എന്നത് പകല്‍ പോലെ വെളിവാകുന്ന കാര്യമാണ്.

ഇത്രയുമെല്ലാം തരൂരിന് അറിയില്ല എന്ന് പറയാനാവില്ല. എന്നിട്ടും എന്തിനാണ് തരൂര്‍ ഈ കളി കളിക്കുന്നത്. കോണ്‍ഗ്രസിനെ പരമ്പരാഗതമായി ഏറെ പിന്തുണയ്ക്കുന്ന മൂന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ ആത്മീയ, രാഷ്ട്രീയ നേതൃത്വങ്ങളെ അങ്ങോട്ടു പോയി കണ്ട് അവരില്‍ നിന്നും തനിക്ക് അനുകൂലമായ പ്രസ്താവനകള്‍ ഉണ്ടാക്കിയെടുക്കുന്നതിനു പിറകിലുള്ളത് നിലവിലുള്ള സംസ്ഥാന നേതാക്കളെ അമ്പരപ്പിക്കുകയെന്നതാണ്. അതിന്റെ ലക്ഷ്യമാകട്ടെ സംസ്ഥാനത്തിനപ്പുറത്തേക്കുള്ളതു കൂടിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സംസ്ഥാനത്തേക്കുള്ള വെറുമൊരു കൂടുമാറ്റമല്ല തരൂരിന്റെ ഉന്നം. ഇരുതലയുളള തന്ത്രമാണ് അത്. ദേശീയ നേതൃത്വത്തിന് ഇപ്പോള്‍ തരൂര്‍ അതീവ താല്‍പര്യമുളള ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആളല്ലാത്തതിനാല്‍ ദേശീയ തലത്തില്‍ വലിയ സ്ഥാനങ്ങളിലേക്ക് പെട്ടെന്ന് പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹത്തിന് തോന്നലുണ്ട്. റായ്പൂരില്‍ നടക്കാനിരിക്കുന്ന പ്ലീനറി സമ്മേളനം തരൂരിന്റെ പ്രധാന നോട്ടത്തിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തുമോ എന്നതാണ് അത്. അങ്ങിനെ ചെയ്താല്‍ തരൂര്‍ നിലവില്‍ ആഗ്രഹിക്കുന്ന മികച്ച പരിഗണനയും പദവിയുമായിരിക്കും അത്. സ്വാഭാവികമായി അത് പരിഗണിക്കപ്പെടാത്ത അവസ്ഥ ഇപ്പോഴുണ്ട്. അതിനാല്‍ അതിലേക്ക് പാര്‍ടിയുടെ ഉന്നത നേതൃത്വത്തെ എത്തിക്കുക എന്നതാണ് തരൂര്‍ ഇപ്പോള്‍ കളിക്കുന്ന കളിക്കു പിന്നിലെ കാര്യം. തന്നെ ദേശീയതലത്തില്‍ താന്‍ ആഗ്രഹിക്കുംവിധം പരിഗണിച്ചില്ലെങ്കില്‍ കേരളത്തില്‍ തനിക്ക് ചിലതെല്ലാം ചെയ്യാനാവുമെന്നും അത് ഇവിടുത്തെ നേതാക്കള്‍ക്ക് ചില തടസ്സങ്ങള്‍ വരുത്തിവെക്കുമെന്നും തരൂര്‍ പറയാതെ പറയുകയാണ്.

ഒടുവില്‍ കേരളത്തില്‍ ഇടപെടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ദേശീയ തലത്തിലേക്ക് തരൂരിനെ അയക്കുക എന്ന ധാരണയിലേക്ക് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ എത്തിക്കുക എന്ന തന്ത്രമാണ് തരൂര്‍ പയറ്റുന്നത്. ദേശീയ തലത്തില്‍ തനിക്ക് നല്ല ബര്‍ത്ത് നല്‍കാനായി കേരളത്തിലെ നേതാക്കളുടെ ശുപാര്‍ശ ഉണ്ടാക്കിയെടുക്കുക എന്ന തന്ത്രം. നേരത്തെ വി.ഡി.സതീശന്‍ ശശി തരൂരിന് പിന്തുണ നല്‍കിയത് അദ്ദേഹം ദേശീയ തലത്തില്‍ ഇരിക്കുമെന്ന ഉദ്ദേശ്യത്തിലായിരുന്നു. ഇപ്പോള്‍ ആ പിന്തുണ സതീശന്‍ നല്‍കുന്നില്ല. 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പോലും തരൂരിന് സ്വന്തം മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വം ആദ്യഘട്ടത്തില്‍ വലിയ പിന്തുണ നല്‍കാതിരുന്നതും പിന്നീട് തരൂര്‍ പരസ്യമായി പരാതിപ്പെട്ടതിനു ശേഷം ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചപ്പോള്‍ മാത്രം ഇവിടത്തെ പാര്‍ടി സംവിധാനം പ്രവര്‍ത്തിച്ചതും തരൂരിന് മറക്കാനാവില്ല. 2024-ലും തരൂര്‍ ലോക്‌സഭയിലേക്ക് തന്നെയാണ് പോകേണ്ടത് എന്ന ചിന്തയാണ് കേരളത്തിലെ നേതാക്കള്‍ക്ക്. പക്ഷേ താന്‍ നിയമസഭയിലേക്കും നിന്നേക്കും എന്ന് തരൂര്‍ പറയുന്നതിനു പിന്നില്‍ കേരള നേതാക്കളെ ആശങ്കപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ്.
ഒടുവില്‍ തരൂരിനെ ദേശീയ തലത്തിലുള്ള പദവിക്ക് പിന്തുണയും സമ്മര്‍ദ്ദം ചെലുത്തലും ആകാം, പകരം സംസ്ഥാനത്തു നിന്നും മാറി നില്‍ക്കണം എന്ന ഫോര്‍മുലയിലേക്ക് എത്തിക്കുക എന്നത് തരൂര്‍ മനസ്സില്‍ കാണുന്നുണ്ട്. അതിനുളഅള മണ്ണൊരുക്കലും മണ്ണിളയ്ക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ തലത്തില്‍ തനിക്ക് അഭിലഷണനീയ പദവിക്കായി നിങ്ങള്‍ തനിക്കു വേണ്ടി പറഞ്ഞില്ലെങ്കില്‍, തനിക്കൊപ്പം സംസ്ഥാന പാര്‍ടി നിന്നില്ലെങ്കില്‍ താന്‍ സംസ്ഥാനത്ത് നിങ്ങള്‍ക്ക് ഭീഷണിയായി മുന്നോട്ടു വരുമെന്ന സന്ദേശം ശശി തരൂര്‍ ഭംഗിയായി മുന്നോട്ടു വെച്ചു കഴിഞ്ഞിരിക്കുന്നു.

ഈ സമവായ സമവാക്യത്തിന് കേരളത്തിലെ നേതൃത്വത്തിന് സമ്മതിച്ചേ മതിയാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കാരണം അടുത്ത ഭരണം 2026-ല്‍ ഏതു വിധേനയെങ്കിലും കയ്യില്‍ കിട്ടാനും മുഖ്യമന്ത്രിയാകാനും കുപ്പായം തയ്പിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ മൂന്നില്‍ കൂടുതലുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് വോട്ടുബാങ്ക് തന്നോടൊപ്പമുണ്ട് എന്ന സന്ദേശം ഏത് കേരള നേതാവിനെയാണ് ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കാത്തത്! ഞങ്ങള്‍ തരൂരിനൊപ്പമാണ് എന്ന കോറസ് പാട്ട് കേരള നേതാക്കളില്‍ നിന്നും രാഹുല്‍ഗാന്ധിയുടെ മുന്നിലേക്കെത്താന്‍ തരൂര്‍ ഒരുക്കിയ തന്ത്രം മനോഹരമല്ലേ.

Spread the love
English Summary: REAL STRATEGY OF SASHI THAROOR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick