Categories
latest news

ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നത്‌…ത്രികോണ മല്‍സരം ആര്‍ക്ക്‌ നേട്ടമാകും? ചില അട്ടിമറി സാദ്ധ്യതകൾ…വിലയിരുത്തല്‍

ഗുജറാത്തിലെ ആം ആദ്മി പാർട്ടിയുടെ കടന്നുകയറ്റം സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കുമോ? ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയവൃത്തങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്‌. കോണ്‍ഗ്രസിനു ബദലായി ഇന്ത്യയിലെ പല സംസ്ഥാനത്തും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന, കോണ്‍ഗ്രസ്‌ വോട്ടുകളെ സ്വാധീനിച്ച്‌ താവളം ഉറപ്പാക്കുന്ന ആം ആദ്‌മി ഗുജറാത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുമോ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്ന പാര്‍ടിയായി ആംആദ്‌മി മാറുമോ. ഇത്തരം വിശകലനങ്ങള്‍ ജനം തുടങ്ങിക്കഴിഞ്ഞു.

ഒരു കാര്യം വ്യക്തമാണ്– എഎപിയുടെ സാന്നിധ്യം അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റിക്കഴിഞ്ഞു . 182 സീറ്റുകളിലും മത്സരിക്കുന്ന എഎപി ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് എന്നും ഓർക്കുക.
ആംആദ്‌മിയെ ജനത്തിന്‌ പ്രിയപ്പെട്ടതാക്കി മാറ്റാനിടയുള്ള കാരണങ്ങള്‍ പലതാണ്‌. പ്രധാനമായും അത്‌ മുന്നോട്ടുവെക്കുന്ന ക്ഷേമ ആനുകൂല്യ വാഗ്‌ദാനങ്ങളാണ്‌. പ്രതിമാസം 300 യൂണിറ്റ്‌ വൈദ്യുതി സൗജന്യം, തൊഴില്‍ രഹിതര്‍ക്ക്‌ പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്റ്‌, 18 വയസ്സിന്‌ മുകളിലുള്ള സ്‌ത്രീകള്‍ക്ക്‌ പ്രതിമാസം 1000 രൂപ അലവന്‍സ്‌–ഇതൊക്കെ വലിയൊരു വിഭാഗം സാധാരണ, ഇടത്തരം വോട്ടര്‍മാരെ വല്ലാതെ ആകര്‍ഷിച്ചേക്കാം.
മറ്റൊരു പ്രധാന മെച്ചം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യില്‍ നിന്നും വ്യത്യസ്‌തതയുളള പാര്‍ടിയാണ്‌ തങ്ങളുടെത്‌ എന്ന ഇമേജ്‌ ആംആദ്‌മി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നുള്ളതാണ്‌. ഇത്‌ ഇടത്തരം, മധ്യവര്‍ഗ വോട്ടര്‍മാരെ ആകര്‍ഷിക്കും.
അതേസമയം അത്രതന്നെ ബലഹീനതകളും പാര്‍ടിക്കുണ്ട്‌. ഏറ്റവും വലിയ ദൗര്‍ബല്യം പാര്‍ടിക്ക്‌ ജനസ്വാധീനമുള്ള ആരാധ്യനായ ഒരു സംസ്ഥാന നേതാവില്ല എന്നതാണ്‌. താഴെത്തട്ടിലെ സംഘടനാസംവിധാനത്തില്‍ പ്രാദേശികമായും വ്യക്തിപ്രഭാവമുള്ള നേതാക്കളില്ല. രണ്ടാമത്തെത്‌, ഗുജറാത്ത്‌ രാഷ്ട്രീയത്തില്‍ വേണ്ടത്ര അനുഭവപരിചയമില്ല. പ്രാദേശിക വിഷയങ്ങളെ എങ്ങിനെ സ്വാധീനിക്കണമെന്ന അറിവ്‌ വോട്ട്‌ ബാങ്ക രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്‌.
മൂന്നാമത്തെ കാര്യം, ആംആദ്‌മിക്ക്‌ സ്വന്തമായി ഒരു വോട്ട്‌ ബാങ്ക്‌ ഗുജറാത്തില്‍ ഇല്ല എന്നതാണ്‌. 2021-ല്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ കണക്കുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്നില്ല.
എന്നാല്‍ ബി.ജെ.പി.ക്കാവട്ടെ കൃത്യമായി അടിത്തട്ടു വരെ വേരോട്ടമുള്ള ഹിന്ദുത്വ രാഷ്ട്രീയം ഗുജറാത്തിലുണ്ട്‌. മാത്രമല്ല മോദിയുടെ വ്യക്തിപ്രഭാവം പാര്‍ടിയുടെ മുന്‍തൂക്കമാണ്‌.
എന്നാല്‍ കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി.ക്ക്‌ കഴിഞ്ഞ തവണ കിട്ടിയത്‌ ചരിത്രത്തിലെ ഏറ്റവും കുറച്ച്‌ സീറ്റുകളാണ്‌. 182 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷത്തിന്‌ 92 സീറ്റാണ്‌ വേണ്ടത്‌. ഏറ്റവും അവസാനം നടന്ന 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ചു കൊണ്ട്‌ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞു-വെറും 99 സീറ്റ്‌ മാത്രമാണവര്‍ക്ക്‌ കിട്ടിയത്‌. കേവല ഭൂരിപക്ഷം കഴിഞ്ഞ്‌ വെറും 7 സീറ്റ്‌ അധികം. കോണ്‍ഗ്രസ്‌ സഖ്യം 80 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്ക്‌ തന്നെ 77 എണ്ണം നേടിയത്‌ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

thepoliticaleditor

പക്ഷേ, ഇത്തവണ ഗുജറാത്തില്‍ ഏറ്റവും വലിയ അവസരം കാത്തിരിക്കുന്നത്‌ ആംആദ്‌മിയെ തന്നെയാണ്‌. പുതിയൊരു രാഷ്ട്രീയം സൃഷ്ടിക്കാനുള്ള സന്ദേശം വോട്ടര്‍മാര്‍ക്ക്‌ സ്വീകരിക്കാനുള്ള അവസരം ഒരുങ്ങുകയാണ്‌. ഇത്‌ കോണ്‍ഗ്രസ്‌ നഷ്ടമുണ്ടാക്കുമോ എന്നത്‌ ആ പാര്‍ടിക്ക്‌ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്‌. ഏതാനും സീറ്റുകള്‍ ആംആദ്‌മി നേടിയാല്‍ പോലും അത്‌ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വലിയ ചുവടുവെപ്പായി ആ പാര്‍ടിക്ക്‌ നേട്ടമാകും.

Spread the love
English Summary: gujarath election pre poll prediction

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick