Categories
kerala

വലിയ ഉത്തരവാദികള്‍ ടൂര്‍ സംഘാടകര്‍ തന്നെയാണ്‌, എന്തുകൊണ്ടെന്നാല്‍….

സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്ര പോകുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പിനെ പഴിചാരി രക്ഷപ്പെടുന്നവര്‍ ധാരാളമാണ്‌. വാഹനങ്ങള്‍ നിയമപ്രകാരമാണോ സര്‍വ്വീസ്‌ നടത്തുന്നതും മെയിന്റയിന്‍ ചെയ്യുന്നതും എന്നത്‌ ആരും ആവശ്യപ്പെട്ടില്ലെങ്കിലും പരിശോധിക്കേണ്ടതും നടപടി എടുക്കേണ്ടതും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കാര്യം ഒരു വശത്ത്‌ പറയാമെന്നേയുള്ളൂ. വടക്കഞ്ചേരിയില്‍ സംഭവിച്ചതു പോലുള്ള അപകടങ്ങള്‍ക്ക്‌ വലിയ ഉത്തരവാദികള്‍ വിനോദയാത്ര സംഘടിപ്പിക്കുന്ന സ്‌കൂള്‍ അധികാരികള്‍ ആണ്‌.

പല യാത്രകളും സംഘടിപ്പിക്കുന്നത്‌ യഥാര്‍ഥത്തില്‍ ഇത്തരം ടൂറിസ്റ്റ്‌ ബസ്‌ ജീവനക്കാര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചുകൊണ്ടാണ്‌. അവരാണ്‌ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ വിവിധ ബുക്കിങുകള്‍ നടത്തിക്കൊടുക്കുകയും ബന്ധപ്പെടുത്തി കൊടുക്കുകയും ടൂറിന്റെ ടൈം ഷെഡ്യൂള്‍ പോലും നിശ്ചയിക്കുന്നതും. എപ്പോള്‍ പുറപ്പെട്ട്‌ എപ്പോള്‍ എവിടെ എത്തണമെന്ന കാര്യങ്ങള്‍ ഈ ബസ്‌ ജീവനക്കാരാണ്‌ ശുപാര്‍ശ ചെയ്യുന്നതും നിശ്ചയിച്ചു നല്‍കുന്നതും. ടൂര്‍ ചുമതലയുള്ള അധ്യാപകര്‍ മിക്കപ്പോഴും ഇത്തരം ബസ്സുകളുടെ നടത്തിപ്പുകാരെയാണ്‌ ഇത്തരം കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്‌ എന്നതാണ്‌ യാഥാര്‍ഥ്യം. എളുപ്പത്തില്‍ ക്രിയ ചെയ്യല്‍ എന്നു പറയാം.

thepoliticaleditor

ബസ്സുകാരുടെ മരണപ്പാച്ചിലിനു കാരണം ടൂര്‍ പ്രോഗ്രാമിന്‌ അവര്‍ നിശ്ചയിക്കുന്ന സമയക്രമം ആണ്‌. ഇത്ര മണിക്ക്‌ ഇന്നയിടത്ത്‌ എത്തണം എന്ന ക്രമം അവര്‍ നിശ്ചയിക്കുമ്പോള്‍ ഇത്രയും സമയത്തിനകം ഓടിയെത്താന്‍ മിതമായ വേഗത്തില്‍ പോയാല്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ടൂര്‍ ചുമതലയുള്ള അധ്യാപകരും രക്ഷിതാക്കളും ആലോചിക്കാറേയില്ല. ടൂറിന്റെ ഭാഗമായ വാഹനയാത്രാ സമയക്രമം ഉള്‍പ്പെടെ ഷെഡ്യൂള്‍ മിക്കപ്പോഴും ബസ്‌ ഡ്രൈവര്‍മാരുടെ നിയന്ത്രണത്തിലും ഉപദേശത്തിലുമാണ്‌. ബസ്‌ വാടകയ്‌ക്ക്‌ എടുത്താല്‍ ആ വാഹനം അധ്യാപകര്‍ പറയുന്ന പോലെ, പറയുന്ന വേഗതയില്‍ അല്ലേ ഓടേണ്ടത്‌…അതില്‍ ഒരു നിയന്ത്രണവും ഉണ്ടാകാറില്ല. വടക്കഞ്ചേരി അപകടത്തിനിരയായ ബസ്സിലെ കുട്ടികള്‍ തന്നെ അമിതവേഗതയെപ്പറ്റി ഡ്രൈവറോട്‌ ഉല്‍കണ്‌ഠ പ്രകടിപ്പിച്ചിരുന്നു എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ സാധാരണ കുട്ടികള്‍ പറയുന്ന ഇത്തരം ആവശ്യങ്ങള്‍ ഡ്രൈവര്‍മാര്‍ മൈന്‍ഡ്‌ ചെയ്യാറില്ല. അതേസമയം, സ്‌കൂള്‍ അധികാരികള്‍ തങ്ങള്‍ക്ക്‌ ഇത്ര സമയം കൊണ്ട്‌ ഊട്ടിയില്‍ എത്തിയാല്‍ മതിയെന്നും ഇന്ന രീതിയില്‍ മാത്രം സഞ്ചാരം മതിയെന്നും ബസ്സുകാര്‍ക്ക്‌ കര്‍ക്കശ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലോ. ബസ്സ്‌ പണം കൊടുത്ത്‌ വാടകയ്‌ക്കെടുത്തു കഴിഞ്ഞാല്‍ പണം നല്‍കിയവരുടെ ഇച്ഛയ്‌ക്കനുസരിച്ചല്ലേ ആ വാഹനം ഓടേണ്ടത്‌. അത്‌ മിക്കപ്പോഴും നടക്കാറില്ല. അതിനു കാരണം വാഹനത്തിന്റെ ഓട്ടത്തിന്റെ മേലോ, സമയക്രമത്തിന്റെ മേലോ ടൂര്‍ സംഘാടകരായി ബസ്സിലുള്ള അധ്യാപകരോ രക്ഷിതാക്കളോ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്താറില്ല എന്നതാണ്‌. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്‌ ഉദ്ദേശിക്കുന്ന സ്ഥലത്തു കൊണ്ടു പോയി ചുറ്റിക്കാണിച്ച്‌ തിരിച്ചെത്തിക്കുക എന്നതാണ്‌ ലാഭേച്ഛ മാത്രം കൈമുതലായ ബസ്സുകാരുടെ താല്‍പര്യം. ഈ അജണ്ടയ്‌ക്ക്‌ ടൂര്‍ സംഘാടകര്‍ വഴങ്ങിക്കൊടുക്കുന്ന കാഴ്‌ചയാണ്‌ ഭൂരിഭാഗം ഇടത്തും കാണാറുള്ളത്‌. അമിതവേഗതയില്‍ ആരും പരാതിപ്പെടുകയോ, നിയന്ത്രിക്കുകയോ ചെയ്യാതെ വിട്ടുകളയുന്നതും ഇതു കൊണ്ടാണ്‌. ഏറ്റവും വലിയ അപകടമാണിത്‌.

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്‌ 97.7 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുവെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ഒരു ടൂര്‍ ബസിന്റെ കാര്യം അതില്‍ സഞ്ചരിച്ച അധ്യാപകന്‍ ഈ ലേഖകനോട്‌ ഇന്ന്‌ പറയുകയുണ്ടായി. ജീവന്‍ കയ്യില്‍ പിടിച്ച്‌ പേടിച്ചിരുന്ന ഇദ്ദേഹം പോലും പക്ഷേ അമിതവേഗതയില്‍ പ്രതിഷേധിച്ചില്ല !! ഇത്ര വേഗത്തില്‍ നിങ്ങള്‍ ഓടിക്കരുത്‌ എന്ന്‌ ബസ്സിന്‌ പണം നല്‍കുന്ന ആ ബസ്സിലെ ടൂര്‍ സംഘാടകരില്‍ ഒരാള്‍ പോലും ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയുമില്ല. ഇതാണ്‌ ഏറ്റവും വലിയ തെറ്റ്‌.

ഒരിക്കല്‍ ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്ന ബസ്സില്‍ ഈ ലേഖകനുണ്ടായ ഒരുനുഭവം ഇവിടെ പറയേണ്ടതുണ്ട്‌. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്കാണ്‌ യാത്ര. താരതമ്യേന കുറഞ്ഞ യാത്രാദൂരം. സമയമാകട്ടെ ധാരാളം. പക്ഷേ മിനിബസ്‌ ഡ്രൈവര്‍ പറപ്പിക്കുകയാണ്‌. വേഗത കൂടിയതില്‍ പലരും ആശങ്കപ്പെടാന്‍ തുടങ്ങിയെങ്കിലും ആരും പരസ്യമായി അത്‌ പ്രകടിപ്പിക്കുന്നില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ബസിന്റെ പിറകു വശത്തിരുന്ന, വിവാഹം നടത്തേണ്ടുന്ന വീട്ടിലെ നാഥനായിട്ടുള്ള, ബസ്സ്‌ വാടകയ്‌ക്ക്‌ വിളിച്ച ആള്‍ എഴുന്നേറ്റ്‌ ഡ്രൈവറുടെ അടുത്തു പോയി അല്‍പം കര്‍ക്കശമായി പറഞ്ഞു: ഞങ്ങള്‍ ഈ യാത്ര പോകുന്നത്‌ ഒരു സല്‍കര്‍മം നടത്തി തിരിച്ച്‌ സുരക്ഷിതമായി വരാനാണ്‌. ഞങ്ങള്‍ക്ക്‌ ഇത്ര വേഗത്തില്‍ പോയിട്ട്‌ ഒന്നും പ്രത്യേകിച്ച്‌ ധൃതിയില്ല. അതിനാല്‍ മര്യാദയ്‌ക്കുള്ള വേഗതയില്‍ പോയാല്‍ മതി. ഡ്രൈവര്‍ ഉടനെ അതനുസരിച്ചു. പക്ഷേ അദ്ദേഹം തിരിച്ചു പറഞ്ഞ പ്രതികരണം ശ്രദ്ധേയമായി-എനിക്ക്‌ നിങ്ങളെ തിരിച്ചുകൊണ്ടന്നാക്കിയിട്ടു വേണം വേറൊരു ടൂര്‍ ട്രിപ്പ്‌ പോകാന്‍. ഈ ഓട്ടം മാത്രം പോരല്ലോ.!! ഇതാണ്‌ അവസ്ഥ. എങ്കിലും ഒരു കാര്യം നടന്നു-ആ യാത്ര പോയി തിരിച്ചെത്തുന്നതു വരെ മിത വേഗത്തില്‍ മാത്രമായിരുന്നു വണ്ടിയുടെ ഓട്ടം.

വെറും ഒന്നോ ഒന്നരയോ ഏറിയാല്‍ രണ്ടോ മണിക്കൂര്‍ ലാഭിക്കാനായിട്ടാണ്‌ ഇത്തരം ദീര്‍ഘദൂര യാത്രകളിലെ മരണപ്പാച്ചില്‍. ഞങ്ങള്‍ക്ക്‌ ഇത്രയും അതിവേഗതയില്‍ പോകേണ്ടതില്ലെന്ന്‌ പണം മുടക്കുന്ന സ്‌കൂള്‍ ടൂര്‍ സംഘാടകര്‍ക്ക്‌ പറഞ്ഞ്‌ ബസ്സുകാരെ നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്ത്‌. അവര്‍ പറയാത്തതെന്ത്‌. ബസ്സുകാരിലെ ഇടനിലക്കാരെ ഒഴിവാക്കി ടൂര്‍ പ്രോഗ്രാമിലെ സമയക്രമവും ടൂര്‍ ഷെഡ്യൂളും തീരുമാനിക്കാന്‍ തുനിയാത്തതെന്ത്‌–അവിടെയാണ്‌ എല്ലാ അപകടസാധ്യതയുടെയും ആണിക്കല്ല്‌.

കുട്ടികളില്‍ ഒരു വിഭാഗത്തിന്‌ ബസ്സിലെ അടിച്ചു പൊളിയും സംഗീതവും അതിനൊത്ത ത്രില്‍ സമ്മാനിക്കുന്ന അതിവേഗതയും ഇഷ്ടമായിരിക്കാം. പക്ഷേ അനുഗമിക്കുന്ന അധ്യാപകര്‍ കുട്ടികളുടെ മുന്നില്‍ അവരുടെ ഇച്ഛയ്‌ക്ക്‌ അനുസരിച്ച്‌ എല്ലാം വിട്ടു കൊടുത്ത്‌ നല്ല സുഹൃത്തുക്കളാവാന്‍ എന്തിന്‌ ശ്രമിക്കുന്നു. നിങ്ങളെ ഒപ്പം അയക്കുന്നത്‌, കുട്ടികളെ സോപ്പിട്ട്‌്‌ നല്ല അഭിപ്രായം നേടാനല്ല, പകരം അവരെ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനാണ്‌.

സംഘാടകരേ, നിങ്ങളുടെ യാത്രയുടെ സമയം നിങ്ങള്‍ നിയന്ത്രിക്കണം. നിങ്ങള്‍ സഞ്ചരിക്കുന്ന സമയത്തിന്റെ കടിഞ്ഞാണ്‍ നിങ്ങള്‍ ബസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ വിട്ടുകൊടുക്കരുത്‌. ടൂര്‍ ദിനങ്ങള്‍ വേണമെങ്കില്‍ ഒരു ദിവസം ദീര്‍ഘിപ്പിച്ചോളൂ, പക്ഷേ അത്‌ വെട്ടിച്ചുരുക്കാനായി മരണപ്പാച്ചിലിന്‌ ബസ്സിനെ വിട്ടുകൊടുക്കരുത്‌. അധികച്ചെലവ്‌ നമുക്ക്‌ താങ്ങാനായേക്കും എന്നാല്‍ അപകടദുരന്തങ്ങള്‍ ആര്‍ക്കും താങ്ങാനാവില്ല. എന്തുകൊണ്ടാണ്‌ ടൂര്‍ സംഘാടകരായ നിങ്ങള്‍ ഈ യാത്രകളെപ്പറ്റി, പോകുന്ന വാഹനത്തെ പറ്റി, ടൂര്‍ വിശദാംശങ്ങള്‍ എല്ലാം മോട്ടോര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കാനുള്ള ജാഗ്രത പോലും കാണിക്കാത്തത്‌. നിങ്ങളുടെ എളുപ്പത്തില്‍ ക്രിയ ചെയ്യാനുള്ള മനോഭാവം ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അത്‌ മാറ്റി വെച്ചേ പറ്റൂ. കാരണം ഒറ്റ മകനോ മകളോ ഉള്ളത്‌ പോലും നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വിലാപം ഈ കേരളത്തിന്‌ താങ്ങാനാവുന്നില്ല.

Spread the love
English Summary: who is more responsible for school tour bus accidents

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick