Categories
kerala

മലയാളികള്‍ മാധ്യമങ്ങളെ വായിക്കുന്നു, കേള്‍ക്കുന്നു പക്ഷേ വിശ്വസിക്കുന്നില്ല…സി.പി.എം. ഇങ്ങനെ ചിന്തിക്കുന്നു?

കേരളത്തിലെ പൊതു സമൂഹത്തിനെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളെല്ലാം നിരന്തരമായും ശക്തമായും ബോധവല്‍ക്കരിച്ചാലും എന്തു കൊണ്ടാണ് ഭരിക്കുന്ന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം. മാധ്യമങ്ങളെ കൂസാതെയുള്ള തീരുമാനങ്ങള്‍ തുടരെത്തുടരെ സ്വീകരിക്കുന്നത്- ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചെന്ന പരാതി നേരിടുന്ന സജി ചെറിയാനെ വീണ്ടും മന്ത്രിസഭാംഗമാക്കാന്‍ സി.പി.എം. എടുത്ത തീരുമാനം പുറത്തുവന്നതോടെ മലയാളികള്‍ പൊതുവെ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. ഇതിനു തൊട്ടു മുമ്പാണ് ഇ.പി.ജയരാജന്റെ കുടുംബത്തിന് കണ്ണൂരിലെ റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച വാര്‍ത്തയും ആരോപണങ്ങളും പുറത്തു വന്നതും സി.പി.എം. സംസ്ഥാന നേതൃയോഗം അത് ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായതും. ഇ.പി.ക്കെതിരെ പരാതി ഉന്നയിച്ചത് സംസ്ഥാന നേതാവു തന്നെയായ പി.ജയരാജന്‍. ഉറച്ചു നില്‍ക്കുന്നെങ്കില്‍ എഴുതിത്തരൂ എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ട വിഷയം.

ഇടതുപക്ഷത്തും വലതു പക്ഷത്തുമുള്ള എല്ലാവരും അപ്പോള്‍ കരുതി ഇത് ഉറപ്പായും ഇ.പി.ക്ക് എതിരായ നടപടിയിലേക്ക് പോയേക്കാം. ഏറ്റവും ചുരുങ്ങിയത് ഇതേപ്പറ്റി ഒരു അന്വേഷണം എങ്കിലും പ്രഖ്യാപിച്ചേക്കാം. പരാതി സി.പി.എം.നേതാവിന്റെതു തന്നെയാകുമ്പോള്‍ ജനങ്ങളും ഗൗരവത്തില്‍ തന്നെ കാണുമല്ലോ. അവരെ തൃപ്തിപ്പെടുത്താന്‍ അന്വേഷണം ഉണ്ടാവുമെന്നുറപ്പ്-ഇതാണ് ഭൂരിപക്ഷവും കരുതിയത്. എന്നാല്‍ സംഭവിച്ചതോ. ഒരു വിധ അന്വേഷണവും നടത്തേണ്ടതില്ല എന്ന് പാര്‍ടി തീരുമാനിച്ചു. അതോടെ സംഭവം ഇപ്പോള്‍ അലിഞ്ഞില്ലാതാവുകയും ചെയ്തു.
അടുത്ത കാലത്ത് നടന്ന ഈ രണ്ടു സംഭവങ്ങളിലും തെളിയുന്ന കാര്യമിതാണ്-മാധ്യമങ്ങളുടെ തുടര്‍ച്ചയായുള്ള ആക്രമണത്തെ സി.പി.എം. ഒട്ടും കൂസുന്നില്ല. മാധ്യമങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ബോധവല്‍ക്കരണങ്ങളില്‍ സി.പി.എം. വിശ്വാസം കാണുന്നില്ല. എന്താണിതിന് കാരണമെന്നതിന് നിരീക്ഷണപടുക്കള്‍ നല്‍കുന്നത് രണ്ട് സംഗതികളാണ്. ഒന്ന്-കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തോടെ സി.പി.എം. വിശ്വസിക്കുന്നത് മാധ്യമങ്ങളുടെ പ്രചാരണങ്ങളെ വായിക്കുന്നുണ്ടെങ്കിലും ഇതേ മലയാളി അവയൊന്നും അകത്തേക്കു കടത്തി സ്വന്തം യുക്തി രൂപപ്പെടുത്താനുളള ഉപാധിയായി കണക്കാക്കുന്നില്ല എന്നാണ്.

thepoliticaleditor

പ്രമുഖ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ ആകെ പ്രചാരത്തിന്റെ കണക്കെടുത്താല്‍ കേരളീയ സമൂഹം അവരുടെ വാര്‍ത്തകളനുസരിച്ച് സര്‍ക്കാരിനെതിരായ ഭൂരിപക്ഷ ചിന്തയായി മാറേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. 2021-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കപ്പെട്ടു. സ്വപ്‌ന സുരേഷിന്റെ വിവാദവും, സ്പ്രിങ്ക്‌ളര്‍ വിവാദവുമെല്ലാം ചേര്‍ന്ന് പിണറായി സര്‍ക്കാരിനെ മാധ്യമങ്ങള്‍ ഇട്ട് കുലുക്കി. പ്രതിപക്ഷവും ആവും മട്ടില്‍ സര്‍ക്കാരിനെതിരെ നീങ്ങി. തിരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്നും ജനവികാരം എതിരാകുമെന്നും അറുപത് സീറ്റോ അതിലല്‍പം കൂടുതലോ അല്ലാതെ ഭൂരിപക്ഷം കിട്ടില്ലെന്നും എല്ലാ മാധ്യമങ്ങളും സര്‍വ്വേകളും കണ്ടെത്തി. എന്നാല്‍ എല്ലാവരെയും അപ്രസക്തരാക്കി 99 സീറ്റ് എന്ന വലിയ സംഖ്യ നല്‍കി ഇടതു പക്ഷത്തെ കേരളം ഭരണത്തിലെത്തിച്ചു. മാധ്യമങ്ങളുടെ നിരന്തര പ്രചാരണം മലയാളികളുടെ രാഷ്ട്രീയ ബോധ്യത്തെ സ്വാധീനിക്കുന്നില്ല എന്നതാണ് അതിനു കാരണമെന്ന കണ്ടെത്തലാണുള്ളത്.

രണ്ടാമത്തെ കാരണം, കോണ്‍ഗ്രസും മുസ്ലീംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം കേരളത്തിന്റെ ഭൂരിപക്ഷ ബോധത്തെ സ്വാധീനിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് എന്ന കാര്യം സി.പി.എം. തിരിച്ചറിയുന്നു എന്നതാണ്. അതു കൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം തങ്ങളെടുക്കുന്ന തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തേണ്ടതില്ലെന്നും പാര്‍ടി കരുതുന്നു. കെ-റെയില്‍ വിഷയത്തില്‍ തിരിച്ചടിയുണ്ടായത് പ്രതിപക്ഷത്തിന്റെ ശക്തി മൂലമല്ലെന്നും മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയകാലാവസ്ഥയുടെ ചില സവിശേഷതകള്‍ സി.പി.എമ്മിന് ഇപ്പോഴും വരുതിയിലാവാത്തതിനാലാണെന്നും സി.പി.എമ്മിലെ ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നുണ്ടത്രേ.

Spread the love
English Summary: CPM AND MEDIAS IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick