Categories
kerala

150-300 രൂപയുടെ പാസ്സെടുക്കൂ…12 പുതിയ മലയാള സിനിമകളടക്കം അന്താരാഷ്ട്ര സിനിമകള്‍ കാണാന്‍ അവസരം

തിരുവനന്തപുരത്ത്‌ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ മല്‍സര വിഭാഗത്തില്‍ മാറ്റുരച്ചവ ഉള്‍പ്പെടെയുള്ള സിനിമകള്‍ കാണാന്‍ തളിപ്പറമ്പില്‍ ചലച്ചിത്രോല്‍സവം ഒരുങ്ങുന്നു. ഹാപ്പിനെസ്‌ ഫെസ്‌റ്റിവലിന്റെ ഭാഗമായ ചലച്ചിത്രോല്‍സവത്തില്‍ 300 രൂപ അടച്ച്‌ പാസ്സ്‌ എടുത്താല്‍ ഏറ്റവും പുതിയ 12 മലയാള ഫീച്ചര്‍ സിനിമയും കാണാം എന്ന സവിശേഷതയുണ്ട്‌.

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ സമകാലിക മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ സിനിമയും മൂന്നു ദിവസങ്ങളിലായി തളിപ്പറമ്പില്‍ കാണാം. സാധാരണ ഗതിയില്‍ സിനിമാ തിയേറ്ററുകളില്‍ ഉടനെ എത്താനിടയില്ലാത്ത ഈ സിനിമികളെല്ലാം ഒരുമിച്ച്‌ കാണാനുള്ള അപൂര്‍വ്വ അവസരമാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവല്‍ ചലച്ചിത്രോല്‍സവം ഒരുക്കുന്നത്‌.

ഡിസംബര്‍ 19,20,21 തീയതികളില്‍ തളിപ്പറമ്പ്‌ ക്രൗണ്‍, ആലിങ്കീല്‍ തിയേറ്ററുകളിലും മൊട്ടമ്മല്‍ മാളിലെ കണ്‍വെന്‍ഷന്‍ ഹാളിലുമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 19 രാവിലെ മുതല്‍ ചലച്ചിത്ര പ്രദര്‍ശനം തുടങ്ങും. വൈകീട്ട്‌ ലോക പ്രശസ്‌ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ മേള ഉദ്‌ഘാടനം ചെയ്യും.
മുതിര്‍ന്നവര്‍ക്ക്‌ 300 രൂപയും വിദ്യാര്‍ഥികള്‍ക്ക്‌ 150 രൂപയുമാണ്‌ ഡെലിഗേറ്റ്‌ പാസ്സിന്റെ നിരക്ക്‌. ഓണ്‍ലൈനായും ഓഫ്‌ ലൈനായും രജിസ്റ്റര്‍ ചെയ്യാം. ചലച്ചിത്ര അക്കാദമിയുടെ വെബ്‌ സൈറ്റിലൂടെ തന്നെയാണ്‌ ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന്‍. ഓഫ്‌ ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ തളിപ്പറമ്പ്‌ ബസ്സ്‌സ്റ്റാന്റിന്‌ എതിര്‍വശത്തെ സംഘാടകസമിതി ഓഫീസില്‍ പോയാല്‍ മതി. ഓണ്‍ലൈനായി രജിസ്‌ററര്‍ ചെയ്യാനുള്ള ലിങ്ക്‌ താഴെക്കൊടുക്കുന്നു

https://registration.iffk.in/index.php/Accountrecovery/registration

വി.എസ്‌.ഇന്ദു സംവിധാനം ചെയ്‌ത ഏറെ ചര്‍ച്ചാവിഷയമായ വിജയ്‌സേതുപതി-നിത്യമേനോന്‍ സിനിമ 19-1(A), സന്തോഷ്‌ ബാബുസേനന്‍-സതീഷ്‌ ബാബുസേനന്‍ സംവിധാനം ചെയ്‌ത ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട്‌ മക്കളും, ജിയോ ബേബി, കുഞ്ഞില മസിലാമണി, ഫ്രാന്‍സിസ്‌ ലൂയിസ്‌, ജിതിന്‍ ഐസ്‌ക തോമസ്‌, അഖില്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഒരുക്കിയ രജീഷ വിജയൻ സിനിമ ഫ്രീഡം ഫൈറ്റ്‌, പ്രിയനന്ദന്‍ സംവിധാനം ചെയ്‌ത ധബാരിക്കുരുവി, കെ.വി.തമര്‍ സംവിധാനം ചെയ്‌ത ആയിരത്തൊന്ന്‌ നുണകള്‍, സിദ്ധാര്‍ഥ്‌ ശിവ സംവിധാനം ചെയ്‌ത നമിത പ്രമോദ്‌ അഭിനയിച്ച ‘ആണ്‌’, പാലക്കാട്ട്‌ അയ്യങ്കാളിപ്പട കളക്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ കഥ പറയുന്ന കെ.എം.കമലിന്റെ ഏറെ ചര്‍ച്ച ചെയ്‌ത കുഞ്ചാക്കോ ബോബന്‍, ജോജു, വിനായകന്‍ സിനിമ ‘പട’, സനല്‍കുമാര്‍ ശശിധരന്റെ ടൊവിനോ തോമസ്‌ ചിത്രം വഴക്ക്‌, അമല്‍ പ്രസിയുടെ ‘ബാക്കി വന്നവര്‍’, പ്രതീഷ്‌ പ്രസാദ്‌ സംവിധാനം ചെയ്‌ത നോര്‍മല്‍ എന്നീ ഈ വര്‍ഷത്തെ പ്രമുഖ മലയാള ചലച്ചിത്രങ്ങള്‍ തളിപ്പറമ്പ്‌ ചലച്ചിത്രമേളയില്‍ ചലച്ചിത്ര അക്കാദമി ഒരുക്കിയിട്ടുണ്ട്‌.

കൂടാതെ ടഗ്‌ ഓഫ്‌ വാര്‍ തുടങ്ങി തിരുവനന്തപുരം അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇരുപതോളം വിദേശ സിനിമകളും മേളയില്‍ ആസ്വദിക്കാം.
വടക്കേ മലബാറിലെ ചലച്ചിത്ര പ്രേമികള്‍ക്ക്‌ അപൂര്‍വ്വമായ സിനിമാ വിരുന്ന്‌ ആസ്വദിക്കാനുള്ള അവസരമാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ ഭാഗമായ മേള. തിരുവനന്തപുരത്ത്‌ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സമാപിച്ചതിനു തൊട്ട പിറകെ, അതില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക്‌ ആ മേളയുടെ നല്ലൊരു പരിച്ഛേദം വടക്കേ മലബാറില്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതാണ്‌ പ്രധാന സവിശേഷത. പ്രശസ്‌ത യുവ സംവിധായകന്‍ ഷെറി ഗോവിന്ദ്‌ ചെയർമാനും പ്രമുഖ നടൻ സന്തോഷ് കീഴാറ്റൂർ ചീഫ് കോ-ഓർഡിനേറ്ററുമായ സംഘാടക സമിതിക്കാണ് മേളയുടെ നേതൃത്വം.

Spread the love
English Summary: film festival at taliparamba a visual treat

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick