Categories
kerala

“മാണിഗ്രൂപ്പുകാരെ തല്ലിയ” ബിനുവിനെ പാലാ നഗരസഭാ ചെയർമാനാക്കാതെ സിപിഎം

മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസിന്റെ തലസ്ഥാനമെന്ന് പറയാവുന്ന പാലായില്‍ സിപിഎമ്മിന് നോക്കേണ്ടത് കേരളകോണ്‍ഗ്രസിന്റെ ഇഷ്ടം തന്നെ. മാണിഗ്രൂപ്പിനെ പിണക്കി സ്വന്തം പാര്‍ടിയുടെ പാര്‍ലമെന്‌റി പാര്‍ടി ചെയര്‍മാന്‍ കൂടിയായ നേതാവിന് പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല.

ബി.ജെ.പി.യില്‍ നിന്നും സമീപകാലത്ത് സിപിഎമ്മിലേക്ക് വന്ന ബിനു പുളിക്കകണ്ടത്തെയാണ് സി.പി.എം.മാറ്റി നിര്‍ത്തിയത്. പാലാ നഗരസഭയില്‍ സിപിഎമ്മിന്റെ ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു. എന്നാല്‍ ഇന്നു നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബിനുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തെ മാണി ഗ്രൂപ്പിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റേണ്ടിവന്നു. ഏറെ മുന്‍പ് നഗരസഭയില്‍ നടന്ന കയ്യാങ്കളിയില്‍ മാണിഗ്രൂപ്പംഗത്തിനെ തല്ലിയെന്ന ആരോപണത്തിന് വിധേയനാണ് ബിനു. അതുകൊണ്ടു തന്നെ മാണിഗ്രൂപ്പിന് ഒരു തരത്തിലും ബിനുവിനെ അംഗീകരിക്കാന്‍ കഴിയില്ല.

thepoliticaleditor

ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് തന്നെയെന്ന് മാണികേരള കോണ്‍ഗ്രസ് അംഗീകരിക്കുമ്പോഴും ബിനുവിനെ പറ്റില്ലെന്ന വാശിയാണ് അവര്‍ പ്രകടിപ്പിച്ചത്. ഒടുവില്‍ സിപിഎമ്മിന് ജോസ് കെ.മാണിയെ പിണക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ ബിനുവിനെ തഴയേണ്ടിവന്നു. സി.പി.എം. സ്വതന്ത്ര ജോസിന്‍ ബിനോ ആണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. 25-ല്‍ 17 വോട്ടും നേടിയാണ് ജോസിന്‍ ജയിച്ചത്.
ബിനു പുളിക്കകണ്ടത്തിനെ ഒഴിവാക്കാന്‍ ഉന്നത തല നേതൃത്വം തീരുമാനമെടുത്തതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പ് നിലനില്‍ക്കെ തന്നെയാണ് അവര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് കീഴ്‌പെട്ടതും.

താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം ജോസിനെ തെരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ലെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു.

ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന്‍ ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസിന്‍ ബിനോ പറഞ്ഞു.

Spread the love
English Summary: pala municipality chairman election cpm strategy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick