Categories
kerala

ബാലാവകാശ കമ്മീഷന്‍ കോമഡിയായി മാറരുത് !

സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സംവിധാനമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കമ്മീഷനെ വാര്‍ത്തകളില്‍ നിര്‍ത്തുന്ന രണ്ട് ഉത്തരവുകള്‍ അടുത്ത ദിവസങ്ങളില്‍ ‘പുറപ്പെട്ടു.’ അധ്യാപകരെ ഇനി ടീച്ചര്‍ എന്നു മാത്രം വിളിക്കണം എന്നതാണ് ഇന്നലെ വന്ന ഉത്തരവ്. സാര്‍, മാഡം എന്നീ വിളികളൊന്നും ഇനി പാടില്ലെന്ന നിര്‍േദ്ദശവും നല്‍കിയിരിക്കുന്നു. കേരളത്തിലെ കുട്ടികളുടെ ഏത് അവകാശത്തിന്‍മേല്‍ ലംഘനം സംഭവിച്ചതു കൊണ്ടാണ് ഇപ്പോള്‍ പൊടുന്നനെ ഇത്തരം ഒരു വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് ഒരു കാര്യം. മറ്റൊന്ന് കുട്ടികള്‍ അവരുടെ അധ്യാപകരെ സാര്‍ എന്നോ മാഡം എന്നോ സൗകര്യമനുസരിച്ച് വിളിക്കുന്നത് ആര്‍ക്കാണ് അവകാശ ലംഘനമായി മാറിയത് എന്നതും ചിന്തിക്കേണ്ടതാണ്.
എന്നാല്‍ ചിന്തിക്കേണ്ട പ്രധാനകാര്യം മറ്റൊന്നാണ്. കേരളത്തില്‍ നൂറ്റാണ്ടുകളായി എന്നു തന്നെ പറയാം, അധ്യാപകരുടെ ലിംഗവ്യത്യാസം കൂടി സൂചിപ്പിക്കുന്ന വിധം രണ്ട് സംജ്ഞകള്‍ അവരെ വിളിക്കാനുള്ള വിശേഷണ പദമായി മലയാളികള്‍ ഉപയോഗിച്ചു വരുന്നുണ്ട്. അത് ഒരിക്കലും സാര്‍ എന്നോ മാഡം എന്നോ അല്ല- പകരം മാഷ്, ടീച്ചര്‍ എന്നിങ്ങനെയാണ്. മാഷ് എന്നാല്‍ അധ്യാപകന്‍, ടീച്ചര്‍ എന്നാല്‍ അധ്യാപിക. സത്യത്തില്‍ ഇത് രണ്ടും വിദേശ പദങ്ങളുടെ തല്‍ഭവ രൂപമാണെങ്കിലും ഇപ്പോള്‍ ഇവ അങ്ങേയറ്റം ആദരസൂചകങ്ങളായ മനോഹരങ്ങളായ മലയാള പദങ്ങളാണ്. സാര്‍ എന്നും മാഡം എന്നും കുട്ടികളെ കൊണ്ട് വിളിക്കാന്‍ പ്രേരിപ്പിച്ച വരേണ്യവല്‍കൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തിലെ പഠിക്കുന്നവരും എന്നെങ്കിലും ഏതെങ്കിലും സ്‌കൂളിലോ കോളേജിലോ പഠിച്ചിട്ടുള്ളവരും ഇനി ഒരിടത്തും പഠിച്ചിട്ടില്ലാത്തവരും എല്ലാം അധ്യാപകരെ മാഷ് എന്നും അധ്യാപികമാരെ ടീച്ചര്‍ എന്നും അനായാസമായും ആദരവ് പ്രകടിപ്പിക്കാനും വിളിച്ചു വരുന്നു. അത് ഇനിയും നിലയ്ക്കാനും പോകുന്നില്ല, ഏത് കമ്മീഷന്‍ ഉത്തരവിട്ടാലും.
ഇനി അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രമേ വിളിക്കാവൂ എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ എന്തുമാത്രം മണ്ടത്തരം ഉണ്ടെന്നറിയാന്‍ ഒരു കാര്യം മാത്രം പറയാം. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയ വ്യക്തി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ അറിയപ്പെടുന്നത് ഗോവിന്ദന്‍ മാഷ് എന്നാണ്. ഇനി മുതല്‍ അദ്ദേഹത്തിനെ എം.വി.ഗോവിന്ദന്‍ ടീച്ചര്‍ എന്ന് വിളിച്ചാല്‍ എത്ര ബോറായിരിക്കും. അതു പോലെ നമ്മുടെ നാട്ടിലെ സ്‌കൂള്‍ മാഷന്‍മാരായ സുമിത്രന്‍ മാഷെയും പ്രമോദ് മാഷെയമെല്ലാം സുമിത്രന്‍ ടീച്ചറേ എന്നും പ്രമോദ് ടീച്ചറേ എന്നും കുട്ടികളും മറ്റെല്ലാവരും വിളിക്കാന്‍ തുടങ്ങിയാല്‍ അതെത്ര കൃത്രിമമായിരിക്കും. അതേസമയം കെ.കെ.ശൈലജടീച്ചര്‍ എന്നു പറയുമ്പോള്‍, പി.കെ.ശ്രീമതി ടീച്ചര്‍ എന്നോ കെ.സി.റോസക്കുട്ടിടീച്ചര്‍ എന്നോ പറയുമ്പോള്‍ നമുക്ക് അതെത്രയോ സ്വാഭാവികമായും തോന്നുകയും ചെയ്യും.
അതു കൊണ്ട് ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് ഉത്തരവ് ഇറക്കിയാലും കോടിക്കണക്കിന് കേരളീയര്‍ അധ്യാപകരെ മാഷ് എന്നും അധ്യാപികമാരെ ടീച്ചര്‍ എന്നും തന്നെ വിളിക്കും. എല്ലാവരെയും ടീച്ചര്‍ എന്നു മാത്രമേ വിളിക്കാവൂ എന്ന ഉത്തരവ് അസംബന്ധമാണ്. നമുക്ക് നിലിവിലുള്ള മാഷ്, ടീച്ചര്‍ എന്നിങ്ങനെയെല്ലാം വിളിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കുകയാണ് അവരുടെ അവകാശം സംരക്ഷിക്കാന്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. സാര്‍, മാഡം എന്നീ വിളികള്‍ നിര്‍ബന്ധിച്ച് വിളിപ്പിക്കുന്നതിനെതിരെയാണ് കമ്മീഷന്‍ ഉത്തരവിട്ടതെങ്കില്‍ അത് തെറ്റെന്ന് പറയാനാവില്ല. എന്നാല്‍ ഇതിനു പകരം ടീച്ചര്‍ എന്നു മാത്രമേ വിളിക്കാവൂ എന്ന് നിര്‍ബന്ധിക്കേണ്ട കാര്യവും ഇല്ല. കമ്മീഷന്‍ ഉത്തരവ് പരിഷ്‌കരിക്കുകയാണ് തീര്‍ച്ചയായും വേണ്ടത്.
ഇനി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെ പറ്റി. അത്യന്തം വിനാശകരമായ ഒരു പൊതു ഉത്തരവാണത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന് കുട്ടികളെ അനുവദിക്കുന്നതാണത്. ഏതോ ഒരു പ്രത്യേക കേസില്‍ കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ ചൊല്ലിയുണ്ടായ കേസിലുണ്ടായ വിധിയാണത്. ആ കേസില്‍ കുട്ടിക്കുണ്ടായ മാനഹാനിക്ക് പരിഹാരമായിരിക്കാം ആ വിധി. എന്നാല്‍ അതൊരു പൊതു ഉത്തരവായി ഇറക്കിയ കമ്മീഷന്‍ ചെയ്തത് എന്താണ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികളെല്ലാം സ്വന്തം സ്മാര്‍ട്ട് ഫോണുകളുമായി വരികയാണെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കും എന്ന് ഒരക്ഷരവും പ്രത്യേകിച്ച് പറയേണ്ടതില്ല. ദുരുപയോഗം തടയാന്‍ ഫോണ്‍ ഓഫ് ചെയ്ത് വെച്ചാല്‍ മതിയെന്നാണ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. എത്ര കുട്ടികള്‍ ഈ ഓഫാക്കല്‍ അനുസരിക്കുമെന്ന് ഭാവന ചെയ്യാനുള്ള യുക്തി ഈ കമ്മീഷന്‍ എന്തുകൊണ്ട് ചിന്തിച്ചില്ല. സ്‌കൂളില്‍ യൂണിഫോം നടപ്പാക്കിയത് പോലുള്ള ഒരു ചട്ടമായിട്ടാണ് ഇപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് എന്ന ചട്ടവും നിലനില്‍ക്കുന്നത്. ഇത് അസാധുവാക്കല്‍ കുട്ടികളുടെ അവകാശമാണ് എന്നു വന്നാല്‍ ഇഷ്ടമുള്ള വസ്ത്രം സ്‌കൂളില്‍ ധരിക്കാന്‍ സമ്മതിക്കാതിരിക്കലും അവകാശ നിഷേധമാണ്. അതും മാറ്റുമോ കമ്മീഷന്‍. ഇപ്പോള്‍ തന്നെ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലെ ദുരുപയോഗം അവരുടെ പഠനത്തിനെയും സ്വഭാവത്തിനെയും എങ്ങിനെ ബാധിക്കുന്നു എന്നത് കേരള സമൂഹം മനസ്സിലാക്കിക്കഴിഞ്ഞിരിക്കയാണ്. അധ്യാപകരുടെ അനുവാദത്തോടെയാവണം ഫോണ്‍ ഉപയോഗം എന്നൊക്കെ ഉട്ടോപ്പിയന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കൊള്ളാം. ഇപ്പോള്‍ തന്നെ സിലബസ് പോലും തീര്‍ക്കാന്‍ സമയം തികയാതെ ഓടുന്ന അധ്യാപകരാണ് ഇനി കുട്ടികളുടെ ഓരോരുത്തരുടെയും ഫോണ്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ പോകുന്നത്. എത്ര ആലോചനയില്ലായ്മയാണിത്. ഒരു പ്രത്യേക കേസില്‍ കുട്ടിക്കനുകൂലമായി ഒരുത്തരവ് പാസ്സാക്കാമെന്നല്ലാതെ അതിലെ ആശയം വെച്ച് പൊതു ഉത്തരവ് പുറപ്പെടുവിക്കുന്ന ബാലാവകാശ കമ്മീഷന് പുനര്‍ചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു.

Spread the love
English Summary: BALAVAKASHA COMMISSION ORDERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick