Categories
kerala

ശശി തരൂര്‍ ശരിയുമാണ്‌, തെറ്റുമാണ്‌

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ തരൂര്‍ വരുന്നത്‌ പാര്‍ടിക്ക്‌ ഉറപ്പായും നേട്ടമായിരിക്കുമെന്നും എല്ലാവരും ചിന്തിക്കുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ തരൂര്‍ ദേശീയ നേതാവാകുന്നത്‌ ഒട്ടും ഇഷ്ടമല്ല എന്നതാണ്‌ ഇപ്പോഴത്തെ തരൂര്‍ വിരുദ്ധ പ്രതികരണങ്ങളുടെയെല്ലാം പിന്നില്‍

Spread the love

ശശി തരൂര്‍ വിതച്ച കാറ്റ്‌ കോണ്‍ഗ്രസില്‍ കൊടുങ്കാറ്റായി കൊയ്യുമോ എന്നത്‌ കാണാന്‍ പോകുന്ന പൂരമാണെങ്കിലും ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും കൊണ്ട്‌ സമൃദ്ധമായ സംസ്ഥാന കോണ്‍ഗ്രസില്‍ ഈ ഒറ്റയാന്‍ മനുഷ്യന്‍ ഇളക്കിവിട്ട ഗ്രൂപ്പതീത വികാരം അന്യാദൃശമാണ്‌ എന്ന്‌ പറയണം. ശശി തരൂര്‍ മറ്റൊരു ഗ്രൂപ്പിസം കളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നത്‌ കാല്‍ക്കീഴിലെ മണ്ണ്‌ ഒഴുകിപ്പോകുമെന്ന്‌ ശങ്കിക്കുന്ന നേതാക്കളാണ്‌. ശശി തരൂരിന്റെ വ്യക്തിപ്രഭാവവും കാപട്യമില്ലായ്‌മയും കോണ്‍ഗ്രസിലെ യുവതലമുറയ്‌ക്ക്‌ ആവേശമാകുന്നുണ്ടെന്നാണ്‌ സൂചനകള്‍. അതേസമയം മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കും തരൂര്‍ ആവേശമുണ്ടാക്കുന്നത്‌ ഇപ്പോഴത്തെ കെ.പി.സി.സി. അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും ദേശീയ ജനറല്‍ സെക്രട്ടറിയെയും ആകുലരാക്കുന്നത്‌ ചില്ലറ രീതിയിലല്ല. പല പടലകളായി നില്‍ക്കുന്ന ഐ-ഗ്രൂപ്പിലാണ്‌ തരൂരിന്റെ നീക്കങ്ങള്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്‌. എ-വിഭാഗമാകട്ടെ തരൂരിനെ പിന്തുണച്ച്‌ സാന്ദര്‍ഭികമായ നേട്ടം ഉണ്ടാക്കാനും ശ്രമിക്കുന്നു. ഐ-യിലെ ഒരു പ്രധാന പടലയായ രമേശ്‌ ചെന്നിത്തല പക്ഷേ തരൂരിനോട്‌ മൃദു സമീപനം പുലര്‍ത്തി മിണ്ടാതിരിക്കുന്നതാണ്‌ ഏറ്റവും കൗതുകമുണര്‍ത്തിയത്‌. അതിനു കാരണം ചെന്നിത്തലയ്‌ക്ക്‌ സതീശനോടുള്ള അസ്‌ക്യതയാണ്‌. പ്രതിപക്ഷ നേതൃസ്ഥാനം സതീശന്‌ ചെന്നിത്തലയോട്‌ ഒരു വാക്കു പോലും ചോദിക്കാതെ ദേശീയ നേതൃത്വം കൈമാറിയ നിമിഷം തുടങ്ങിയതാണ്‌ ഈ അസ്‌ക്യത. തരൂരിന്റെ മലബാര്‍ പര്യടനം സതീശനെ അസ്വസ്ഥനാക്കിയെങ്കില്‍ അത്‌ അങ്ങനെ തുടരട്ടെയെന്ന്‌ ചെന്നിത്തല കരുതിയതിലെ യുക്തി ഇതാണ്‌.
തരൂര്‍ വിഷയം വന്നപ്പോഴാണ്‌ വ്യക്തമാകുന്നത്‌, സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ സത്യത്തില്‍ ഒരു ഏകീകൃതമായ ആശയവിനിമയമോ പ്രവര്‍ത്തനമോ ഇല്ല എന്നത്‌. പുറമേ ശാന്തമെന്നും മൗനമെന്നും തോന്നിക്കുമെങ്കിലും അകത്ത്‌ സുധാകരന്‍, സതീശന്‍, ചെന്നിത്തല, മുരളീധരന്‍, മുല്ലപ്പള്ളി തുടങ്ങിയവരെല്ലാം പല ദിശയിലാണ്‌. രണ്ടാം നിര നേതാക്കളെ പൊടിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല.
മലപ്പുറത്തും കോഴിക്കോടും അടുത്ത മാസം മൂന്നിന്‌ കോട്ടയത്തും യൂത്ത്‌ കോണ്‍ഗ്രസ്‌ ഒരുക്കുന്ന വേദിയില്‍ തരൂര്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഡിസിസി അധ്യക്ഷരും കെ.പി.സി.സി. ഭാരവാഹികളും തരൂരിനെ അടുപ്പിക്കുന്നില്ല. മലപ്പുറത്തെ പ്രസിഡണ്ട്‌ വി.എസ്‌.ജോയി മാത്രമാണ്‌ തരൂരിനെ പരിഗണിച്ചത്‌. അതിനു കാരണം എന്താണെന്നു ചോദിച്ചാല്‍ മുസ്ലീംലീഗ്‌ ആണ്‌. ലീഗ്‌ തരൂരിന്‌ പാണക്കാട്ട്‌ ഗംഭീര സ്വീകരണം നല്‍കിയപ്പോള്‍ മലപ്പുറത്തെ പരമ്പരാഗത ലീഗ്‌-കോണ്‍ഗ്രസ്‌ സമവാക്യവും ഉള്‍പ്പോരും ഞാനോ വലുത്‌ നീയോ വലുത്‌ എന്ന ഈഗോ പ്രശ്‌നങ്ങളും ചേര്‍ന്ന മാനസികാവസ്ഥയാണ്‌ തരൂരിനെ സ്വീകരിക്കാന്‍ ജോയി വന്നതിനു പിറകിലുള്ള മാനസികാവസ്ഥയെന്നു കാണാന്‍ കഴിയും.

ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിലാണു തരൂരിനെ പങ്കെടുപ്പിക്കുന്നത്. പരിപാടിയുടെ പോസ്റ്ററില്‍ വി.ഡി.സതീശന്‍റെ ചിത്രം ആദ്യം ഒഴിവാക്കിയതും വിവാദത്തിലായിരുന്നു. വിവാദം കൊഴുത്തപ്പോഴാണ്‌ സതീശന്റെ ഫോട്ടോ പിന്നീട്‌ പോസ്‌റ്ററില്‍ കൂട്ടിച്ചേര്‍ത്തത്‌. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെയാണ്‌ പരിപാടിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ എന്നത്‌ സംഘടനാപരമായി ഗൗരവമുള്ളതാണ്‌. കാരണം എ-ഗ്രൂപ്പിന്റെ തട്ടകമാണ്‌ കോട്ടയം. സതീശനും എ-ഗ്രൂപ്പും തമ്മിലുള്ള ഉള്‍പ്പോരിന്റെ സൂചന ഈ പോസ്റ്റര്‍ വിവാദത്തിലുണ്ട്‌. തരൂരിനു പിന്തുണ നല്‍കി സതീശനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രം എ-ഗ്രൂപ്പ്‌ കുറച്ചു ദിവസമായി പയറ്റിത്തുടങ്ങിയിട്ടുണ്ട്‌.

thepoliticaleditor

മുസ്ലീംലീഗിന്റെ ഉന്നത നേതൃത്വത്തെ മാത്രമല്ല ക്രിസ്‌ത്യന്‍ മത മേധാവികളെയും തരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്‌. ഇതെല്ലാം എന്തിന്റെ ഭാഗമാണ്‌ എന്ന കാര്യത്തിലാകട്ടെ വ്യക്തതയുമില്ല. തരൂര്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുമില്ല.
ശശി തരൂരിനെ കോണ്‍ഗ്രസ്‌ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം എന്തുകൊണ്ട്‌ നടത്തുന്നില്ല എന്നതാണ്‌ ബുദ്ധിയുള്ള എല്ലാവരും ചോദിക്കുന്ന ഏക ചോദ്യം. കാരണം ശശി തരൂര്‍ കോണ്‍ഗ്രസിലെ ദീപ്‌തമായ മുഖമാണ്‌. സംഘപരിവാറിനെതിരെ മുന്നില്‍ നിര്‍ത്താവുന്ന, നരേന്ദ്രമോദിയെ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ക്കെതിരെ നിര്‍ത്താവുന്ന തിളക്കമുള്ള നേതാവാണ്‌. ഈ രീതിയില്‍ പരമാവധി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്‌ എന്തുകൊണ്ടാണ്‌ തയ്യാറാവാത്തത്‌ എന്നത്‌ ദുരൂഹമായ ഈഗോയിസമോ ശുദ്ധ മണ്ടത്തരമോ ആണെന്ന കാര്യം ചര്‍ച്ചാവിഷയമാണ്‌.

അതേസമയം ശശി തരൂരിന്റെ മലബാര്‍ പര്യടനവും മറ്റ്‌ ജില്ലകളിലെ പരിപാടികളും തീര്‍ത്തും സംഘടനാ ചട്ടക്കൂടിനെ മാനിക്കും വിധമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നതാണ്‌ ഉത്തരം. കോണ്‍ഗ്രസില്‍ സംഘടനാ കീഴ്‌ വഴക്കങ്ങള്‍ ഏറെ അയഞ്ഞതാണെങ്കിലും ജില്ലാ നേതൃത്വങ്ങള്‍ തരൂരിന്‌ വിലക്കു പ്രഖ്യാപിക്കുന്ന തരത്തിലേക്ക്‌ തരൂരിന്റെ നീക്കങ്ങള്‍ ഏക പക്ഷീയവും സംഘടനാപരമായ ചട്ടങ്ങള്‍ക്ക്‌ ചേര്‍ന്നു പോകുന്നതല്ലെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ മല്‍സരിച്ചു പരാജയപ്പെട്ട തരൂര്‍ പാര്‍ടിയില്‍ പ്രധാന സ്ഥാനത്തുള്ള വ്യക്തിയല്ല. കേരളത്തിലെ ഒരു എം.പി. എന്ന നിലയിലുള്ള പദ്ധതികളല്ല തരൂര്‍ നടപ്പാക്കുന്നത്‌ എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. കണ്ണൂരിലെ ചടങ്ങില്‍ കഥാകൃത്ത്‌ ടി.പത്മനാഭന്‍ തരൂരിനെ വി.കെ.കൃഷ്‌ണമേനോനോടാണ്‌ ഉപമിച്ചത്‌. കൃഷ്‌ണമേനോന്‍ വിശ്വപൗരനും പ്രതിഭാശാലിയുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ പാര്‍ടി അദ്ദേഹത്തെ അവഗണിച്ചു. ഇതാണ്‌ തരൂരിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌ എന്നായിരുന്നു പത്മനാഭന്റെ വിവക്ഷ. എന്നാല്‍ പാര്‍ടിയെ വേണ്ടത്ര വിശ്വാസത്തിലെടുക്കാതെ ജില്ലകള്‍തോറുമുള്ള തരൂരിന്റെ പര്യടനം സംഘടനാ മര്യാദയുടെ ലംഘനമാണെന്ന വിമര്‍ശനം ഉണ്ട്‌. പാര്‍ടിയില്‍ പ്രത്യേകിച്ച്‌ പദവിയൊന്നുമില്ലാത്ത ഒരു നേതാവ്‌ നിലവിലുളള സമവാക്യത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സംഘടനയെ വെല്ലുവിളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു എന്ന്‌ തോന്നുമാറ്‌ മുസ്ലീംലീഗിന്റെ ആസ്ഥാനം ഉള്‍പ്പെടെ സന്ദര്‍ശിച്ച്‌ പ്രതികരണങ്ങള്‍ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുന്നവര്‍ ഏറെയാണ്‌. വേറെ ഏതെങ്കിലും പാര്‍ടിയില്‍ ഈ രീതിയില്‍ ഒരാളെ അനുവദിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.

കോട്ടയത്തെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ ഈരാറ്റുപേട്ടയില്‍ നടത്താനിരിക്കുന്ന സമ്മേളനത്തെപ്പറ്റി തന്നെ അറിയിച്ചിട്ടില്ലെന്ന്‌ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്‌ പറയുന്നു. ‘‘ഇങ്ങനെയൊരു പരിപാടി ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. യൂത്ത് കോൺഗ്രസ് നേതൃത്വം ആരും എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ശശി തരൂരിന്റെ ഓഫിസിൽനിന്നും അറിയിപ്പൊന്നും വന്നിട്ടില്ല. അപ്പോൾ നടക്കുന്ന വിഷയവുമായി ബന്ധപ്പെട്ടു പെട്ടെന്നു പരിപാടി സംഘടിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇതു വലിയ പരിപാടിയാണെന്നാണു കേട്ടത്. ഇത്തരം പരിപാടികൾ ഡിസിസിയോടും ജില്ലാ കമ്മിറ്റിയോടും ആലോചിച്ച് ചെയ്യേണ്ടതാണ്. പക്ഷേ അതുണ്ടായിട്ടില്ല’’– നാട്ടകം സുരേഷ് പറഞ്ഞു.

തരൂരിന്റെ ഒറ്റയാന്‍ പര്യടനത്തിന്റെ യഥാര്‍ഥ ലക്ഷ്യം എന്താണ്‌- ഈ ചോദ്യം ഉയരുന്നുണ്ട്‌. താന്‍ കേരളത്തില്‍ നിന്നുള്ള എല്ലാവര്‍ക്കും സ്വീകാര്യനായ പ്രധാന നേതാവാണെന്നും ദേശീയ തലത്തില്‍ പ്രവര്‍ത്തകസമിതിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുണ്ടെന്നും തെളിയിക്കലാണോ തരൂര്‍ ഉദ്ദേശിക്കുന്നത്‌ എന്നതാണ്‌ വ്യക്തമാകാനുള്ള കാര്യം. തീര്‍ച്ചയായും തരൂര്‍ ഇത്‌ ഉദ്ദേശിക്കുന്നുണ്ടെന്നാണ്‌ ഒട്ടേറെ പേര്‍ സംശയിക്കുന്നത്‌. അതാവട്ടെ തീര്‍ച്ചയായും ന്യായമായ കാര്യമാണെന്നും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ തരൂര്‍ വരുന്നത്‌ പാര്‍ടിക്ക്‌ ഉറപ്പായും നേട്ടമായിരിക്കുമെന്നും എല്ലാവരും ചിന്തിക്കുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ തരൂര്‍ ദേശീയ നേതാവാകുന്നത്‌ ഒട്ടും ഇഷ്ടമല്ല എന്നതാണ്‌ ഇപ്പോഴത്തെ തരൂര്‍ വിരുദ്ധ പ്രതികരണങ്ങളുടെയെല്ലാം പിന്നില്‍.

Spread the love
English Summary: move of sasi taroor makes turmoil in congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick