Categories
kerala

ആരാധകരുടെ പരസ്യമായ വ്യക്തി പൂജ: പി.ജയരാജന്‍ വീണ്ടും കുരുക്കിലേക്ക്‌

സി.പി.എമ്മില്‍ കണ്ണൂര്‍ ജില്ലയില്‍ ധാരാളം അനുയായികളും ആരാധകരുമുള്ള നേതാവാണ്‌ പി.ജയരാജന്‍. എന്നാല്‍ ജയരാജന്റെ പാര്‍ടിയിലെ വളര്‍ച്ചയ്‌ക്കെന്ന പോലെ അദ്ദേഹത്തിന്റെ ഇറക്കത്തിനും കാരണഭൂതരായത്‌ ഈ ആരാധകരുടെ ആവശ്യമില്ലാത്ത പരസ്യമായ വ്യക്തിപൂജാപരിപാടികളായിരുന്നു. ഇപ്പോള്‍ വീണ്ടും ജയരാജനെ കുരുക്കിലാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ആരാധകരെന്ന്‌ സ്വയം പ്രഖ്യാപിച്ചവര്‍ ഇറങ്ങിയിരിക്കായാണെന്നതിന്‌ സൂചനകള്‍ പുറത്തു വരുന്നു.

ഇ.പി.ജയരാജന്റെ സാമ്പത്തിക ബന്ധത്തിലേക്ക്‌ ചില പരാതികള്‍ പാര്‍ടിയുടെ ഉന്നത വേദിയില്‍, പ്രസക്തമായ ഒരു ചര്‍ച്ചാ അവസരത്തില്‍( പാര്‍ടിയുടെ തെറ്റു തിരുത്തല്‍ രേഖ) ഉന്നയിച്ച പി.ജയരാജനെ പുകഴ്‌്‌ത്തുന്ന ഫ്‌ലക്‌സ്‌ ബോര്‍ഡുകള്‍ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട്‌ സ്ഥാപിച്ചത്‌ വിവാദമാകുകയാണ്‌. ബോര്‍ഡ്‌ സ്ഥാപിച്ചതിനു പിന്നില്‍ ആരാണെന്ന്‌ വ്യക്തമല്ലെങ്കിലും ആരോപണ വിധേയനായ ഇ.പി.ജയരാജന്റെ നാടുള്‍പ്പെടുന്ന മേഖല എന്ന നിലയില്‍ ഇ.പി. വിരുദ്ധരാണ്‌ അതിനു പിന്നിലെന്ന സംശയം പ്രബലമാണ്‌. അഴീക്കോട്‌ സൗത്ത്‌ കാപ്പിലപ്പീടികയിലെ വഴിയോരത്താണ്‌ ബോര്‍ഡി സ്ഥാപിച്ചിട്ടുള്ളത്‌. ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട്‌ തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന്‌ വര്‍ഗ ശത്രുവിനെതിരെയും രണ്ടാമത്തേത്‌ പിഴയ്‌ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും-എന്നാണ്‌ ബോര്‍ഡിലുള്ള വാചകം. ഈ ബോര്‍ഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും അല്ലാത്ത മാധ്യമങ്ങളിലും വലിയ തോതില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്‌.

thepoliticaleditor


പി.ജയരാജന്റെ ഇ.പി. ജയരാജനെതിരായി ഉന്നയിച്ച പരാതിയുടെ ഗൗരവതരമായ പരിശോധനയില്‍ നിന്നും ചര്‍ച്ച തന്നെ വഴിമാറ്റി വിടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ്‌ ബോര്‍ഡ്‌ സ്ഥാപിച്ചതെന്നും വിശ്വസിക്കുന്നവര്‍ ജില്ലയിലെ പാര്‍ടി അനുയായികള്‍ക്കിടയിലുണ്ട്‌. പി.ജയരാജന്‌ മുന്‍കാലത്ത്‌ വലിയ കുരുക്കായി മാറിയ മുന്‍ വിവാദങ്ങളിലേക്ക്‌ ചര്‍ച്ച നയിച്ച്‌ ജയരാജന്റെത്‌ പാര്‍ടി വിരുദ്ധ നടപടിയാണെന്ന്‌ പാര്‍ടി പ്രവര്‍ത്തകരില്‍ വികാരമുണര്‍ത്താനുള്ള ശ്രമമാണിതിനു പിന്നിലെന്ന്‌ ജയരാജനെ ഇഷ്ടപ്പെടുന്നവര്‍ കരുതുന്നു. അതേസമയം പി.ജയരാജന്‍ ഈ ബോര്‍ഡിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത്‌ ഇ.പി.യെ ഇഷ്ടപ്പെടുന്നവരും ആയുധമാക്കുന്നുണ്ട്‌. മുമ്പ്‌ അമ്പാടിമുക്ക്‌ സഖാക്കള്‍ എന്ന പേരിലും പി.ജെ. ആര്‍മി എന്ന പേരിലും ജയരാജനു വേണ്ടിയെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിച്ച കാര്യങ്ങള്‍ ഒടുവില്‍ ജയരാജന്റെ പാര്‍ടിയിലെ സ്ഥാനവും പദവികളും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ്‌ നയിച്ചത്‌. പി.ജ.ആര്‍മി എന്ന സമൂഹമാധ്യമ കൂട്ടായ്‌മയ്‌ക്കു പിന്നില്‍ സി.പി.എമ്മിനോട്‌ പല തരത്തിലും ഈര്‍ഷ്യയും പിണക്കവും ഉള്ള അതേസമയം പാര്‍ടിയോട്‌ ചേര്‍ന്നു നില്‍ക്കുന്നവരുണ്ടെന്ന്‌ പാര്‍ടി കണ്ടെത്തിയിരുന്നു. തേരിലിരുന്ന്‌ യുദ്ധസന്നദ്ധനായി കുതിക്കുന്ന പിണറായി വിജയനെ അര്‍ജ്ജുനനായും പി.ജയരാജനെ തേര്‍ തെളിക്കുന്ന കൃഷ്‌ണനായും ചിത്രീകരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി അമ്പാടിമുക്ക്‌ സഖാക്കള്‍ എന്ന പേരില്‍ നടത്തിയ പ്രചാരണവും ജയരാജന്‌ തിരിച്ചടി ആവുകയായിരുന്നു. പി.ജയരാജനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നപ്പോഴും ജില്ലയിൽ അദ്ദേഹത്തെ അനുകൂലിച്ച് പാർട്ടി പ്രവർത്തകർ ബോർഡ് സ്ഥാപിച്ചിരുന്നു.

പി.ജയരാജന്റെ പേരില്‍ അദ്ദേഹത്തെ വീര നായകനാക്കി ഗാനം രചിച്ച്‌ സംഗീതം നല്‍കി പ്രചരിപ്പിച്ച സംഭവവും സി.പി.എമ്മില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആദ്യമെല്ലാം നിശ്ശബ്ദനായി ഇരുന്ന ജയരാജന്‍ പാര്‍ടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പി.ജെ. ആര്‍മിയെ തള്ളിപ്പറയുകയും അവര്‍ ചെയ്യുന്നത്‌ തനിക്കോ പാര്‍ടിക്കോ വേണ്ടിയല്ലെന്ന പരസ്യമായി പ്രസ്‌താവിക്കുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്‌ പാര്‍ടിയില്‍ വലിയ തിരിച്ചട നേരിട്ടുകഴിഞ്ഞിരുന്നു. തന്നെ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ തോല്‍ക്കുമായിരുന്ന വടകര പാര്‍ലമെന്റ്‌ സീറ്റില്‍ തന്നെ മല്‍സരിപ്പിച്ചതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്നും ജയരാജന്‍ കരുതുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വടകരയില്‍ തോറ്റപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു കിട്ടിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ ആ പദവിയില്‍ നിന്നും മാറ്റി കണ്ണൂരിലേക്ക്‌ തിരിച്ചെത്തിച്ച്‌ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു. എന്നാല്‍ ഇതേ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന്‌ പിന്നീട്‌ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കുകയും ചെയ്‌തത്‌ ശ്രദ്ധേയമായി.

പിന്നീട്‌ പാര്‍ടിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എന്ന ഉയര്‍ന്ന പദവിയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കുമെന്ന്‌ കരുതപ്പെട്ടിരുന്ന ജയരാജന്‌ അതും നല്‍കാതെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനാക്കുകയായിരുന്നു.

ഇ.പി.ജയരാജനും എം.വി. ഗോവിന്ദനും തമ്മില്‍ ഉണ്ടെന്നാരോപിക്കപ്പെടുന്ന മൂപ്പിളമ സൗന്ദര്യപ്പിണക്കത്തില്‍ പി.ജയരാജന്റെ പരാതി ഒരു കരു ആവുകയാണ്‌ പാര്‍ടിക്കകത്ത്‌. പിണറായി വിജയന്റെതാകും ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനവും നിര്‍ദ്ദേശവും. അത്‌ തന്റെ ഉറ്റ അനുയായി കൂടിയായ ഇ.പി.ജയരാജനെ തള്ളിക്കളഞ്ഞ്‌ പൂര്‍ണമായി പാര്‍ടിയില്‍ നിന്നും ഇല്ലാതാക്കുന്ന ഒന്നായി മാറുകയില്ല എന്നത്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌. അതേസമയം തന്റെ പേരില്‍ ഇറങ്ങുന്ന വ്യക്തിപൂജാ പ്രചാരണങ്ങളെ പി.ജയരാജന്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അദ്ദേഹം അക്കാര്യത്തിന്‌ കൂടുതല്‍ വിമര്‍ശനവിധേയനായിത്തീരുകയും പാര്‍ടിക്കകത്ത്‌ ഒറ്റപ്പെടുകയും ചെയ്യുന്നതിലേക്കാണ്‌ അവസാനം എത്തിച്ചേരുകയെന്ന്‌ പി.ജെ.യെ ഇഷ്ടപ്പെടുന്ന പാര്‍ടിക്കകത്തെ അനുയായികള്‍ കരുതുന്നു.

യു.ഡി.എഫിനെ അനുകൂലിക്കുന്ന പ്രമുഖ മാധ്യമങ്ങള്‍ പി.ജയരാജനെ പരമാവധി പുകഴ്‌ത്തുന്ന മനോഭാവത്തോടെ ഇപ്പോള്‍ സി.പി.എമ്മിലെ ഉള്‍പാര്‍ടി പ്രശ്‌നങ്ങള്‍ രസകരമായ വാര്‍ത്തകളാക്കി ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്‌ സി.പി.എം. ഏറെ വിമര്‍ശനാത്മകമായാണ്‌ കാണുന്നത്‌. ഈ മീഡിയാ ഹൈപ്പില്‍ പി. ജയരാജന്‍ വീണുപോകുമോ ഇല്ലയോ എന്നതാണ്‌ ചോദ്യം.

കേരളത്തിലെ ഒരു സീനിയര്‍ ഹയര്‍സെക്കന്ററി അധ്യാപകന്‍ വിരമിക്കുമ്പോള്‍ പോലും ആകെ എഴുപത്‌ ലക്ഷത്തോളം രൂപ ആനുകൂലമായി കിട്ടുന്ന കാലത്ത്‌ ഇ.പി.ജയരാജന്റെ ഭാര്യയും മകനും നടത്തിയതായി പറയുന്ന 90 ലക്ഷം രൂപയുടെ നിക്ഷേപം അനധികൃതമായി സമ്പാദിച്ചതാണെന്ന്‌ കണ്ണടച്ച്‌ പറയാന്‍ സാധിക്കുന്നതെങ്ങിനെ എന്ന ചോദ്യം ഇ.പി.യുടെ അനുയായികള്‍ ഉയര്‍ത്തുന്നു. ജില്ലാ ബാങ്ക്‌ ജനറല്‍മാനേജരായി വിരമിച്ച ഭാര്യയുടെ സമ്പാദ്യമാണ്‌ റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്ന്‌ മാത്രമാണ്‌ ഇപ്പോള്‍ ഇ.പി. ജയരാജനില്‍ നിന്നും വന്നിട്ടുള്ള ഏക പ്രതികരണം.

എന്നാല്‍ പരിസ്ഥിതി പ്രാധാന്യമുള്ള, വന്‍ നിര്‍മാണ അനുമതി ലഭിക്കാന്‍ ഏറെക്കുറെ അസാധ്യമായ കുന്നിന്‍പുറം ഇടിച്ച്‌ റിസോര്‍ട്ട്‌ നിര്‍മ്മാണത്തിന്‌ അനുമതിയുള്‍പ്പെടെ ഒരു തടസ്സവുമില്ലാതെ വാങ്ങിയെടുത്തതില്‍ ക്രമക്കേട്‌ ഉണ്ടെന്ന കാര്യം പാര്‍ടിയിലെ വലിയൊരു വിഭാഗം അംഗീകരിക്കുന്ന വസ്‌തതുതയും ആണ്‌. ഇത്‌ മന്ത്രിയെന്ന നിലയിലും പാര്‍ടി ഉന്നതന്‍ എന്ന നിലയിലും മകനു വേണ്ടി ഇ.പി.ജയരാജന്റെ ഇടപെടലാണെന്ന്‌ ജില്ലയിലെ സി.പി.എം. പ്രവര്‍ത്തകരില്‍ അഭിപ്രായമുണ്ട്‌. സാമ്പത്തിക ക്രമക്കേട്‌ കൃത്യമായ തെളിവുകളില്ലാതെ സ്ഥാപിക്കാന്‍ കഴിയുന്നതെങ്ങിനെ എന്നും ചോദിക്കുന്നവരുണ്ട്‌.

Spread the love
English Summary: flex board supporting p jayarajan throws some questions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick