Categories
kerala

കോടിയേരിയെ പയ്യാമ്പലം ഏറ്റുവാങ്ങി

രാജ്യത്തെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ കണ്ണൂര്‍ സംഭാവന ചെയ്‌ത ഉന്നതനായ നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ഭൗതിക ശരീരം പയ്യാമ്പലത്തെ മണല്‍പ്പരപ്പില്‍ നിരവധി മഹാരഥന്‍മാരുടെ ശവകുടീരങ്ങൾക്കടുത്തൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങി. തന്റെ മുന്‍ഗാമികളായിരുന്ന ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കല്ലറകള്‍ക്കു നടുവിലായി കോടിയേരി അന്ത്യവിശ്രമം കൊണ്ടു. ആയിരക്കണക്കിന്‌ പാര്‍ടി പ്രവര്‍ത്തകരുടെ കണ്‌ഠത്തില്‍ നിന്നും ആവേശവും ആദരവും വിലാപവും ധീരസ്‌മരണകളും ഇടകലര്‍ന്ന മുദ്രാവാക്യങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കടല്‍ക്കാറ്റിലും മേലെ ഉയരവേ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന്‌ ചിതയ്‌ക്ക്‌ തീകൊളുത്തി. പൊലീസ്‌ സേനയുടെ നേതൃത്വത്തിലുള്ള പൂര്‍ണ സംസ്ഥാന ബഹുമതിയോടെയായിരുന്നു സംസ്‌കാരം.
രണ്ടു മണിക്ക്‌ സി.പി.എം. കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിനു പുറത്ത്‌ ആയിരങ്ങള്‍ അന്ത്യദര്‍ശനത്തിനായി ബാക്കി നില്‍ക്കവേ അവരെ നിരാശരാക്കിക്കൊണ്ട്‌ കോടിയേരിയുടെ വിലാപയാത്ര 2.30-ന്‌ തുടങ്ങി. അഴീക്കോടന്‍ മന്ദിരം തൊട്ട്‌ തളാപ്പ്‌ സുന്ദരേശ്വര ക്ഷേത്രത്തിനുമപ്പുറത്തുള്ള റോഡിലേക്ക്‌ നീണ്ട രണ്ടു നിരയായുള്ള പാര്‍ടി പ്രവര്‍ത്തകരുടെ കാത്തുനില്‍പ്പ്‌ ക്യൂ പിന്നീട്‌ ജനസാഗരമായി വിലാപയാത്രയ്‌ക്കൊപ്പം ഒഴുകി. 3.30-ന്‌ വിലാപയാത്ര പയ്യാമ്പലം കടപ്പുറത്തെത്തി. ശവമഞ്ചത്തിനു പിന്നിലായി കേരളത്തിലെ സി.പി.എം. നേതൃത്വമാകെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടെ നടന്നു. പയ്യാമ്പലം പാര്‍ക്കിനു മുന്നില്‍ ശവമഞ്ചം വാഹനത്തില്‍ നിന്നും ഇറക്കി. തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എം.എ.ബേബി, എസ്‌.രാമചന്ദ്രന്‍പിള്ള എന്നിവരുള്‍പ്പെടെ ശവമഞ്ചം ചുമന്ന്‌ പാലം വഴി കടപ്പുറത്തെ ശ്‌മശാനത്തിലേക്ക്‌ എത്തിച്ചു. നേതാക്കള്‍ അന്ത്യയാത്രാമൊഴിയേകവേ ആയിരങ്ങള്‍ പ്രിയസഖാവിന്‌ വിട എന്ന മുദ്രാവാക്യം ആര്‍ത്തുവിളിച്ചു.
4.20-ന്‌ പൊലീസിന്റെ ബ്യൂഗിള്‍ ശോകമായി മുഴങ്ങി. അന്ത്യാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടുളള വെടിയൊച്ച ഉയര്‍ന്നു. കടപ്പുറത്തെ ആകാശനീലിമയിലേക്ക്‌ കോടിയേരിയുടെ ചിതയിലെ ധൂമപടലങ്ങള്‍ പതുക്കെ വ്യാപിച്ചു. തുടര്‍ന്ന്‌ പയ്യാമ്പലം പാര്‍ക്കിലൊരുക്കിയ വേദിയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടറുന്ന വാക്കുകളില്‍ അധ്യക്ഷ പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ സീറ്റിലേക്കു മടങ്ങി. സീതാറാം യെച്ചൂരി ചുരുങ്ങിയ വാക്കുകളില്‍ കോടിയേരിയുടെ നഷ്ടത്തിന്റെ ആഴം ഊന്നിപ്പറഞ്ഞുകൊണ്ട്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു.

Spread the love
English Summary: kodiyeri balakrishnan cremated at payyambalam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick