Categories
kerala

കേരളത്തിലെ സി.പി.എം. പ്രവര്‍ത്തകര്‍ അപ്പരാച്ചിക്‌ ആയി മാറിയെന്ന്‌ പരിഹസിച്ച്‌ ജി.ശക്തിധരന്‍

കേരളത്തിലെ സി.പി.എം. പ്രവര്‍ത്തകര്‍ അപ്പരാച്ചിക്‌ ആയി മാറുകയാണെന്ന്‌ ദേശാഭിമാനി മുന്‍ മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ സി.പി.എം വിമര്‍ശകനുമായ ജി.ശക്തിധരന്‍. സി.പി.എം. സംഘടനാസംവിധാനം ആകെ യാന്ത്രികമായി തീര്‍ന്നു എന്ന്‌ അടച്ചാക്ഷേപിച്ചുള്ള ശക്തിധരന്റെ കുറിപ്പ്‌ വലിയ പ്രകോപനം ഉണ്ടാക്കുന്നതാണ്‌. ഫേസ്‌ബുക്കില്‍ എഴുതിയ വിശദമായ കുറിപ്പില്‍ അപ്പരാച്ചിക്‌ എന്ന വിശേഷണത്തിന്റെ അര്‍ഥം എന്താണെന്ന്‌ വിശദീകരിച്ചുകൊണ്ട്‌ കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ അപ്പരാച്ചികുകളുടെ കാലമാണെന്ന്‌ ശക്തിധരന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എ.എന്‍.ഷംസീറിനെയും മുന്‍മന്ത്രി എം.എം.മണിയെയും ടി.പി.ചന്ദ്രശേഖരന്റെ കൊലപാതക ശേഷമുള്ള ചില സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ശക്തിധരന്‍ പേര്‌ പറയാതെ പരോക്ഷ സൂചനകളിലൂടെ വിമര്‍ശിക്കുന്നുമുണ്ട്‌.

ശക്തിധരന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം:

thepoliticaleditor

സോവിയറ്റ് യൂണിയനിൽ കമ്മ്യുണിസ്റ്റുകാരെ അവഹേളിക്കാനും പരിഹസിക്കാനും ഫലിതമായി ഉപയോഗിച്ചിരുന്നതാണ് ‘അപരാചിക്’ എന്ന പദം (apparatchik -പാർട്ടി യന്ത്രത്തെപ്പോലെ പ്രവർത്തിക്കുന്ന മനുഷ്യൻ ) . ഇന്ത്യയിൽ ബുദ്ധിജീവികൾക്കിടയിലേ ഇതിനു പ്രചാരമുള്ളൂ. കമ്മ്യൂണിസ്റ്റ് യന്ത്രം എന്നുവേണമെങ്കിലും പറയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണസംവിധാനത്തിൽ അംഗമായ ഒരാളെ നർമ്മം കലർത്തി അവഹേളനപരമായി സംസാരിക്കാനും ഇങ്ങിനെ പ്രയോഗിക്കാം. വിഢിത്തമാണോ എന്നറിയില്ല, സോവിയറ്റ് അനുഭവവും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ചേർത്തുവെച്ചു നോക്കുമ്പോൾ എനിക്ക് ഈ പദത്തിൽ ഉൾച്ചേർന്നിരിക്കുന്നതായി തോന്നുന്നത് ‘അന്തിക്രിസ്തു’ വിന്റെ വരവാണ്.
റഷ്യയിൽ ഈ പദം പ്രചാരത്തിൽ വന്നശേഷം മാർക്സിസം അവിടെ അധികകാലം വാണില്ല. പശ്ചിമബംഗാളിലും ‘അപരാചിക്’ എന്ന വിളിപ്പേര് പതിഞ്ഞ ശേഷം ആ കുലം നശിച്ചു. കേരളത്തിലെ മാറ്റങ്ങൾ മന്ത്രിസഭയിലായാലും സംഘടനയിലായാലും കണ്ടുകൊണ്ടിരിക്കുന്നത് അതേ അന്ത്യത്തിലേക്കാണ്. കേരളം മുഴുവൻ ‘അപരാചിക്’ യന്ത്രമനുഷ്യർ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു .
പഴയ കാലത്തെ പാർട്ടി പ്രവർത്തകരെയല്ല നാം കാണുന്നത്. ‘അപരാചിക്’ പാർട്ടി ഉദ്യോഗസ്ഥരെയാണ് നാം കാണുന്നത്. ഇത് പാർട്ടി മേധാവി കൊടുക്കുന്ന ജോലിയാണ്. പഴയരീതിയിൽ കൂട്ടായ സംഘടനാ പ്രവർത്തനത്തിലൂടെയല്ല ,പരസ്പ്പരം ആലോചിച്ചിട്ടല്ല. എല്ലാവർക്കും ഒരേയൊരാൾ കൊടുത്ത ജോലിയാണ്. വിശ്വാസം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് കിട്ടുന്ന സ്ഥാനക്കയറ്റമാണിത്. ഏറ്റവും അടിത്തട്ടിൽ ഒരു ബ്രാഞ്ചിൽ കിടക്കുന്ന ആളെ ഒറ്റ ദിവസം കൊണ്ട് സംസ്ഥാനകമ്മിറ്റിയിൽ എത്തിച്ചു പരമപ്രധാന ചുമതലകൊടുക്കുന്നു ! .പി ശശിയുടെ കാര്യത്തിൽ അതാണ് കണ്ടത്.പാർട്ടി ഉദ്യോഗസ്ഥന് എന്ത് തോന്ന്യാസവും പറയാം.അതാണ് പാർട്ടി ‘അപരാചിക്’ .അതല്ലെങ്കിൽ .പാർട്ടി ബ്യുറോക്രറ്റ്‌. അവർക്ക് പാർട്ടി യൂണിഫോം ഇല്ലെങ്കിലും പരസ്പ്പരം തിരിച്ചറിയാം.
കെ റയിൽ വിഷയം ആളിക്കത്തിയപ്പോൾ പാർട്ടിയെ പ്രതിരോധിക്കാൻ ടെലിവിഷനിലും മറ്റും നിയോഗിക്കപ്പെട്ടത് ഈ ‘അപരാചിക്’ മനുഷ്യരെയാണ് . അവർക്ക് അറിയാം ഈ പദ്ധതിയോട് ജനങ്ങൾക്ക് അതിശക്തമായ എതിർപ്പാണുള്ളതെന്ന്.പക്ഷെ ‘അപരാചിക്’ കൾക്കു പാർട്ടി ഒരു ജോലി നൽകിയിരിക്കുകയാണ് . അനുകമ്പ തെല്ലുമില്ലാതെ പാർട്ടി പറഞ്ഞതിനെ ന്യായീകരിക്കുകയാണ് ജോലി . ഈ ഭാഷണം മാത്രമല്ല കയ്യൂക്കു പ്രയോഗവും പോലീസ് സേനയുടെ ദുർവിനിയോഗവും എല്ലാം ഇതിന്റെ ഭാഗമാണ്. എങ്ങിനെയും ലക്ഷ്യം കാണണം . അതാണ് സോവിയറ്റ് യൂണിയനിലും പ്രാവർത്തികമാക്കിയത്‌
കെ എസ് ആർ ടി സിയിലെ ശമ്പള പ്രശ്‌നം കൈകാര്യം ചെയ്യുന്നതും പാർട്ടി ‘അപരാചിക്’ ആണ്. സാധാരണ പതിവുള്ളത് ജോലിചെയ്യുന്നവന് ശമ്പളം നൽകുക എന്നതായിരുന്നു. ജോലിസമയവും ക്ലിപ്തമായിരുന്നു.ഇപ്പോൾ ഇതെല്ലാം മാറ്റി. ഉത്തരവാദപ്പെട്ട കമ്മിറ്റിയിൽ എങ്ങും ആരും ആലോചിച്ചില്ല. തൊഴിൽ നയം മാറ്റിയതായി ആരും പറഞ്ഞില്ല അതും ‘അപരാചിക്’ യന്ത്രങ്ങൾ മാത്രം തീരുമാനിച്ചു. ഇത് തന്നെയാണ് സോവിയറ്റ് യൂണിയനിലും നടന്നത്.ശമ്പളം കൊടുക്കാൻ ഇല്ലാതെവന്നപ്പോൾ ബസ് ഓട്ടം നിലച്ചു.ഇതുതന്നെ ഇവിടെയും സംഭവിക്കും.
കേരളത്തിലെ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രധാന പിശക് സ്വയം വിമർശനപരമായി ഇ എം എസ് തന്നെ തുറന്നെഴുതിയിട്ടുള്ളത് പാർട്ടി രേഖകളിൽ ഉണ്ട്‌. ‘പാർട്ടി എന്നാൽ, പാർട്ടിയുടെ തീരുമാനങ്ങൾ, എന്നാൽ ഞാനും പി കൃഷ്‌ണപിള്ളയും മാത്രം ചേർന്നെടുക്കുന്നുവെന്നു തോന്നിപ്പിക്കുന്നൂ എന്നും അത് ശരിയല്ല എന്നുമാണ് ഞങ്ങളുടെ സ്വയം വിമർശനം. അതുപോലെ കേരള ഘടകം എന്നാൽ ഇ എം എസ് ആണെന്ന തോന്നൽ ഉണ്ടാകുന്നുവെന്നുമായിരുന്നു എന്നെക്കുറിച്ചുള്ള അഖിലേന്ത്യാ നേതൃത്വത്തിലെ വിമർശനം. അതാണ് ഒരു ഉത്തമ കമ്മ്യുണിസ്റ്റിന്റെ യോഗ്യത . ഇവിടെയാണെങ്കിൽ കമ്മിറ്റികളിൽ തുറക്കാത്ത ഏക അവയവം വായ് മാത്രം.
മാത്രമല്ല എല്ലാ നേട്ടങ്ങൾക്കും കാരണഭൂതൻ ഒരാളെന്ന് വഴിനീളെ തിരുവാതിര കളിപ്പിച്ചു നാട്ടുകാരെക്കൊണ്ട് പരിഹസിപ്പിക്കുന്നു. എന്തൊരു ലജ്ജാകരമായ അവസ്ഥ. ഈ ശൈലി ശരിയല്ലെന്ന് പറയുന്നത് തന്നെ പായസം കുടിപ്പിക്കുന്നത് പോലെയാണ് . നാട്ടുകാർക്കല്ലാതെ, ഇത് കണ്ട് തുടയിൽ താളം പിടിച്ചിരുന്ന പോളിറ്റ് ബ്യുറോകൾക്ക് ഇത് തെറ്റാണെന്ന് തോന്നിയോ? എത്രവേഗത്തിലാണ് ഈ തിരുവാതിര രോഗം പാർട്ടിയിൽ പടർന്നുപിടിച്ചത്. ഇതാണ് ‘അപരാചിക്’ യന്ത്രങ്ങളുടെ ഫലസിദ്ധി. .
കേരളത്തിലുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ മിക്കതിലും ഒരറ്റത്ത് സിപിഎം ഉണ്ടാകും എന്നത് സുവിദിതം . എന്തുകൊണ്ട് ? ഇവയുടെ മാതാവ് ഒരേ ഒരു ‘അപരാചിക്’ മഹാ യന്ത്രമാണ് . മദർ ഓഫ് ഓൾ മർ ഡേഴ്‌സ്. 10 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ മതി. അവിടെയാണ് ‘അപരാചിക്’ കൊലകളുടെ തുടക്കം. സമീപകാല കൊലപാതകങ്ങളുടെ സമൂഹത്തിൽ അക്രമങ്ങൾ ക്രമാതീതമായി പെരുകുമ്പോൾ രാജ്യത്ത് പൊതുവെ കണ്ടുവരുന്ന പ്രവണതകൾ സമാനമാണ്. തുടർച്ചയായ ഇടതുഭരണത്തിൽ പശ്ചിമ ബംഗാളിലും ഇതാണ് സംഭവിച്ചത്. ഓരോ മേഖലകളിൽ ആധിപത്യം വഹിക്കുന്ന ഗ്യാങ് ഉണ്ട്. മിക്ക ഗ്യാങ് വന്നടിയുന്നത് തുറമുഖ പരിസരത്തും തീവണ്ടി സ്റ്റേഷൻ പരിസരങ്ങളിലും ആണ്. ഇവർക്ക് തിന്നാനും കുടിക്കാനും സഞ്ചരിക്കാനുള്ള ഓട്ടോറിക്ഷയും എല്ലാം ‘അപരാചിക്’ യന്ത്രങ്ങൾ വഴി സൗജന്യമാണ്. ഉദാഹരണത്തിന് അപ്രതീക്ഷിതമായി ധനാഢ്യനായ ഒരു യാത്രക്കാരന് കൊൽക്കത്തയിൽ നിന്ന് ഇന്ത്യയിലെ മറ്റേതെങ്കിലും വലിയ നഗരത്തിൽ എത്താൻ ഈ ‘അപരാചിക്’ യന്ത്ര ഗ്യാങിലെ ഒരാളെ കണ്ടാൽ മതി. എത്ര തിരക്കുണ്ടെങ്കിലും ടിക്കറ്റ് കിട്ടും. ഉയർന്ന ക്‌ളാസ് ടിക്കറ്റ് അനായാസം ലഭിക്കും . അതിന് പ്രത്യേക റേറ്റ് ഉണ്ട്. എം പി മാരുടെയോ അവരുടെ സ്വാധീനത്തിലോ ഉള്ള EQ ടിക്കറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. സിപിഎം ഏറ്റവും കൂടുതൽ എം പി മാരു ള്ള പാർട്ടി ആയിരുന്നതിനാൽ ഇതിനു സാധ്യത കൂടുതലായി. അവർ ട്രെയിൻ ഇല്ലാത്തസമയത്ത് ‘അപരാചിക്’ യന്ത്രം നൽകുന്ന സമാനമായ മറ്റ് തരികിട ജോലികൾ ഏറ്റെടുത്ത് വരുമാനം ഉണ്ടാക്കും.പോലീസ് പിടിയിലായാൽ ‘അപരാചിക്’ യന്ത്രം രക്ഷിക്കും.അവസാനം പല മേഖലകളും ഇവരുടെ അധീനത്തിലായി ജനങ്ങൾ പൊറുതിമുട്ടി. ജനങ്ങൾ രണ്ടറ്റ ഒരു തീരുമാനമെടുത്തു.
ഇതിന്റെ തനിപ്പകർപ്പാണ് കേരളത്തിൽ കാണുന്നതും. കേരളം സംഘടിത ഗൂണ്ടാ രാജായി മാറിയിരിക്കുന്നു. കേരളത്തെ സൂക്ഷ്മമായി പഠിച്ചാൽ മനസ്സിലാകുന്നത് ടി പി ചന്ദ്രശേഖരൻ വധമാണ് ഈ ദിശയിലേക്ക് കേരളത്തെ തിരിച്ചുവിട്ടത് എന്നാണ്.
ഇത് രാഷ്ട്രീയമായ വിദ്വേഷം കൊണ്ടല്ല പറയുന്നത്. ഒരു പക്ഷെ ഈ വധം സംഘടിപ്പിച്ചവരുടെ മനസ്സിൽ അത്തരത്തിലൊരു ചിന്ത ആദ്യം ഉണ്ടായിരിക്കണമെന്നില്ല. പാർട്ടി ഓഫിസിലോ പാർട്ടി ഒളിത്താവളങ്ങളിലോ കൂട്ടുചേർന്ന് രാഷ്ട്രീയ പ്രതിയോഗിയെ വകവരുത്തിയിട്ടുള്ള സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ കൊല നടത്തിച്ചവർക്ക് അങ്ങിനെ വെറുതെ കൊന്നാൽ പോരാ എന്ന വാശി ഉണ്ടായിരുന്നു. ‘അപരാചിക്’ യന്ത്രക്കൊല തന്നെ വേണം. നിയമ മേഖലയിലെ, രാഷ്ട്രീയ മേഖലയിലെ, ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ, വ്യാപാര മേഖയിലെ, എല്ലാം വമ്പന്മാരുമായി തോളോട് തോൾ ബന്ധപ്പെടാനും ചങ്ങാത്തത്തിനും ഇത്ര സുഗമമായി എത്ര നല്ല അവസരമാണ് ഈ അരും കൊല നേടിക്കൊടുത്തത് .ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ഒരാളെ അച്ചാരം നല്കിയവന്റെ ആഗ്രഹപ്രകാരം വെട്ടി നുറുക്കി കൊടുക്കുക.എന്നിട്ടും അച്ചാരം നൽകിയ യമൻ രാക്ഷസന്മാർ വന്നു തടവിൽ കിടന്നിടത്തുവന്നു ഉമ്മ കൊടുക്കാൻ പറ്റാത്തത് കൊണ്ട് ചെമ്പനീർ കൊണ്ടുള്ള പൂവ് ഉയർത്തിക്കാട്ടി നന്ദി പറയുക. അമ്മമാരേ എങ്ങിനെ നിങ്ങൾക്ക് 51 വെട്ടിന് പ്രതിഫലമായി 99 കൊടുക്കാൻ കൈപൊങ്ങി. കിറ്റിൽ അത്രയ്ക്ക് നിങ്ങൾ ഭ്രമിച്ചുപോയോ? ഒരു വീട്ടമ്മയുടെ തോരാത്ത കണ്ണീർ നിങ്ങൾ കാണുന്നില്ലേ. ഇനി മാറോട് ചേർത്തു പിടിക്കാൻ തുടങ്ങിയിട്ട് എന്തുകാര്യം? .
മനുഷ്യകുലത്തിലെ ഏറ്റവും വലിയ കാട്ടാളന്മാർക്ക് പിറന്നവർ തന്നെയായിരിക്കണം ഈ പാതകം ചെയ്യേണ്ടതെന്ന പിടിവാശി കൊണ്ടാണ് കൊലയാളികളെ കണ്ടെത്തുക മാത്രമല്ല അവന്റെയൊക്കെ ഡി എൻ എ കൂടി പരിശോധിച്ച് തന്നെ കുഞ്ഞനന്തൻ ഈ കൊടും പാതകം നടത്തിച്ചത്. ഈ കൊലയ്ക്ക് വേണ്ടിയുള്ള ആസൂത്രണവും അവർക്കെല്ലാം കിട്ടിയ സംരക്ഷണവും പണത്തിന് മുട്ടില്ലാത്ത നീണ്ട 10 വർഷത്തെ അതിരുകളില്ലാത്ത ധനസഹായവും കാരാഗൃഹത്തിൽ കിടന്നുപോലും കോടികളുടെ സ്വർണ്ണവും കള്ളക്കടത്തും സ്വർണ്ണ പിടിച്ചുപറിയും നടത്താനുള്ള സൗകര്യവും ഒരുക്കിയതും കൊലയാളിയുടെ മധുവിധുന് കൂട്ടിനു മനുഷ്യരൂപത്തിൽ അവതരിച്ച ഒരു ചീറ്റയെ ഇറക്കിയതും ‘പരിശുദ്ധി’ ആണ് പ്രധാനം എന്ന സാരോപദേശ മന്ത്രം ജപിച്ചു ആ ചീറ്റയുടെ കാൽപ്പാടുകൾ ഭരണഘടനാ സ്ഥാപനത്തിന്റെ ശ്രീകോവിലിലെ പടവുകളിലും പതിച്ചു ആനന്ദ നിവൃതി അടയുമ്പോൾ ഇവിടെ അരുംകൊലകൾ കുറയുമോ കൂടുമോ? ഒന്നിനും പഞ്ഞമില്ലാ എന്ന് ബോധ്യപ്പെട്ടാൽ ഒന്നല്ല എത്ര അരുംകൊലയ്ക്കും ‘ചീറ്റ’യെ കിട്ടും. അവന്റെയൊക്കെ കുടുംബത്തിൽ നിന്ന് പ്രസവിച്ച പെണ്ണുങ്ങൾ റബ്ബർമരത്തിലെ കറ പിഴിഞ്ഞെടുക്കുമ്പോലെ 10 വർഷം കൊണ്ടു കൊടുത്ത മുലപ്പാലിന്റെ സ്വാദ് അനുഭവിച്ച ഈ രാക്ഷസന്മാർ എത്ര കൊലയ്ക്കു വേണമെങ്കിലും ഇനിയും ചാടി വീണ് ക്വട്ടേഷൻ എടുക്കും. അവരുടെ ജീവിതത്തിലെ പറുദീസാ കാലമായിരുന്നല്ലോ ഇത്. ഒന്നിനും കുറവില്ലാത്തകാലം.അതുകൊണ്ടാണല്ലോ ഇനിയും ഇനിയും ഇനിയും വിധവകൾ എന്നാണല്ലോ ഇടുക്കി ഗുഹാന്തരങ്ങളിൽ കഴിയുന്ന മറ്റൊരു ‘ചീറ്റ’ നാട്ടിലേക്ക് വന്നപ്പോൾ ഭീഷണി മുഴക്കി പോയത്. ആ യമന്റെ കണ്ണിൽ അപ്പോൾ തിളച്ചു കത്തുകയായിരുന്ന അഗ്നി കണ്ടാൽ അറിയാമായിരുന്നു അവളോടുള്ള കുടിപ്പക തീർത്തിട്ടല്ല പോകുന്നതെന്ന്. വരട്ടെ .

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick