തിരക്കില്‍ നിന്നും ഒന്നു ശ്വാസം വിട്ട് സ്വകാര്യതയുടെയും കുളിര്‍മയുടെയും തണല്‍ തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേക്കേറാന്‍ കണ്ണൂരിന്റെ മലയോരപാതയില്‍ ഒരു മനോഹരമായ സങ്കേതമുണ്ട്.

സന്ദര്‍ശകരുടെ തിരക്കിന്റെ ചൂടും പുകയുമില്ലാത്ത, ജലസമൃദ്ധമായ ഒരു പുഴയുടെ തീരത്ത്, മുളങ്കാടുകളും പുല്‍ത്തകിടികളും കുളിര്‍മയൊരുക്കിയ ഒരു പ്രകൃതിയുദ്യാനം.

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ ഇരിട്ടിയില്‍ നിന്നും ഇരിക്കൂറിലേക്ക് പോകുന്ന റോഡില്‍ പെരുമ്പറമ്പ് എന്ന ഇടത്തെത്തുമ്പോള്‍ പാതയോരത്തു തന്നെ കാണാം വലിയ ബോര്‍ഡ്-ഇരിട്ടി ഇക്കോ പാര്‍ക്ക്.

ഇവിടെ നിന്നും വെറും നൂറുമീറ്ററോളം താഴേക്ക് നീളുന്ന ചെറിയ ടാര്‍റോഡുണ്ട്. ഇത് ചെന്നു ചേരുന്നയിടം ഈ പ്രകൃതിയുദ്യാനത്തിന്റെ കവാടത്തിലാണ്. കേരള വനം വകുപ്പിന്റെ ഇക്കോ പാര്‍ക്കാണിത്.

ഇരിട്ടി പുഴയുടെ തീരത്ത് പത്ത് ഏക്കര്‍ ഹരിതഭൂമിയിലെ നാലര ഏക്കറിലാണ് ഇപ്പോള്‍ പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. പുഴയുടെ കളിര്‍മയും പ്രകൃതിയുടെ തണലും ചേര്‍ന്ന ഈ പാര്‍ക്കിലേക്ക് കടക്കുന്നതോടെ മനസ്സും തീര്‍ത്തും ശാന്തവും സുഖകരവുമായിത്തീരുമെന്നുറപ്പാണ്.

നടപ്പാത വളഞ്ഞു പുളഞ്ഞു നീങ്ങുന്നത് പുഴയോരത്തേക്കാണ് അവിടെ പുഴയിലേക്ക് നീട്ടി കെട്ടിയിരിക്കുന്ന പ്ലാറ്റ് ഫോമില്‍ നിന്നു കൊണ്ട് ജലസമൃദ്ധിയും തീരക്കാഴ്‌ചകളും ആസ്വദിക്കാം. മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ ഒരുക്കിയ ബഞ്ചുകളിലിരുന്ന കുളിര്‍കാറ്റേല്‍ക്കാം. പ്രണയികള്‍ക്ക് ഇണകളുമായി തണലുകളിരുന്ന് കൊഞ്ചാം, പുഴയോരത്തൂടെ കിന്നാരം പറഞ്ഞ് നടക്കാം.

ആനക്കൂട്ടങ്ങളുടെ മുതല്‍ ആമയും വേഴാമ്പലും വരെ പാര്‍ക്കില്‍ ശില്‍പങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഫോട്ടോകള്‍ എടുക്കാന്‍ നല്ല ഇടങ്ങള്‍. ആനപ്പുറത്തു കയറിയും ഫോട്ടോ എടുക്കാന്‍ സൗകര്യമുണ്ട്-ഇതിന് ചെറിയ ഫീസ് നല്‍കിയാല്‍ മതി.

സന്ദര്‍ശനത്തിനിടയില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഊഞ്ഞാലും മറ്റും ഒരുക്കിയിട്ടുണ്ട്. ലഘുപാനീയങ്ങളും ഐസ്‌ക്രീമും ഒക്കെ കഴിക്കാന്‍ ഔട്ട്‌ലെറ്റ് ഉണ്ട്. വിശക്കുമ്പോള്‍ കാപ്പി,പലഹാരങ്ങള്‍ കഴിക്കാന്‍ കഫേയും പാര്‍ക്കിലുണ്ട്.

മുതിര്‍ന്നവര്‍ക്ക് 20 രൂപ പ്രവേശന ഫീസ് നല്‍കി പാര്‍ക്കില്‍ കയറിയാല്‍ എത്ര നേരം വേണമെങ്കിലും ശാന്തമായ അന്തരീക്ഷം ആസ്വദിക്കാം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പ്രവേശന സമയം. ഇപ്പോള്‍ നാലരയേക്കറിലാണ് വനം വകുപ്പ് ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നതെങ്കിലും ബാക്കി ആറേക്കര്‍ കൂടി ഉപയോഗിച്ച് വികസിപ്പിച്ചാല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും അഴകുള്ള ഇക്കോ പാര്‍ക്കായി ഇവിടം മാറും.

തിരക്കിട്ട ജീവിതസന്ദര്‍ഭങ്ങളില്‍ അല്‍പനേരം ശാന്തമായി കഴിയാന്‍ അനുയോജ്യമായ ഗ്രാമീണ പാര്‍ക്കായി ഇത് മാറിയിരിക്കുന്നു. നാട്ടുകാരായ സന്ദര്‍ശകരാണ് ഇപ്പോള്‍ കൂടുതലായി വരുന്നത്. പുറത്തുള്ള സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനെക്കുറിച്ച് അധികം അറിയില്ല. കേട്ടറിഞ്ഞും പറഞ്ഞും ഇപ്പോള്‍ സന്ദര്‍ശകര്‍ രാവിലെ മുതല്‍ തന്നെ വരുന്നുണ്ടെന്ന് പാര്‍ക്കിന്റെ ചുമതലക്കാരനായ വല്‍സന്‍ പറഞ്ഞു.

പാര്‍ക്കിലേക്ക് തിരിയുന്ന പ്രധാന റോഡ് കവലയില്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെ കിട്ടുന്ന ഹോട്ടലുണ്ട്. നാടന്‍ ഊണ് വളരെ മിതമായ നിരക്കില്‍ കിട്ടുന്ന ഈ ഹോട്ടലില്‍ ഉച്ച നേരത്ത് സദാ തിരക്കാണ്.
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്ത് കാഴ്‌ച ആസ്വദിച്ച് സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിന് കുളിമര്‍യേകുന്ന കേന്ദ്രമാണ് ഇരിട്ടി ഇക്കോ പാര്‍ക്ക്.