തലുമുറകളുടെ സ്വപ്നങ്ങളില്‍ നിറയുന്ന നിറഭേദങ്ങളും ഡിസൈനുകളുടെ പുത്തന്‍ സങ്കല്പനങ്ങളും ചേര്‍ന്ന് ആഘോഷമാക്കുന്ന പുതുയുവതലമുറയുടെ ഫാഷന്‍ ഭ്രമലോകത്തിന്റെ നേര്‍ക്കാഴ്ച ആസ്വദിക്കാന്‍ ഇന്ന് ധര്‍മശാലയിലെ ഹാപ്പിനെസ് ഫെസ്റ്റിവലില്‍ ഫാഷന്‍ ഷോ അരങ്ങേറും. നഗരസഭാ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറു മണിക്കാണ്് നാളത്തെ ഫാഷന്‍ ലോകം രചിക്കുന്ന നൂതന ആവിഷ്കാരങ്ങളുടെ വര്‍ണാഭമായ അവതരണം ഒരുക്കുന്നത്.
ഫാഷന്‍ ഷോയ്ക്കു ശേഷം ഇന്ത്യന്‍ നാടോടി പാരമ്പര്യത്തിന്റെ പരിച്ഛേദമായി മാറുന്ന നൃത്തസംഗീത വൈവിധ്യത്തിന്റെ മനോഹരലോകം തുറന്നിടുന്ന ഉത്തരേന്ത്യന്‍ ഫോക് ഫെസ്റ്റിവല്‍ അരങ്ങേറും.
രാത്രി എട്ടു മണിക്ക് മറ്റൊരു വേദിയായ എന്‍ജിനിയറിങ് കോളേജിന്റെ ഓഡിറ്റോറിയത്തില്‍(മാങ്കടവ് റോഡിലുള്ള ഓഡിറ്റോറിയം) നാടകപ്രേമികള്‍ക്കായി ചങ്ങനാശ്ശേരി അണിയറ ആര്‍ട്സിന്റെ നാടകം-നാലുവരിപ്പാത അരങ്ങേറും.
രാവിലെ പത്ത് മണിക്ക് എക്സിബിഷന് ഗ്രൗണ്ടിലെ വേദിയില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും പ്രാദേശിക സര്‍ക്കാരുകളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.