Categories
kerala

“എം.എം.മണിയുള്ള പാര്‍ടിയില്‍ ഇനി ഞാനില്ല”…എസ്‌. രാജേന്ദ്രന്‍ പാര്‍ടിക്കു പുറത്തേക്കെന്ന്‌ സൂചന

സി.പി.എം. സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്ന ദേവീകുളം മുന്‍ എം.എല്‍.എ. എസ്‌. രാജേന്ദ്രന്‍ പാര്‍ടിക്കു പുറത്തേക്കെന്ന്‌ സൂചന. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഏതാനും മാസം മാത്രം ശേഷിക്കെയാണ്‌ രാജേന്ദ്രന്‍ എം.എം.മണിക്കെതിരെയും മൂന്നാറിലെ ഏരിയാ സെക്രട്ടറി കെ.വി.ശശിക്കെതിരെയും വന്‍ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. മണിയുള്ള പാര്‍ടിയില്‍ ഇനി താനില്ലെന്നും പാര്‍ടി അംഗത്വം പുതുക്കുന്നില്ലെന്നും രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസില്‍ കുടുക്കാനും എം.എം.മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു.
“സിപിഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണ് എം.എം. മണി തന്നെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. എംഎം മണി നല്ല ഒരു നേതാവല്ല. വേണമെങ്കില്‍ ഒരു നേതാവാക്കാം എന്നു മാത്രം . 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ല. എംഎം മണി പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല എന്നുള്ളതാണ് തന്റെ നിലപാട്. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല.”-രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ പേരില്‍ 29 കോടിക്ക്‌ റിസോര്‍ട്ട്‌ വാങ്ങിയത്‌ മണിയും ഏരിയാ സെക്രട്ടറിയും ചേര്‍ന്ന്‌ നേതൃത്വം നല്‍കിയാണ്‌. ഇതില്‍ അഴിമതിയുള്ളത്‌ അന്വേഷിക്കണം. മൂന്നാറില്‍ റിസോര്‍ട്ട്‌ മാഫിയയാണ്‌ ഭരണം നടത്തുന്നത്‌-രാജേന്ദ്രന്‍ ആരോപിച്ചു.

thepoliticaleditor

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവീകുളത്തെ ഇടത്‌ സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ പരാജയപ്പെടുത്താന്‍ സീറ്റ്‌ കിട്ടാതിരുന്ന രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചാര്‍ത്തിയാണ്‌ സി.പി.എം. ഇദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുള്ളത്‌. രാജേന്ദ്രനെതിരെ പരസ്യമായി എം.എം.മണി സമീപദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick