Categories
kerala

നരേന്ദ്രമോദിയെ പ്രശംസിച്ച വിവാദനായകന്‍…ഇനി ഡല്‍ഹിയില്‍ കേരളത്തിന്റെ
‘അംബാസഡര്‍’

നരേന്ദ്രമോദിയെ പ്രശംസിച്ച് സ്വന്തം പാര്‍ടിയില്‍ വിവാദമുയര്‍ത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന് ഡെല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ചുമതല നല്‍കി പിണറായി വിജയന്‍ ഭരണകൂടം. ഡെല്‍ഹിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു പരിചയവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായ അടുപ്പവും ഉള്ള തോമസിന് സംസ്ഥാന സര്‍ക്കാരിന്റെ അംബാസഡര്‍ ആയി ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുമെന്നതാണ് നിയമനത്തിനു പിന്നിലെ തന്ത്രം. ഒപ്പം കുറേക്കാലമായി ഇടതുപക്ഷത്തോടൊപ്പം വേദികള്‍ പങ്കിടുകയും പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്യുന്ന തോമസിന് തൃപ്തികരമായ പദവി നല്‍കിയെന്ന കാര്യവും സാധിക്കുന്നു.

നേരത്തെ മുന്‍ എം.പി. എ.സമ്പത്ത് ഡെല്‍ഹിയില്‍ വഹിച്ചിരുന്ന അതേ സ്ഥാനമാണ് ഇപ്പോള്‍ കെ.വി. തോമസിന് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് കെ.കരുണാകരന്റെ കാലത്ത് പ്രബലനായിരുന്ന കെ.വി.തോമസ് കോണ്‍ഗ്രസുമായി പിണങ്ങിപ്പിരിഞ്ഞത്. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ടാക്കിയെങ്കിലും തോമസ് തൃപ്തനായിരുന്നില്ല. നിയമസഭാ സീറ്റിലേക്ക് പരിഗണിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും ടിക്കറ്റ് നല്‍കിയില്ല. അതോടെ ഒരു സമ്മര്‍ദ്ദതന്ത്രമെന്ന നിലയില്‍ തോമസ് ഇടതുപക്ഷ സര്‍ക്കാരിനും പിണറായി വിജയന്റെ ഭരണരീതികള്‍ക്കും അനുകൂലമായി സംസാരിച്ചു തുടങ്ങി.

thepoliticaleditor

കണ്ണൂരില്‍ നടന്ന സി.പി.എം. ദേശീയസമ്മേളനത്തിന്റെ സുപ്രധാനമായ ഒരു സെമിനാര്‍വേദിയില്‍ തോമസ് പ്രസംഗിക്കാനെത്തി കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കി. കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകാലത്തും ഇടതുമുന്നണി സ്ഥാനാര്‍ഥിക്കായി കെ.വി.തോമസ് പ്രചാരണം നടത്തി. ഇതോടെ പാര്‍ടിയില്‍ നിന്നും ഔപചാരികമായി പുറത്തു പോകാതെ തന്നെ തോമസ് കോണ്‍ഗ്രസ് വിട്ടതു പോലെയായി.

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. തോററതോടെ ഇടതു പക്ഷവും തോമസിന് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ഇരിക്കയായിരുന്നു. തൃക്കാക്കരയില്‍ കെ.വി.തോമസ് എന്ന ക്രിസ്ത്യാനിയും ഏറണാകുളത്തെ പ്രമുഖനുമായ കോണ്‍ഗ്രസ് നേതാവിന്റെ സ്വാധീനം ഇടതു സ്ഥാനാര്‍ഥിക്ക് നേട്ടമുണ്ടാക്കുമെന്നാണ് സിപിഎം വിചാരിച്ചിരുന്നതെങ്കിലും ‘തോമസ്ഘടക’ മൊന്നും മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടില്‍ പിളര്‍പ്പുണ്ടാക്കിയില്ല എന്ന് പിന്നീട് വ്യക്തമായി. തോമസിന്റെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിച്ചതു പോലെയായെന്ന് ആളുകള്‍ കരുതിത്തുടങ്ങിയ കാലമാണിപ്പോള്‍. എന്നാല്‍ വീണ്ടും മികച്ച ഒരു പദവി നല്‍കി ഇടതുമുന്നണി സര്‍ക്കാര്‍ തോമസിനോട് നന്ദി കാണിച്ചിരിക്കയാണ് എന്നു പറയാം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ മുഖങ്ങളില്‍ ഒന്നായിരുന്ന കെ.വി.തോമസിനെ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി ഡെല്‍ഹിയില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎമ്മിന് അത് കൂടുതല്‍ രാഷ്ട്രീയമാധുര്യവും നല്‍കുന്നുണ്ട്.

Spread the love
English Summary: new post for former congress leader kv thomas

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick