Categories
exclusive

‘തിപ്ര മോത’-ത്രിപുര തിരഞ്ഞെടുപ്പിലെ വജ്രായുധം…കൈ കൊടുത്ത് സിപിഎം

ബി.ജെ.പി. 2018-ല്‍ എന്ത് തന്ത്രമാണ് പയറ്റിയത് അതു തന്നെ തിരിച്ച് പ്രയോഗിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎം തുനിയുന്നത്

Spread the love

ത്രിപുരയില്‍ ബി.ജെ.പി.യെ കെട്ടുകെട്ടിക്കാന്‍ മുന്‍ ഭരണകക്ഷിയായ സിപിഎം തങ്ങളുടെ ‘മുന്‍’ വര്‍ഗശത്രുവായ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യം രൂപപ്പെടുത്തിയിരിക്കയാണ്. എന്നാല്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം മാത്രം വിചാരിച്ചാല്‍ ചിലപ്പോള്‍ ത്രിപുര പിടിക്കാന്‍ സാധിച്ചേക്കില്ല എന്ന തിരിച്ചറിവില്‍ മറ്റൊരു കക്ഷിയെ കൂടി ഇവര്‍ സ്വന്തം സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ പോകുകയാണ്. അവരായിരിക്കും ത്രിപുരയില്‍ ബി.ജെ.പി.യുടെ ഭരണത്തെ തൂത്തെറിയാനുള്ള ഇടതുപക്ഷത്തിന്റെ വജ്രായുധം. അതാണ് ‘തിപ്ര മോത’. അതായത് ത്രിപുരയുടെ തദ്ദേശീയ സ്വത്വസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ തിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം. പ്രദ്യോത് ബിക്രം മാണിക്യ ദേബര്‍മ ആണ് തിപ്ര മോതയുടെ മോധാവി.

തിപ്ര മോത ത്രിപുരയിലെ പ്രാദേശിക ജനതയുടെ വലിയ പിന്തുണയുളള പ്രസ്ഥാനമാണ്. പ്രാദേശിക ദേശീയതയുടെ വക്താക്കളാണിവര്‍. ത്രിപുരയ്ക്കകത്തു തന്നെ മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യമാണ് ഇവരുടെ രാഷ്ട്രീയ അജണ്ട. ഗ്രേറ്റര്‍ തിപ്രലാന്‍ഡ് ആണ് ഇവരുടെ സ്വപ്‌നം. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ജില്ലാ കൗണ്‍സിലിന്റെ കീഴിലുള്ള പ്രദേശങ്ങളും സംസ്ഥാനത്തിനകത്തെ 36 ഗ്രാമങ്ങളും ചേര്‍ത്ത് ഒരു കേന്ദ്രഭരണ പ്രദേശമായോ പ്രത്യേക സംസ്ഥാനമായോ വിഭജിക്കണം എന്നതാണ് തിപ്ര മോത ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വിഘടനവാദമല്ല, സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള സ്വയംഭരണ ആവശ്യമാണ് എന്നതാണ് ഇവരെ സിപിഎമ്മിന് അഭിമതമാക്കുന്നത്.

thepoliticaleditor

സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനം ട്രൈബല്‍ ജനങ്ങളാണ് എന്ന വസ്തുത ഇവിടെ ശ്രദ്ധേയമായ കാര്യമാണ്. ത്രിപുര തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആദിവാസി വോട്ടുകൾ പ്രധാനമാണ്. ഗ്രേറ്റർ തിപ്രലാൻഡിനായുള്ള ഞങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ രേഖാമൂലമുള്ള ഉറപ്പ് നൽകുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയുമായും ഞങ്ങൾ സഖ്യമുണ്ടാക്കുമെന്ന് തിപ്ര മോത മേധാവി പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബർമ പറഞ്ഞിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായും തിപ്ര മോതയുമായും ധാരണയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെയാണ് ദേബ്ബർമയുടെ പ്രതികരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രയോഗിച്ച തന്ത്രത്തെ അതേ നാണയത്തില്‍ തിരിച്ചിട്ട് പ്രയോഗിക്കാനാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുന്നത്. ത്രിപുരയിലെ തദ്ദേശീയരായ ജനങ്ങളുടെ സ്വത്വ പ്രസ്ഥാനമായ ‘ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര’ അഥവാ ഐപിഎഫ്ടി-യുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അത് അവര്‍ക്ക് അധികാരത്തിലേക്കുള്ള പാതയായി. ഐപിഎഫ്ടി എട്ട് സീറ്റുകള്‍ നേടി. 39 സീറ്റ് നേടിയ ബിജെപിയുമായി അവരും ചേര്‍ന്നതോടെ ത്രിപുര ഭരണം ബിജെപിക്ക് കയ്യിലായി.

തിപ്ര മോത സംഘടിപ്പിച്ച ഒരു റാലി. എല്ലാ റാലികളിലും വൻ ജന പങ്കാളിത്തമാണ്

എന്നാല്‍ ഐപിഎഫിടിയില്‍ പിന്നീട് വിള്ളലുണ്ടായി. മൂന്ന് നിയമസഭാംഗങ്ങള്‍ സംഘടന വിട്ടു. അവര്‍ ചേര്‍ന്ന പ്രസ്ഥാനമാണ് ഇപ്പോള്‍ സിപിഎം സഖ്യം ആലോചിക്കുന്ന തിപ്ര മോത. അതായത് തിപ്ര മോത എന്ന പ്രസ്ഥാനത്തിന് ഐപിഎഫ്ടിക്കൊപ്പമോ അതിനേക്കാളുമോ സ്വീകാര്യത ഇപ്പോള്‍ ത്രിപുര രാഷ്ട്രീയത്തില്‍ കൈവന്നിരിക്കുന്നു. ഐപിഎഫ്ടി ഇപ്പോഴും ബി.ജെ.പിക്ക് ഒപ്പം തന്നെയാണ്. ഫലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ത്രിപുരയിലെ തദ്ദേശീയ ജനതയുടെ ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള പ്രാദേശിക പ്രകടന പത്രികയുടെ മാറ്റുരയ്ക്കലാവും. ത്രിപുരയിലെ വലിയൊരു വിഭാഗം സി.പി.എം വോട്ടര്‍മാര്‍ ബംഗാളില്‍ നിന്നും കുടിയേറിയവരാണ്. അവരായിരുന്നു ഏറെക്കാലം സിപിഎമ്മിനെ ത്രിപുരയില്‍ ജയിപ്പിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങളുടെയിടയിലുള്ള നേതാവായ ദശരഥ് ദേബ് ഒരിക്കല്‍ സിപിഎം മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും നൃപന്‍ ചക്രബര്‍ത്തിയും മണിക് സര്‍ക്കാരുമൊക്കെ മറ്റൊരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരായിരുന്നു. തദ്ദേശീയരായ ജനങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നെങ്കിലും അടുത്ത കാലത്ത് ത്രിപുരയില്‍, പ്രത്യേകിച്ച് മണിക് സര്‍ക്കാര്‍ ഭരണകാലത്ത് ശക്തിപ്രാപിച്ച ഐപിഎഫിടി നേതൃത്വത്തിലുള്ള പ്രാദേശിക സ്വത്വ പ്രസ്ഥാനം സിപിഎമ്മിന്റെ അടിത്തറ ഇളക്കിയെന്നാണ് കരുതേണ്ടത്. മണിക് സര്‍ക്കാരിന്റെ ഭരണകാലത്ത് എണ്ണമറ്റ് പ്രക്ഷോഭങ്ങളും ബന്ദുകളും ഹര്‍ത്താലുകളുമാണ് ഐപിഎഫിടി നേതൃത്വത്തില്‍ നടന്നത്. എല്ലാറ്റിലും വന്‍ ജനപങ്കാളിത്തമായിരുന്നു. ഇതിനെയെല്ലാം പ്രാദേശിക തീവ്രവാദം എന്ന ലേബലടിച്ചാണ് സിപിഎം പ്രതിരോധിക്കാന്‍ നോക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ ഐപിഎഫിടി-യെ ബി.ജെ.പി. സ്വന്തം പാളയത്തിലെത്തിച്ച് വിജയം കൊയ്‌തെടുത്തു. ഇതോടെ സിപിഎം ത്രിപുരയില്‍ അസ്തമിച്ചുവെന്ന പ്രചാരണവും ശക്തമായി. ഇപ്പോള്‍ ബി.ജെ.പി. 2018-ല്‍ എന്ത് തന്ത്രമാണ് പയറ്റിയത് അതു തന്നെ തിരിച്ച് പ്രയോഗിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎം തുനിയുന്നത്.

തിപ്ര മോതയുമായുള്ള സഖ്യം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിപിഎം ഇവരെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസുമായും ടിപ്ര മൊതയുമായും സീറ്റ് പങ്കിടലിന് പാർട്ടി തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച ത്രിപുര സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരാറുണ്ടാക്കാൻ കോൺഗ്രസുമായി സിപിഎം ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബിരജിത് സിൻഹ ഇന്നലെ പറഞ്ഞത് . സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് വ്യാഴാഴ്ച അഗർത്തലയിൽ എത്തിയിരുന്നു.
വാസ്‌നിക്കുമായി ടെലിഫോൺ സംഭാഷണം നടത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകൾ സംബന്ധിച്ച് സിപിഎമ്മുമായി ചർച്ചകൾ ആരംഭിച്ചതായി എഐസിസിയും വ്യക്തമാക്കിയിട്ടുണ്ട് . സീറ്റ് ചർച്ച നാളെ പ്രാദേശിക തലത്തിൽ ആരംഭിക്കും. ‘ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മതേതര ശക്തികൾ ഭിന്നിച്ചാൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും ഞങ്ങൾക്കിടയിൽ ഐക്യമില്ലെങ്കിൽ ബിജെപി കഴിഞ്ഞ തവണത്തെ പോലെ മസിൽ പവർ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുമെന്നും ചൗധരി പറഞ്ഞു.
“ഞങ്ങൾ കോൺഗ്രസുമായും ടിപ്ര മോതയുമായും ചർച്ചകൾ നടത്തിവരികയാണ്. ഞങ്ങൾ അവരെ മതനിരപേക്ഷരായി കണക്കാക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി.യിലും ആഭ്യന്തര കലഹം രൂക്ഷമാണ്. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യിലേക്ക് ചേക്കേറിയ പല നേതാക്കളും തിരിച്ചു മടങ്ങിയിരിക്കയാണ്. പി.സി.സി. പ്രസിഡണ്ടായിരിക്കെ ബി.ജെ.പി.യിലേക്ക് പോയ നേതാവ് അടുത്ത കാലത്താണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

Spread the love
English Summary: CPM STRATEGY IN TRIPURA ELECTION 23

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick