സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യാ ചരിത്രം ഗൂഢാലോചനയുടെ ഫലമായുള്ള തെറ്റായ കൊളോണിയല്‍ ശൈലിയിലാണ് രചിക്കപ്പെട്ടതെന്നും ഇപ്പോള്‍ പഠിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായ ചരിത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത്. ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അമിത് ഷാ പരസ്യമായി പറയുന്നു.
എവിടെയും പറയപ്പെടാത്ത ധീരന്മാരുടെയും യോദ്ധാക്കളുടെയും ചരിത്രമാണെന്ന് പറഞ്ഞ നരേന്ദ്ര മോദി നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും യഥാര്‍ഥ ചരിത്രം എഴുതപ്പെട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. അസമിലെ രാജഭരണത്തിലെ സൈനിക മേധാവിയായിരുന്ന ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത് . ഔറംഗസേബിന്റെ കീഴിലുള്ള മുഗൾ ശക്തിക്കെതിരെ പോരാടിയ അസമിലെ അഹോം രാജ്യത്തിന്റെ സൈന്യത്തിന്റെ ജനറൽ ആയിരുന്നു ബർഫുകാൻ.
രാജ്യത്തിന്റെ എല്ലാ കോണിലും ധീരരായ മക്കളും പുത്രിമാരും പോരാടിയെങ്കിലും ഈ ചരിത്രം മനപ്പൂർവ്വം അടിച്ചമർത്തപ്പെട്ടുവെന്ന്മോദി പറഞ്ഞു. ഇന്ന് ഇന്ത്യ കൊളോണിയലിസത്തിന്റെ ചങ്ങലകൾ തകർത്ത് നമ്മുടെ പൈതൃകത്തെ ആഘോഷിച്ചും നമ്മുടെ വീരന്മാരെ അഭിമാനത്തോടെ സ്മരിച്ചും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലചിത് ബർഫുകാൻ രക്തബന്ധങ്ങൾക്ക് മുകളിൽ ദേശീയ താൽപ്പര്യം നിലനിർത്തിയതും തന്റെ അടുത്ത ബന്ധുവിനെ ശിക്ഷിക്കാൻ മടിക്കാത്തതും മോദി അനുസ്മരിച്ചു.
രാജവംശത്തിന് മുകളിൽ ഉയരാനും രാജ്യത്തെ കുറിച്ച് ചിന്തിക്കാനും ലച്ചിത് ബർഫുകന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു, രാജ്യത്തേക്കാൾ വലുതല്ല ഒരു ബന്ധവും എന്ന് അദ്ദേഹം പറഞ്ഞിരുന്നു, മോദി പറഞ്ഞു.
അമിത് ഷാ ആവട്ടെ കുറേക്കൂടി വ്യക്തമായി ചരിത്രം തിരുത്താന്‍ ആഹ്വാനം ചെയ്തു നടത്തിയ പ്രസംഗവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. “രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ഇവിടെയുള്ള ചരിത്ര വിദ്യാര്‍ഥികളും സര്‍വകലാശാല പ്രഫസര്‍മാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ 300 മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും. മുന്നോട്ടു വരൂ, ചരിത്രം പുനര്‍രചിക്കൂ. ഇത്തരത്തില്‍ പുതുതലമുറയെ പ്രചോദിപ്പിക്കാം.‘‘– ഷാ പറഞ്ഞു.