Categories
kerala

ഹാപ്പിനെസ്‌ ഫെസ്റ്റവലില്‍ യുവത്വത്തിന്റെ ആഘോഷത്തിര…സംഗീതരാവുകളില്‍ ചെറുപ്പത്തിന്റെ ഉല്‍സവം

ധര്‍മശാലയില്‍ പകലുകളെയും രാവുകളെയും ഉല്‍സവ ലഹരിയിലാക്കി മുന്നേറുന്ന ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ വിശാലമായ വിനോദ വേദികളിലേക്ക്‌ ജില്ലയിലെ യുവത്വത്തിന്റെ അഭൂതപൂര്‍വ്വമായ ആഘോഷത്തിര. വലിയൊരു ഉല്‍സവത്തിന്റെ പ്രതീതിയാണ്‌ ധര്‍മശാലയില്‍ ദിനം പ്രതി. യുവാക്കളുടെ ഒഴുക്കാണ്‌ സംഗീതസന്ധ്യകളിലേക്ക്‌. അവരുടെ ആസ്വാദനത്തിന്റെ ഉന്മാദത്തില്‍ സദസ്സ്‌ ആട്ടവും ആര്‍പ്പുവിളികളുമായി ആഹ്‌ളാദഭരിതമാകുന്നു.

നഗരസഭാ ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകീട്ടു മുതല്‍ നടക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്നവരില്‍ യുവജനങ്ങളുടെ സാന്നിധ്യം അഭൂതപൂര്‍വ്വമാണ്‌. മുതിര്‍ന്നവരെ പോലും ആട്ടത്തിലേക്കും ആര്‍പ്പിലേക്കും പ്രേരിപ്പിക്കുന്ന പ്രകടനമാണ്‌ യുവജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്‌. സംഗീതത്തിനൊപ്പം ചുവടുവെക്കാന്‍ യുവാക്കള്‍ കാണിക്കുന്ന ആവേശം ജീവിതമാണ്‌ യഥാര്‍ഥ ലഹരിയെന്ന്‌ വിളിച്ചറിയിക്കുന്നതാണെന്ന്‌ പരിപാടി കാണാനെത്തിയ മുതിര്‍ന്ന ആസ്വാദകര്‍ പറയുന്നു.

thepoliticaleditor


പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തോടെയുള്ള സാന്നിധ്യവും സ്വതന്ത്രമായ പങ്കാളിത്തവുമാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ ആഘോഷ വേദികളെ സമ്പന്നവും മനോഹരവുമാക്കുന്നത്‌. യുവാക്കളെക്കാളും യുവതികളാണ്‌ ഡാന്‍സ്‌ ചെയ്യാനും വേദികളെ പ്രോല്‍സാഹിപ്പിക്കാനും ആദ്യമേ മുന്നോട്ടു വരുന്നത്‌ എന്നത്‌ കൗതുകകരമായി. പാട്ടുകാര്‍ സദസ്സിലേക്ക്‌ പ്രതികരണം തേടുമ്പോള്‍ ഒപ്പം ആഘോഷച്ചുവടുകളുമായി ആദ്യമെത്തുന്നതില്‍ പെണ്‍കുട്ടികളാണ്‌ കൂടുതല്‍. തികഞ്ഞ ആത്മവിശ്വസത്തോടെ പുതിയ തലമുറയിലെ സ്‌ത്രീകള്‍ മുന്നോട്ടു വരുന്നതിന്റെ കാഴ്‌ചകള്‍ ഹാപ്പിനെസ്‌ ആഘോഷരാവുകളില്‍ വ്യക്തമാണ്‌.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാടന്‍ പാട്ടുകളുടെയും ഈണങ്ങളുടെയും ഉല്‍സവമായിരുന്നു പ്രധാനവേദിയില്‍. അതുല്‍ നറുകരയുടെ സോള്‍ ഓഫ്‌ ഫോക്‌ സംഘവും ഇന്നലെ ഊരാളി ബാന്റിന്റെ പാട്ടും ആട്ടവും പറച്ചിലും സദസ്സിലെ ആയിരങ്ങളെ ഉല്‍സാഹഭരിതമാക്കിയാണ്‌ മിന്നിമറഞ്ഞത്‌.
തൃശ്ശൂരിലെ ഊരാളി ബാന്റിന്റെ പാട്ടും പറച്ചിലും വെറും സംഗീതാസ്വാദനത്തിന്റെ അതിരുകളെല്ലാം മറികടന്ന്‌ നമ്മുടെ കാലത്തിന്റെ ആശങ്കയും നാളെയുടെ സ്വപ്‌നചിന്തകളും പൊരുതിത്തന്നെ മുന്നോട്ടു പോകേണ്ട ജീവിതസമസ്യകളും ശക്തമായി സദസ്സിലേക്ക്‌ പകര്‍ന്നു.

ഈ ഭൂമിയിലെ പച്ചപ്പ്‌ ഇല്ലാതാകുന്നതിനെ പറ്റി, മണ്ണ്‌ നഷ്ടപ്പെടുന്നതിനെപ്പറ്റി പാട്ടുകാര്‍ ആശങ്ക പാട്ടിലൂടെ പങ്കുവെച്ചപ്പോള്‍ യുവജനങ്ങള്‍ അത്‌ ആരവത്തോടെ സ്വീകരിച്ചത്‌ ആവേശമുള്ള കാഴ്‌ചയായി. ഊരാളി സംഘം സദസ്സിലാകെ നടന്ന്‌ പറക്കുന്ന കുരുവികളുടെ കടലാസുരൂപങ്ങള്‍ വിതരണം ചെയ്‌തപ്പോള്‍ അത്‌ ഏറ്റെടുക്കാന്‍ യുവാക്കള്‍ തിരക്കുകൂട്ടി. പാട്ടുകാര്‍ പ്രകൃതിയെപ്പറ്റിയും പക്ഷികളെപ്പറ്റിയും പാടിയപ്പോള്‍ സദസ്സില്‍ നിന്നും നൂറുകണിക്കിന്‌ വര്‍ണക്കുരുവികല്‍ വാനില്‍ പറന്നു നടന്നു.

ത്രസിക്കുന്ന സംഗീതത്തിന്‌ യുവതീയുവാക്കള്‍ ചുവടുവെച്ചു. ചിലപ്പോള്‍ ഒന്നു കൂവാനും ചിലപ്പോള്‍ കൂവാതിരിക്കാനുമെല്ലാമാണ്‌ ഇത്തരം വേദികളെന്ന്‌ പാട്ടുകാര്‍ പറഞ്ഞപ്പോള്‍ ആവേശക്കൂവലോടെയാണ്‌ സദസ്സ്‌ പ്രതികരിച്ചത്‌. കൂവുന്നത്‌ വലിയ പ്രതികരണമാണെന്ന തിരിച്ചറിവ്‌ നല്‍കിയ പറച്ചിലും പാട്ടുമായിരുന്നു ഊരാളിസംഘത്തിന്റെത്‌.
പുതിയ തലമുറയുടെ അഭിരുചികളില്‍ മുതിര്‍ന്നവരും അഭിരമിക്കുന്ന കാഴ്‌ചയാണ്‌ സംഗീതസദസ്സുകളില്‍ കണ്ടത്‌. ആസ്വാദകരുടെ പാട്ടും പ്രതികരണങ്ങളും കൊണ്ട്‌ മാത്രം പൂര്‍ണമാകുന്ന പുതിയ ആക്ടിവിറ്റി സംഗീതമേളകളുടെ മൂഡിലേക്ക്‌ മുതിര്‍ന്നവര്‍ കൂടി ഇഷ്ടത്തോടെ കടന്നുവരികയും താളമിടുകയും ആര്‍പ്പു വിളിക്കുകയും ചെയ്യുന്ന അനുഭവമാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick