Categories
kerala

പ്ലസ്‌ വണ്‍ മൂല്യനിര്‍ണയം അത്യധികം കര്‍ക്കശമായി എന്ന് ആക്ഷേപം, ഫലം വന്നപ്പോള്‍ കുട്ടികൾക്ക് ഇരുട്ടടി

ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം കര്‍ക്കശമാക്കി കഴിഞ്ഞ വര്‍ഷത്തെ അത്യുദാര എ-പ്ലസ്‌ ദാന അപഖ്യാതി മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ്‌ ശ്രമിച്ചത്‌ പ്ലസ്‌ വണ്‍ മൂല്യ നിര്‍ണയത്തിലും അതേ പടി പകര്‍ത്തിയപ്പോള്‍ പ്ലസ്‌ വണ്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ മികച്ച കുട്ടികള്‍ പോലും തറപറ്റി. മികച്ച റിസള്‍ട്ട്‌ കിട്ടാറുള്ള ഒട്ടേറെ പ്രശസ്‌ത വിദ്യാലയങ്ങളില്‍ പോലും കുട്ടികള്‍ക്ക്‌ മാര്‍ക്ക്‌ അത്യധികം കുറഞ്ഞതായി കുട്ടികളും രക്ഷിതാക്കളും നല്‍കുന്ന വിവരങ്ങള്‍ തെളിയിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ പോലും കുട്ടികള്‍ക്ക്‌ പല വിഷയങ്ങള്‍ക്കും കിട്ടിയത്‌ പാതിയിലും താഴെ മാര്‍ക്കുകള്‍. എസ്‌.എസ്‌.എല്‍.സി.ക്ക്‌ മികച്ച വിജയം നേടിയ കുട്ടികളും കാലിടറി വീണു.
പ്ലസ്‌ വണ്‍ മൂല്യ നിര്‍ണയം കര്‍ക്കശമായിരുന്നുവെന്ന്‌ അതിന്‌ നിയോഗിക്കപ്പെട്ടിരുന്ന അധ്യാപകര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെങ്കിലും കുട്ടികള്‍ ഇത്രയധികം വലിയ ഇടിവ്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ തുറന്നു പറയുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം എസ്‌.എസ്‌.എല്‍.സി. ഫല പ്രഖ്യാപനം വൈകിയതിനനുസരിച്ച്‌ പ്ലസ്‌ വണ്‍ പഠനത്തുടക്കവും വൈകിയായിരുന്നു. വെറും മൂന്നു മാസം മാത്രമാണ്‌ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കായി ഫലത്തില്‍ സ്‌കൂളുകളില്‍ കിട്ടിയിരുന്നത്‌. ഇക്കാലത്തിനിടയില്‍ മുഴുവന്‍ പാഠങ്ങളും പേരിന്‌ ഓട്ടപ്രദക്ഷിണം നടത്തിയതല്ലാതെ ഫലപ്രദമായി അധ്യയനം സാധ്യമായിരുന്നില്ലെന്ന്‌ കുട്ടികള്‍ മാത്രമല്ല അധ്യാപകരും സമ്മതിക്കുന്നുണ്ട്‌. ഇത്‌ കുട്ടികളുടെ പഠനത്തെ നല്ല രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ടെന്ന്‌ റിസള്‍ട്ട്‌ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകളില്‍ കയറി പഠിക്കാന്‍ ശ്രമിച്ച കുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ സയന്‍സ്‌, ഗണിത വിദ്യാര്‍ഥികള്‍ക്ക്‌ കാര്യങ്ങള്‍ ഫലപ്രദമായി ഗ്രഹിക്കാന്‍ കഴിയുന്നില്ലെന്ന്‌ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നെങ്കിലും അത്‌ ആരും ഗൗരവമായി എടുക്കുകയുണ്ടായില്ലെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു.
ക്ലാസുകള്‍ വേണ്ടത്ര കിട്ടാത്ത സാഹചര്യത്തോടൊപ്പം ഇത്തവണ മൂല്യനിര്‍ണയത്തില്‍ ഒട്ടും ഉദാരത വേണ്ടെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശവും കൂടിയായപ്പോള്‍ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന കുട്ടികള്‍ പോലും പ്ലസ്‌ വണ്‍ ഫലം വന്നപ്പോള്‍ അമ്പത്‌ ശതമാനം മാര്‍ക്കു പോലും പല വിഷയത്തിനും കിട്ടാതെ പിന്നോട്ടു പോയ അവസ്ഥയാണ്‌. കുട്ടികളുടെ ഈ ദുരവസ്ഥയില്‍ ഏറെ അസ്വസ്ഥരാണ്‌ രക്ഷിതാക്കള്‍. കുട്ടികളിലും മാനസികമായി വലിയ ആഘാതമാണ്‌ അപ്രതീക്ഷിതമായ ഈ മാര്‍ക്കു ചോര്‍ച്ച ഉണ്ടാക്കിയിട്ടുള്ളത്‌.

Spread the love
English Summary: Plus one result Published

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick