Categories
kerala

സ്ഥാനം വിടാന്‍ തയ്യാറാണെന്ന്‌ സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക്‌ കത്തയച്ചുവെന്ന്‌ പ്രചാരണം

കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെല്ലാം ഒന്നിച്ചിരിക്കുന്ന പുതിയ സാഹചര്യത്തില്‍ താന്‍ സ്ഥാനം വിടാന്‍ തയ്യാറാണെന്ന്‌ കാണിച്ച്‌ രാഹുല്‍ ഗാന്ധിക്ക്‌ സുധാകരന്‍ കത്തയച്ചുവെന്ന ഊഹ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രണ്ടു ദിവസം മുമ്പ്‌ അയച്ച കത്തില്‍ പ്രതിപക്ഷ നേതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്‌മ എടുത്തു പറയുന്നുണ്ടത്രേ. പ്രതിപക്ഷനേതാവില്‍ നിന്നും പിന്തുണ കിട്ടുന്നില്ലെന്നും പ്രതിപക്ഷവും കെ.പി.സി.സി.യും ഒരുമിച്ച്‌ പോകുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നതായും ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ശിശുദിനത്തില്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ ആര്‍.എസ്‌.എസിനോട്‌ മൃദുസമീപനം സ്വീകരിച്ച വ്യക്തിയായി ചിത്രീകരിച്ച്‌ പ്രസംഗിച്ച സുധാകരന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആകെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സുധാകരനെ ന്യായീകരിക്കാനാണോ വിമര്‍ശിക്കാനാണോ ഊര്‍ജ്ജം പ്രയോഗിക്കേണ്ടതെന്ന വലിയ പ്രതിസന്ധി. തന്റെ വാക്കുപ്പിഴയില്‍ സുധാകരന്‍ ഹൈക്കമാന്‍ഡിനോട്‌ ഉള്‍പ്പെടെ ഖേദം പ്രകടിപ്പിച്ചെങ്കിലും പക്വതയില്ലാത്ത സുധാകരന്റെ സമീപകാല പ്രസംഗങ്ങളോട്‌ ദേശീയതലത്തിലും സംസ്ഥാനത്തുമുള്ള സുധാകരനെ താഴ്‌ത്തിക്കെട്ടാനാഗ്രഹിക്കുന്ന എല്ലാ നേതാക്കള്‍ക്കും വലിയ പ്രതിഷേധം ഉണ്ടായി. അവര്‍ അതെല്ലാം മറയില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു.

യു.ഡി.എഫിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലീം ലീഗ്‌ സുധാകരന്റെ പ്രസ്‌താവനകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഖേദ പ്രകടനം കൊണ്ട്‌ തീരാവുന്ന പ്രശ്‌നമല്ല സുധാകരന്‍ ഉണ്ടാക്കിയതെന്നും ലീഗ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ലീഗിന്റെ ചിന്തകള്‍ക്ക്‌ കോണ്‍ഗ്രസ്‌ കീഴടങ്ങിയെന്ന്‌ വരുന്നത്‌ കോണ്‍ഗ്രസിന്‌ ക്ഷീണമാണെന്ന വിലയിരുത്തലാണ്‌ പാര്‍ടിക്കകത്ത്‌. ഇത്‌ ആര്‍.എസ്‌.എസ്‌-നു മാത്രമേ ഗുണം ചെയ്യൂ എന്നും പ്രവര്‍ത്തകര്‍ കരുതുന്നു.
സുധാകരനെതിരെ വ്യക്തിപരമായി തന്നെ ഉന്നം വെച്ച്‌ വിമര്‍ശിക്കുന്ന സി.പി.എം. സുധാകരന്റെ പതനം എത്രയും വേഗം ആഗ്രഹിക്കുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. സുധാകരന്റെ ഉയര്‍ച്ച സി.പി.എമ്മിന്‌ വലിയ തലവേദനയാണ്‌. സുധാകരനെ ഒതുക്കാന്‍ സര്‍വ്വ വഴിയും തേടി പ്രചാരണം ശക്തമാക്കുന്ന തിരക്കിലാണ്‌ സി.പി.എം.
അതേസമയം രാഹുല്‍ഗാന്ധിക്ക്‌ കത്തയച്ചത്‌ സഹതാപം തേടാനും ദേശീയ നേതൃത്വത്തില്‍ തനിക്ക്‌ പിന്തുണ കിട്ടാനും കെ.സി.വേണുഗോപാലിനെ പോലുള്ളവരുടെ അഭിപ്രായസ്വരൂപണത്തിനെതിരെ തനിക്ക്‌ ദേശീയ നേതൃത്വത്തില്‍ നിന്നും മൃദുസമീപനം കിട്ടാനും ആണെന്ന്‌ സംശയിക്കപ്പെടുന്നു. കത്തയച്ചിട്ടുണ്ടോ എന്ന കാര്യം തന്നെ ഔദ്യോഗികമായി സ്ഥിരീകരണമില്ലാത്ത അവസ്ഥയാണ്‌. മാത്രമല്ല, ഇപ്പോള്‍ ഔദ്യോഗിക പദവിയില്‍ ഒന്നിലുമില്ലാത്ത രാഹുല്‍ ഗാന്ധിക്ക്‌ കത്തയച്ചതിലെ രാഷ്ട്രീയതന്ത്രവും ചര്‍ച്ചയാവുകയാണ്‌. രാഹുലിന്റെ പിന്തുണ ലഭിച്ചാല്‍ പിന്നെ സംസ്ഥാനത്ത്‌ ആര്‌ കൊമ്പിട്ടു കുലുക്കിയാലും തന്റെ പദവിക്ക്‌ തല്‍ക്കാലം കുഴപ്പമുണ്ടാവില്ല എന്ന തോന്നല്‍ സുധാകരന്‌ ഉണ്ട്‌.

thepoliticaleditor

കണ്ണൂരിലെ നവോത്ഥാന സദസിൽവച്ച് കെ സുധാകരൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്ന് സുധാകരൻ വിശദീകരണം നൽകുകയും ചെയ്തു.സുധാകരന്റെ പരാമർശങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും ലീഗ് നേതാക്കളും അടക്കം അതൃപ്‌തി അറിയിച്ചിരുന്നു. സുധാകരന്റെ പരാമർശം ഗൗരവതരമെന്നാണ് വി ഡി സതീശൻ പറഞ്ഞത്. വിവാദ പരാമർശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരം പരാമർശങ്ങളുണ്ടാകുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടകകക്ഷികളുമായി സംസാരിക്കും. മതേതര നിലപാടുകളിൽ വെള്ളം ചേർക്കുന്ന സമീപനം കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. കെ സുധാകരന്റെ ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. നെഹ്റു ഒരിക്കലും ആർ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആർ എസ് എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തി. മുഖർജിയെ അറസ്റ്റ് ചെയ്യിച്ചതും നെഹ്റുവാണ്.–സുധാകരനെതിരെ മുരളീധരന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ഒത്തു ചേര്‍ന്നു പോകുന്ന എ-ഗ്രൂപ്പിന്റെ കൂടി അഭിപ്രായമാണെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌.

Spread the love
English Summary: movement of k sudhakaran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick