Categories
latest news

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന്റെ ‘കമാന്‍ഡ്’ പൂര്‍ണമായും നഷ്ടപ്പെട്ടോ…? ഗെലോട്ടിനെ ഡല്‍ഹിയിലെത്തിച്ച നാടകത്തിനു പിന്നില്‍…

ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടിയുടെ അന്തിമവും ഏറ്റവും ശക്തവുമായ കേന്ദ്രമായിരുന്നു ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശാസന കല്ലേപ്പിളര്‍ക്കുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടന രാജ്യവ്യാപകമായി ദുര്‍ബലമായി എന്നതിനപ്പുറം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആജ്ഞാശക്തി തന്നെയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന സംശയമാണ് സമീപദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. സോണിയാഗാന്ധിയുടെ വിശ്വസ്ത വൃന്ദത്തിലെന്ന് ഇതു വരെ കരുതിപ്പോന്ന അശോക് ഗെലോട്ടിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സാധിച്ചില്ല അഥവാ സാധിക്കുന്നില്ല എന്ന് സമീപദിവസങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഗെലോട്ടിനെ ദേശീയ അധ്യക്ഷപദവിയിലെത്തിക്കുക എന്നത് സോണിയ ഗാന്ധിയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ ഗെലോട്ട് പാര്‍ടി ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചാണ് രാജസ്ഥാനില്‍ സ്വന്തം മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കളിച്ചത്. കഴിഞ്ഞ ഞായറാഴ്ച ജയ്പൂരിലെത്തിയ കേന്ദ്രനിരീക്ഷകരുടെ ലക്ഷ്യം രാജസ്ഥാനിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന ഒറ്റ വരി പ്രമേയം അവതരിപ്പിച്ച് പാസ്സാക്കുക എന്നതായിരുന്നു. എന്നാല്‍ പാതിരാ വരെ കാത്തിരുന്നിട്ടും കോണ്‍ഗ്രസിലെ 92 കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പാര്‍ലമെന്ററി പാര്‍ടി യോഗത്തിന് എത്തിയില്ല. എന്നാല്‍ ഇതേ സമയം ഗെലോട്ടിന്റെ വിശ്വസ്ത മന്ത്രിയായ ധരിവാളിന്റെ വസതിയില്‍ സമാന്തര യോഗം ചേരുകയും ചെയ്തു.
ഒരു പതിറ്റാണ്ടു മുമ്പത്തെ കോണ്‍ഗ്രസായിരുന്നെങ്കില്‍ അശോക് ഗെലോട്ട് ഇപ്പോള്‍ പാര്‍ടിയില്‍ ഉണ്ടാവുമായിരുന്നില്ല. അത്രയധികം വലിയ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത് എന്നത് വ്യക്തമാണ്. എന്നാല്‍ ഗെലോട്ടിനെ തളയ്ക്കാനും വരുതിയില്‍ വരുത്താനും ദേശീയ നേതൃത്വത്തിന് സാധിച്ചോ…ഇല്ല എന്നാണ് ഉത്തരം. എന്നാല്‍ സാധിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പാര്‍ടി ഇന്നലെയും ഇന്നുമായി ചില നാടകങ്ങള്‍ കളിച്ചു. ദേശീയ നേതൃത്വത്തിന്റെ ആജ്ഞാശക്തി തോന്നിപ്പിക്കാനായി കളിച്ച നാടകത്തിന് ഗെലോട്ടും തല്‍ക്കാലം നിന്നുകൊടുത്തു എന്നേ കരുതാനാവൂ. അത്രയ്ക്കും പഠിച്ച വിരുതനാണ് ഗെലോട്ട്. തല്‍ക്കാലും അല്ലലില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും അടുത്ത തിരഞ്ഞെടുപ്പിലും സ്വന്തം അനുചരര്‍ക്ക് സീറ്റ് ഉറപ്പാക്കാനുമുള്ള നാടകം മാത്രമാണ് ഗെലോട്ട് ഡെല്‍ഹിയിലെത്തിയ നാടകം. ഗെലോട്ട് എത്തിയതല്ല, എത്തിച്ചതാണെന്നാണ് അണിയറ സംസാരം.

കടുത്ത സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഗെലോട്ടിനെ ആദ്യ ദിവസങ്ങളില്‍ പാര്‍ടിക്ക് ഒന്നും ചെയ്യാനായില്ല. ദേശീയ നേതൃത്വം അന്തിച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഗെലോട്ടിന്റെ അനുചരരില്‍ ചിലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോഴും ഗെലോട്ടിനെ തൊടാന്‍ നേതൃത്വം മടിച്ചു നിന്നു. ഇതിനെ തന്ത്രം എന്ന് വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ ഇത് തന്ത്രമല്ല ദുര്‍ബലകാലത്തെ ഗതികേട് എന്നു മാത്രമേ പറയാനാവൂ.

thepoliticaleditor

ഒടുവില്‍ ഗെലോട്ടിനെതിരെ വന്‍ അതൃപ്തിയെന്ന് പുറം ലോകത്തെ കൊട്ടിയറിയിച്ച ശേഷം ദിഗ്വിജയ് സിങ് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നു എന്ന പ്രചാരണം തുടങ്ങി വെച്ചതും ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ തന്നെ. ശശി തരൂരിന് ലഭിക്കാത്ത ആശീര്‍വാദം ദിഗ്വജയിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗെലോട്ടിനെ ഒഴിവാക്കുന്നു എന്ന് അതോടെ ഏകദേശം സൂചന അണികള്‍ക്ക് നല്‍കുകയായിരുന്നു പാര്‍ടി.
ഇതിനു പിന്നാലെയാണ് അന്തിമ നാടകം അരങ്ങേറിയത്. ഹൈക്കമാന്‍ഡ് ഗെലോട്ടിനെ കീഴടക്കിയെന്നും ഗെലോട്ട് ഹൈക്കമാന്‍ഡിന്റെ ശാസനയ്ക്ക് കീഴടങ്ങിയെന്നും വരുത്താനായി ഗെലോട്ടിനെ ഡല്‍ഹിയിലേക്ക് വരുത്തി. ഗെലോട്ട് സോണിയ ഗാന്ധിയോട് അതി വികാരഭരിതനായി ക്ഷമ പറഞ്ഞതായും ജീവിതകാലം മുഴുവന്‍ ഖേദിക്കുന്നതായി അറിയിച്ചതായും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ആര് എന്ന കാര്യം സോണിയ ഗാന്ധി തീരുമാനിക്കും എന്ന് പറഞ്ഞതായുമുള്ള വാര്‍ത്തകള്‍ ഇന്ന് പുറത്തുവന്നു. ഒരു സംസ്ഥാന നേതാവിനെ വരുതിയില്‍ നിര്‍ത്താന്‍ ദേശീയ പ്രസിഡണ്ടിന് സാധിച്ചു എന്ന പ്രതീതി ഉണര്‍ത്താന്‍ ഗെലോട്ട് തന്നെ വഴിതുറന്നു കൊടുത്തു നടത്തിയ നാടകമായി വേണം ഈ സന്ദര്‍ശനവും ക്ഷമാപണ വാര്‍ത്തയും വിശകലനം ചെയ്യാന്‍. അതിനപ്പുറം, കടുത്ത അച്ചടക്ക ലംഘനം കാണിച്ച അശോക് ഗെലോട്ട് എന്ന പദവിഭ്രമക്കാരനായ സംസ്ഥാന നേതാവിനെ ചെറുതായി ഒന്ന് പിടിച്ചുലയ്ക്കാന്‍ പോലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സാധിച്ചില്ല എന്ന സത്യം ദഹിക്കാതെ കിടക്കുന്നുണ്ട്. പല്ലും നഖവും കൊഴിഞ്ഞുകൊണ്ടിരിക്കുന്ന, സംസ്ഥാനങ്ങളിലെ നേതാക്കളെ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ കരുത്തില്ലാത്ത, അവരുടെ കളിയില്‍ നിസ്സഹായരായി ഇരിക്കുന്ന ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടി തല്‍ക്കാലം മറക്കാന്‍ ആഗ്രഹിക്കുന്ന സത്യമാണിത്.

Spread the love
English Summary: drama of congress in gehlot issues

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick