Categories
kerala

സതീശന്‍ പാച്ചേനി അന്തരിച്ചു

കമ്മ്യൂണിസ്റ്റ്‌ തറവാട്ടില്‍ നിന്നും കോണ്‍ഗ്രസുകാരനായ സതീശന്‍ നിരവധി അഗ്നിപരീക്ഷണങ്ങളെ നേരിട്ടാണ്‌ പിടിച്ചു നിന്നത്‌.

Spread the love

കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി മുന്‍ അധ്യക്ഷനുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. നിലവില്‍ കെ.പി.സി.സി. അംഗമാണ്‌. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ നില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു.

കെ.എസ്‌.യു.വിലൂടെ രാഷ്ട്രീയരംഗത്തെത്തിയ സതീശന്‍ അതിന്റെ സംസ്ഥാന അധ്യക്ഷപദവിയിലും ജനറല്‍ സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചു. നിയമസഭയിലേക്ക്‌ 1996-ല്‍ തളിപ്പറമ്പില്‍ നിന്നും 2001ലും 2006ലും മലമ്പുഴയില്‍ നിന്നും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. മലമ്പുഴയില്‍ വി.എസ്‌.അച്യുതാനന്ദനെതിരായിരുന്നു മല്‍സരം എന്നതിനാല്‍ സതീശന്റെ പോരാട്ടം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

thepoliticaleditor

തളിപ്പറമ്പിനടുത്ത പാച്ചേനിയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ സ്വാധീനകേന്ദ്രത്തിലായിരുന്നു സതീശന്റെ ജനനം. മുത്തച്ഛന്‍ ഉറുവാടന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ശക്തനായ പ്രവര്‍ത്തകനും കര്‍ഷകസമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പോരാളിയുമായിരുന്നു. കമ്മ്യൂണിസ്‌റ്റുപാര്‍ടിയുടെ സക്രിയ പ്രവര്‍ത്തകന്‍ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മകനായി 1968 ജനുവരി അഞ്ചിനാണ്‌ സതീശന്‍ ജനിച്ചത്‌. പാച്ചേനി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പരിയാരം ഗവ.സ്‌കൂളില്‍ സെക്കന്ററി വിദ്യാഭ്യാസം. കണ്ണൂര്‍ എസ്‌.എന്‍.കോളേജില്‍ നിന്നും പ്രീഡിഗ്രി. പയ്യന്നൂര്‍ കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം.

എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു സതീശൻ . കമ്യൂണിസ്‌റ്റ് കുടുംബത്തിലെ ചെറുക്കൻ കെഎസ്‌യു ആയപ്പോൾ വലിയ സംഘര്ഷമായിരുന്നു കുടുംബത്തിൽ. വീട്ടിൽ നിന്നു പതിനാറാം വയസ്സിൽ പുറത്താക്കി . റേഷൻ കാർഡിൽ നിന്ന് പോലും പേരു വെട്ടി. എന്നാൽ സതീശൻ തന്റെ രാഷ്ട്രീയത്തിൽ ഉറച്ചു നിന്ന് വളർന്നു. അഴിമതിയുടെ കറ ഒട്ടും പുരളാത്ത ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയിൽ കണ്ണൂരിൽ സതീശൻ ചിരസ്മരണീയനാണ്.

Spread the love
English Summary: satheesan pacheni passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick