Categories
latest news

ആം ആദ്‌മിയുടെ ഒരു വെല്ലുവിളി യാഥാര്‍ഥ്യമാകുന്നു…

ഗുജറാത്ത്‌ തിരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ബലപരീക്ഷണത്തിന്‌ കൂടി വഴിയൊരുക്കിയിരിക്കുന്നു. ആം ആദ്‌മി പാര്‍ടി ഗുജറാത്തില്‍ ശക്തി തെളിയിച്ചതോടെ അവര്‍ ദേശീയ പാര്‍ടി പദവി നേടാന്‍ യോഗ്യരായിരിക്കുന്നു. മോദിയുടെ കോട്ടയില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ്‌ ഓള്‍ഡ്‌ പാര്‍ടിയായ കോണ്‍ഗ്രസ്‌ തളര്‍ന്നു വീണപ്പോള്‍ വെറും പത്തു വയസ്സുമാത്രം പ്രായമായ ഒരു പാര്‍ടി ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാകുകയും രണ്ട്‌ സംസ്ഥാനങ്ങള്‍ ഭരിക്കുകയും ചെയ്യുന്നു എന്നത്‌ രാഷ്ട്രീയത്തിലെ വലിയ കൗതുകമായി മാറുകയാണ്‌.
ബി.ജെ.പി.ക്ക്‌ ബദല്‍ തങ്ങളാണെന്ന്‌ കോണ്‍ഗ്രസ്‌ അവകാശപ്പെടുമ്പോള്‍ അത്‌ നിഷേധിച്ചുകൊണ്ട്‌ 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക്‌ വലിയ വെല്ലുവിളിയാകാന്‍ ആം ആദ്‌മി എന്ന മുദ്രാവാക്യമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. ഗുജറാത്തില്‍ പാര്‍ടി നേടിയ സീറ്റുകള്‍ സത്യത്തില്‍ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടെന്നതാണ്‌ സത്യം. ഗുജറാത്തില്‍ ആം ആദ്‌മിയുടെ ജയം ബിജെപി ഭയപ്പെട്ടിരുന്നു എന്നതിന്‌ തെളിവുകള്‍ പുറത്തു വരുന്നുണ്ട്‌. ആം ആദ്‌മിയെക്കാളും കോണ്‍ഗ്രസ്‌ ജയിക്കുന്നതാണ്‌ നല്ലത്‌ എന്ന ഗുജറാത്തിലെ ബിജെപി ആസ്ഥാനത്തുള്ള നേതാക്കള്‍ സ്വകാര്യമായി ആഗ്രഹം പങ്കുവെച്ചിരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനേക്കാള്‍ അവര്‍ ഭയപ്പെട്ടത്‌ ആം ആദ്‌മിയുടെ സാന്നിധ്യവും വളര്‍ച്ചയും ആണ്‌. ഇതിനര്‍ഥം ആം ആദ്‌മിയെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായി ബി.ജെ.പി. കാണുന്നു എന്നതാണ്‌. കോണ്‍ഗ്രസ്‌ ഇപ്പോള്‍ അവര്‍ക്ക്‌ മുഖ്യ എതിരാളിയേ അല്ല.

ആം ആദ്‌മിയെ ബിജെപി ഭയപ്പെടുന്നതിന്‌ പ്രധാന കാരണം ബിജെപിയുടെ പ്രചാരണ ആയുധങ്ങളെ അതിനെക്കാളും തന്ത്രപരമായി മറികടന്ന്‌ പ്രചാരണം സംഘടിപ്പിക്കുന്ന കക്ഷിയാണ്‌ കെജരിവാള്‍ സംഘം എന്നതാണ്‌. അവരെ ബിജെപിയുടെ ബി-ടീം എന്ന്‌ കോണ്‍ഗ്രസ്‌ വിമര്‍ശിക്കുന്നതും ഇതു കൊണ്ടാണ്‌. സംഘപരിവാറിന്റെ പ്രചാരണത്തെ അതേ നാണയം തിരിച്ചിട്ട്‌ പ്രയോഗിച്ച്‌ മറികടന്ന്‌ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കുന്ന കെജരിവാള്‍ തന്ത്രം ഭാവിയില്‍ ഏറ്റവും വെല്ലുവിളിയാകാന്‍ പോകുന്നത്‌ തങ്ങള്‍ക്കു തന്നെയാണെന്ന്‌ ബി.ജെ.പി. തിരിച്ചറിയുന്നുണ്ട്‌. തങ്ങളുടെ കോട്ടയായ, നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ലഹരിയാര്‍ന്ന വിജയം നേടിയ ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ടി പിടിച്ചെടുത്ത ഇടം പ്രതീകാത്മകമാണെന്നും തങ്ങള്‍ക്കെതിരായ വലിയ എതിരാളിയുടെ തിരനോട്ടമാണ്‌ സ്വന്തം തട്ടകത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും സംഘപരിവാര്‍ ആകുലപ്പെടുന്നുണ്ട്‌.
അതു കൊണ്ടാണ്‌ “സൗജന്യവാഗ്‌ദാനങ്ങളില്‍ ജനങ്ങള്‍ വീണില്ല” എന്ന്‌ അമിത്‌ ഷാ ആം ആദ്‌മിയെ കുത്തിക്കൊണ്ട്‌ ഇന്ന്‌ പ്രതികരിച്ചത്‌. 17 സീറ്റ്‌ ലഭിച്ച കോണ്‍ഗ്രസിനെതിരെയല്ല, 5 സീറ്റ്‌ ലഭിച്ച ആം ആദ്‌മിക്കെതിരായാണ്‌ അമിത്‌ ഷായുടെ പ്രതികരണം എന്നത്‌ ശ്രദ്ധേയമാണ്‌.

thepoliticaleditor

നരേന്ദ്രമോദിക്ക്‌ പറ്റിയ എതിരാളി അരവിന്ദ്‌ കെജരിവാള്‍ ആണെന്ന്‌ ഉറപ്പിക്കുന്ന വിജയമാണ്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആംആദ്‌മി നേടിയത്‌. 15 വര്‍ഷത്തെ ബിജെപി ഭരണക്കുത്തകയാണ്‌ അവസാനിപ്പിച്ചത്‌. ഡല്‍ഹി പ്രാദേശിക ഭരണം നിലനിര്‍ത്താനായി ബി.ജെ.പി. ഒട്ടേറെ കളികള്‍ കളിച്ചിരുന്നു. നേരത്തെ മൂന്ന്‌ മേഖലകളായി വിഭജിച്ചിരുന്ന കോര്‍പറേഷനെ ഒന്നിച്ചാക്കിയതായിരുന്നു പ്രധാന കളി. വന്‍ എതിര്‍പ്പിനെ വകവെക്കാതെയായിരുന്നു ഈ ഘടനാമാറ്റം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്‌. അതിലൂടെ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ ബിജെപി കണക്കുകൂട്ടി. എന്നാല്‍ അത്‌ ആം ആദ്‌മി പൊളിച്ചുകൊടുത്തത്‌ ബിജെപിക്ക്‌ ഉള്ളില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ ക്ഷീണം മാറും മുമ്പാണ്‌ ഗുജറാത്തില്‍ അഞ്ച്‌ സീറ്റുകള്‍ നേടി ആദ്യ അങ്കത്തില്‍ തന്നെ ആം ആദ്‌മി അരങ്ങില്‍ ശ്രദ്ധ നേടിയിരിക്കുന്നത്‌.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം കുറഞ്ഞത്‌ നാല്‌ വ്യത്യസ്‌ത സംസ്ഥാനങ്ങളില്‍ അംഗീകൃത പാര്‍ടിയായാലാണ്‌ ദേശീയ പാര്‍ടി പദവി ലഭിക്കുക. ഒരു സംസ്ഥാനത്ത്‌ അംഗീകരിക്കപ്പെടുക എന്നാല്‍, കുറഞ്ഞത്‌ രണ്ട്‌ നിയമസഭാ സീറ്റെങ്കിലും നേടുകയും അല്ലെങ്കില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്‌തതിന്റെ ആറ്‌ ശതമാനം വോട്ട്‌ നേടുകയും വേണം.

Spread the love
English Summary: gujarath election analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick