Categories
kerala

ക്ലൈമാക്‌സില്‍ അപ്രതീക്ഷിത ട്വിസ്റ്റ്‌… ചന്ദ്രന്‍ നരിക്കോടിന്റെ ‘സ്‌റ്റേറ്റ്‌ ബസ്‌’ മികച്ച ഓട്ടത്തില്‍

ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത് സന്തോഷ്‌ കീഴാറ്റൂരും വിജിലേഷും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റേറ്റ് ബസ് സിനിമ തിയേറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആദ്യ സീൻ മുതൽ കഥയിലേക്ക് കടക്കുന്ന സ്റ്റേറ്റ് ബസ് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ്. പ്രാദേശിക സിനിമ കൂട്ടായ്മയിൽ നിന്നും ചന്ദ്രൻ നരിക്കോടിന്റെ സംവിധാന മികവിൽ നിന്നും ഉണ്ടായ മികച്ചൊരു ദൃശ്യാനുഭവമാവുകയാണ് സ്റ്റേറ്റ് ബസ്. പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മലയാള സിനിമയിൽ കണ്ടുവരുന്ന ‘സ്പൂൺ ഫീഡിങ്’ സമ്പ്രദായം ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതാണ് സ്റ്റേറ്റ് ബസിന്റെ പ്രത്യേകത. ചിത്രത്തിന്റെ ക്ലൈമാക്സിലടക്കം ഇത് പ്രകടമാണ്. പ്രേക്ഷകർക്ക് സിനിമയിലൂടെ കടന്ന് ചെന്ന് ഉത്തരം കണ്ടെത്താവുന്ന രീതിയിലാണ് സ്റ്റേറ്റ് ബസ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സ്‌ തന്നെയാണ് ചിത്രത്തിൽ മികച്ചു നിൽക്കുന്ന രംഗവും.സിനിമ കഴിഞ്ഞ്, ഒരു ചെറുകഥയിലെന്ന പോലെ പ്രേക്ഷകന് സിനിമയുടെ വ്യത്യസ്ത മാനങ്ങൾ കണ്ടെത്താം. “സിനിമ പ്രേക്ഷകന്റേത് കൂടെയാണ്. എല്ലാ കാര്യങ്ങളും സിനിമ പറയുന്നതിനപ്പുറം അവർക്ക് ചിന്തിക്കാനും സിനിമയിലേക്ക് ഇറങ്ങി ചെല്ലാനും എന്തെങ്കിലും ഉണ്ടാവണം എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ അഭിപ്രായം”. ചന്ദ്രൻ നരിക്കോട് പറയുന്നു.

thepoliticaleditor

തളിപ്പറമ്പ്, പയ്യന്നൂർ, അലക്കോട് മേഖലകളാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകൾ. പ്രേദേശവാസികൾക്ക് സിനിമ മറ്റൊരു ദൃശ്യാനുഭവം കൂടെ സമ്മാനിക്കുന്നു. ജയിൽ ചുവരിലെ ചിത്രങ്ങളും, തളിപ്പറമ്പ് മാർക്കറ്റും അങ്ങനെ സ്ഥിരം കാണുന്ന ചില സ്ഥലങ്ങൾക്ക് ക്യാമറ കണ്ണിലൂടെ നോക്കുമ്പോൾ ഭംഗി കൂടിയതായി അനുഭവപ്പെടും. സിനിമ കുറച്ചുകൂടെ അവരുമായി ചേർന്ന് നിൽക്കുന്നതായി തോന്നും. അധിക സിനിമകളിൽ ലൊക്കേഷൻ ആയിട്ടില്ലാത്ത കണ്ണൂരും തളിപ്പറമ്പ് പ്രദേശവും മനോഹരമായി ചിത്രത്തിൽ ഫ്രെയിം ചെയ്തിട്ടുണ്ട്. ഈ മനോഹാരിതയാണ് പ്രാദേശിക പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

സ്റ്റേറ്റ് ബസ്സിലാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബസ്സിലെ വിവിധ യാത്രക്കാരുടെ ജീവിതത്തിലേക്കും സിനിമ കടന്നുചെല്ലുന്നു. പുതുമുഖങ്ങളെന്ന നിലയിൽ സിനിമയിൽ വേഷമിട്ട കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് സന്തോഷ്‌ കീഴാറ്റൂരിന്റെ അഭിനയ മികവാണ്. താരതമ്യേന സംഭാഷണങ്ങൾ കുറവായിരുന്ന സന്തോഷ്‌ കീഴാറ്റൂരിന്റെ കഥാപാത്രം പ്രതികാര രാഷ്ട്രീയത്തിന്റെ തീവ്രത പൂർണമായും തന്നിലേക്ക് ആവാഹിച്ചു എന്ന് വേണം പറയാൻ.

തളിപ്പറമ്പിലെ സിനിമാ കൂട്ടായ്മയിൽ ഒരുങ്ങിയ സ്റ്റേറ്റ് ബസ്സിൽ അധികവും കണ്ണൂർ തളിപ്പറമ്പ് മേഖലയിലെ കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്. സ്നേഹ ബന്ധങ്ങൾക്ക് അമിതമായി താൻ വില കല്പ്പിക്കുന്നു എന്ന് വിമർശനം ഉള്ളതായി സംവിധായകൻ പറഞ്ഞു. “മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആദ്യത്തെ ഒരു സിനിമ കഴിഞ്ഞാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. ഞാൻ വേഷം കൊടുത്ത കലാകാരന്മാരുടെ ആദ്യത്തെ സിനിമ എന്റേത് ആകുമ്പോൾ അതിലും വലിയ സന്തോഷം വേറെയില്ല”: ചന്ദ്രൻ നരിക്കോട് പറയുന്നു.

സന്തോഷ്‌ കീഴാറ്റൂരിനും വിജിലേഷിനും പുറമേ ‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണി’ലൂടെ ശ്രദ്ധേയയായ കബനി,’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫെയിംസ് സിബി തോമസ്, പി. ശിവദാസ്, സദാനന്ദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്‌ത കഥാകൃത്തും തളിപ്പറമ്പിനടുത്ത കൂവേരി സ്വദേശിയുമായ പ്രമോദ്‌ കൂവേരിയുടെ അഗ്രേ പശ്യാമി എന്ന കഥയ്‌ക്ക്‌ അദ്ദേഹം തന്നെ രചിച്ച തിരക്കഥയാണ്‌ സ്റ്റേറ്റ്‌ ബസ്‌-ന്റെത്‌. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ശരീഫ്‌ ഈസ സംവിധാനം ചെയ്‌ത കാന്തന്‍ ദ ലവര്‍ ഓഫ്‌ കളേഴ്‌സ്‌ എന്ന സിനിമയുടെ തിരക്കഥാകാരന്‍ കൂടിയാണ്‌ പ്രമോദ്‌. ശരീഫ്‌ ഈസയും തളിപ്പറമ്പ്‌ കൂവേരി സ്വദേശിയാണ്‌.
സ്റ്റേറ്റ്‌ ബസിലെ മനോഹരമായ പാട്ടുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്‌. പ്രശസ്‌ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്‌ ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. പശ്ചാത്തല സംഗീതമാകട്ടെ മറ്റൊരു പ്രമുഖ സംഗീതജ്ഞനായ മോഹന്‍ സിത്താരയാണ്‌. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പദ്മകുമാറുമാണ് സ്റ്റേറ്റ് ബസ്നിർമിച്ചത്.
പാതി എന്ന ആദ്യ ഫീച്ചര്‍ സിനിമയിലൂടെ ദേശീയ തലത്തില്‍ തന്നെ പുരസ്‌കാരം നേടിയ ചന്ദ്രന്‍ നരിക്കോട്‌ മലയാളസിനിമയുടെ യുവതലമുറയ്‌ക്ക്‌ മുതല്‍ക്കൂട്ടാണ്‌. കണ്ണൂര്‍ ജില്ലയുടെ പ്രത്യേകിച്ച്‌ തളിപ്പറമ്പിന്റെ സമൃദ്ധമായ സിനിമാ സംസ്‌കാരത്തിന്റെ സന്താനവുമാണ്‌ ഈ സംവിധായകന്‍.

കേരളത്തിളുടനീളം പ്രദർശനത്തിനെത്തിയ സ്റ്റേറ്റ് ബസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.. സ്റ്റേറ്റ് ബസ്സിന്‌ ശേഷം ഒരു കോമഡി ഫൺ എന്റർടൈനറിന്റെ പണിപ്പുരയിലാണ് സംവിധായകൻ ചന്ദ്രൻ നരിക്കോട്.

Spread the love
English Summary: Film named state bus by chandran narikkode released

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick