Categories
latest news

ഗെലോട്ടിന്റെ വിശ്വസ്‌തര്‍ക്കെതിരെ അച്ചടക്ക നടപടി വരും..ഗെലോട്ടിനെ ഒഴിവാക്കി വളഞ്ഞു പിടിക്കാന്‍ ഹൈക്കമാന്‍ഡ്‌

രാജസ്ഥാന്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ടി യോഗം ബഹിഷ്‌കരിക്കുകയും സമാന്തരമായി സ്വന്തം അനുയായികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്‌ത മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെ വളഞ്ഞു പിടിച്ച്‌ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌. സമാന്തര യോഗം നടത്തിയതിന്‌ നേതൃത്വം കൊടുത്ത ഗെലോട്ടിന്റെ വിശ്വസ്‌തനും മന്ത്രിയുമായ ശാന്തി ധരിവാള്‍, ചീഫ്‌ വിപ്പ്‌ മഹേഷ്‌ ജോഷി എന്നിവര്‍ക്കെതിരെയും മറ്റു ചില നേതാക്കള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശയാണ്‌ ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിയിട്ടുള്ളത്‌. സമാന്തര യോഗം ചേര്‍ന്നത്‌ ഗെലോട്ടിന്റെ ആശീര്‍വാദത്തോടെയെങ്കിലും തനിക്ക്‌ ഒന്നുമറിയില്ല എന്ന പരസ്യനിലപാടാണ്‌ ഗെലോട്ട്‌ സ്വീകരിച്ചത്‌. തല്‍ക്കാലം ഗെലോട്ടിനെ മാറ്റി നിര്‍ത്തി ഉപഗ്രഹങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ വന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ്‌ സോണിയ ഗാന്ധിയുടെ നേതൃത്വത്തിന്റെ ആലോചന. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാനുള്ള ഗൂഢാലോചനയില്‍ രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ നേതാവ്‌ അജയ്‌മാക്കന്‌ പങ്കുണ്ടെന്ന്‌ മന്ത്രി ശാന്തി ധരിവാള്‍ തിങ്കളാഴ്‌ച പരസ്യമായി ആരോപണവുമായി രംഗത്തു വന്നതും ശ്രദ്ധേയമായി.

ആരെ മുഖ്യമന്ത്രിയാക്കിയാലും പാർട്ടി എംഎൽഎമാർക്ക് എതിർപ്പില്ലെന്നും എന്നാൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം അവർക്ക് യോജിച്ചതായിരിക്കണമെന്നും രാജസ്ഥാൻ നിയമസഭ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞിരിക്കുന്നതും ദേശീയ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്.

thepoliticaleditor

“എം‌എൽ‌എമാരുടെ സംശയങ്ങൾ ഹൈക്കമാൻഡ് ദൂരീകരിക്കണം, എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും, ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, എന്നാൽ അന്തിമ തീരുമാനത്തിൽ സമവായമുണ്ടാകണം,” ജോഷി പറഞ്ഞു.
പാര്‍ലമമെന്ററി പാര്‍ടി യോഗത്തില്‍ പങ്കെടുക്കാനായി ഞായറാഴ്‌ച ജയ്‌പൂരിലെത്തി രാത്രി വരെ കാത്തിരുന്ന ശേഷം കേന്ദ്ര നിരീക്ഷകരായ അജയ്‌മാക്കനും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗം നടത്താതെ മടങ്ങുകയായിരുന്നു.

ഗെലോട്ടിന്റെ വിശ്വസ്തരായ 82 എംഎൽഎമാർ അവരുടെ അടുത്ത നടപടി തീരുമാനിക്കാൻ വീണ്ടും യോഗം ചേരുമെന്ന് രാജസ്ഥാൻ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Spread the love
English Summary: RAJASTAN CONGRESS GROUPISM IN A NEW PHASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick