Categories
kerala

നാടകത്തില്‍ നിന്നും പാട്ടിലേക്ക്…ഞങ്ങളുടെത് പൊളിറ്റിക്‌സ് ഉള്ള പാട്ട്-ഊരാളി സംഘം

തൃശ്ശൂരിലെ ഊരാളി ബാന്റിന് പത്ത് വയസ്സു തികയുമ്പോള്‍ സാധാരണ ഫോക് മ്യൂസിക് ബാന്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവതലവും ഭാവുകത്വവുമാണ് ഈ ബാന്റിന് നേതൃത്വം നല്‍കുന്ന മാര്‍ട്ടിനും സംഘവും ആസ്വാദകര്‍ക്ക് നല്‍കുന്നത്. എട്ടു വര്‍ഷം നാടകവുമായി ലാറ്റിനമേരിക്കന്‍ നാടായ ചിലിയുടെ ചുവന്ന മണ്ണില്‍ അലഞ്ഞ മാര്‍ട്ടിന്‍ തിരിച്ചെത്തി രൂപം നല്‍കിയ ഊരാളിയില്‍ പൊളിറ്റിക്‌സ് ഇല്ലാതിരിക്കാനാവില്ലല്ലോ.

മാര്‍ട്ടിനും സജിയും

കണ്ണൂരിലെ ധര്‍മശാലയില്‍ ആയിരങ്ങളുടെ ആവേശാരവത്തിനു മുന്നില്‍ പാട്ടും പറച്ചിലുമായി ഊരാളികള്‍ നടത്തിയ അവതരണത്തിന്റെ പിറ്റേന്ന് അവരെ കാണുമ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു-‘ ഞങ്ങളുടെ പാട്ടും പറച്ചിലും ഫോക് മാത്രമല്ല, പൊളിറ്റിക്‌സ് കൂടിയാണ്’.

thepoliticaleditor

അത് ശരിയാണെന്ന് അവരുടെ പാട്ടും ആട്ടവും പറച്ചിലും അക്ഷരാര്‍ഥത്തില്‍ തെളിയിക്കുന്നു. അവര്‍ തന്നെ ഉണ്ടാക്കിയ പാട്ടുകള്‍. സന്ദര്‍ഭത്തിനും കാലത്തിനും പാട്ടിലേക്ക് പ്രവേശനമൊരുക്കി കാലത്തിന്റെ സന്ദേശങ്ങള്‍, ആവശ്യങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവയെല്ലാം പാട്ടിലും പറച്ചിലിലും കൊണ്ടുവന്ന് വേദിയെ രാഷ്ട്രീയമായ തിരിച്ചറിവുകള്‍ക്ക് നിമിത്തമാക്കി മാറ്റുന്ന ബാന്റ് സംഘം.

‘സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പാട്ടുണ്ടാക്കുന്നത്. അതാത് സമയത്തെ രാഷ്ട്രീയ ബോധ്യങ്ങളും സാഹചര്യങ്ങളുമെല്ലാം ചേര്‍ത്താണ് പാട്ട്. അത് ആബസൊല്യൂട്ട് ആണെന്നല്ല. പക്ഷേ ആ സമയത്ത് എന്താണോ നമുക്ക് അറിയുന്നത്, അത് വെച്ച് സദസ്സുമായി നടത്തുന്ന സംവാദമാക്കി മാറ്റുകയാണ്. പരിപാടി നടക്കുന്ന ഇടത്തെ സംഭവങ്ങള്‍ പോലും പാട്ടിലും പറച്ചിലിലും വന്നേക്കാം. ഞങ്ങള്‍ ഷോയ്ക്ക് കയറും മുമ്പേയാണ് തീരുമാനിക്കുന്നത്. അപ്പോള്‍ നമ്മള്‍ പരസ്പരം സംസാരിക്കും, ഇതാണ് വിഷയം., നമുക്ക് ഇങ്ങനെ പറഞ്ഞാലോ അങ്ങനെ പറഞ്ഞാലോ എന്നിങ്ങനെ…പാട്ടുകളുടെ ക്രമം പോലും അപ്പോഴാണ് തീരുമാനിക്കുന്നത്.’–ഊരാളി സംഘാംഗമായ സജി പറയുന്നു.

തൃശ്ശൂര്‍ മനക്കൊടി സ്വദേശിയായ മാര്‍ട്ടിനും സംഘവും യഥാര്‍ഥത്തില്‍ പാട്ടുസംഘമായി തുടങ്ങിയതല്ല ഊരാളി. അവര്‍ നാടകക്കാരായിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദം നേടി ഇറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് വിപ്ലവകാരിയായ അലന്‍ഡെയുടെ നാടായ ചിലിയിലേക്ക് കലയുമായി ചേക്കേറി. ചിലിയില്‍ നിന്നും നേരെ വന്നത് നാട്ടിലെ നാടകത്തിന്റെ തട്ടകത്തിലേക്ക്. സ്റ്റേജില്‍ നടത്തിയ പരീക്ഷണങ്ങളുടെ കാലത്താണ് യദൃച്ഛയാ സംഗീതജ്ഞനായ തിരുവനന്തപുരം സ്വദേശി സജിയെ ബംഗലൂരുവില്‍ വെച്ച് പരിചയപ്പെടുന്നത്. അത് വഴിത്തിരിവായി. ഒരു നാടകത്തിന്റെ ഭാഗമായാണ് ആദ്യം പാട്ടിലേക്ക് വന്നത്.
‘ മാര്‍ട്ടിന്‍ ഒരു നാടകം ഡയറക്ട് ചെയ്യുന്നുണ്ടായിരുന്നു.-ഓഡിറ്റോറിയത്തില്‍ ഒരു ബസ് നാടകം എന്ന പേരില്‍. അഞ്ച് ഗ്രാമങ്ങളിലേക്ക് ഒരു ബസ് ഓടിച്ചെന്ന് അവിടെ നാടകം അവതരിപ്പിക്കുക എന്നതായിരുന്നു. അതിന് മ്യൂസിക് ചെയ്യാനായിട്ടാണ് ഞാന്‍ വരുന്നത്.’–സജി പറയുന്നു.

‘ നാടകത്തില്‍ നിന്നാണ് പാട്ടിലേക്ക് ഞങ്ങള്‍ വരുന്നത്. നാടകാന്തം പാട്ട്. ഇപ്പോള്‍ ഞങ്ങളുടെ ലൈറ്റ് ചെയ്യുന്ന ഷാജിയേട്ടനും ഞങ്ങളും കൂടിയിരുന്ന് പാട്ടെഴുതുക-ഇതൊരു പുതിയ അനുഭവമായിരുന്നു ഞങ്ങള്‍ക്ക്.’-സജി വിവരിച്ചു.
മാര്‍ട്ടിന്‍ എട്ടു വര്‍ഷം നാടകവുമായി ചിലിയില്‍ ചെലവഴിച്ച ശേഷമാണ് 2010-ല്‍ നാട്ടിലെത്തുന്നത്. ചിലിയില്‍ തുടങ്ങിവെച്ച പല പ്രൊജക്ടുകളും മനസ്സില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാട്ടു പാടാന്‍ ഇഷ്ടമാണ്. നാടകത്തിലെ ചില രംഗങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാനായിട്ടാണ് പാട്ട് ഉപയോഗിച്ചു തുടങ്ങിയത്. അതാണ് ഇങ്ങനെ പരിണമിച്ചത്.’–മാര്‍ട്ടിന്‍ പറഞ്ഞു.

Spread the love
English Summary: oorali folk music band

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick