Categories
kerala

നിതീഷിന്റെ മുന്നില്‍ ബിജെപി നീക്കം പൊളിഞ്ഞു…ബി.ജെ.പി.യെ പുറത്താക്കി നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും…തേജസ്വി ഉപ മുഖ്യന്‍

ബിഹാറില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്താനുള്ള ബി.ജെ.പി. നീക്കം രാഷ്ട്രീയ തന്ത്രജ്ഞനായ നിതീഷ് കുമാര്‍ തകര്‍ത്തു. ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്ര സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി രാജി നല്‍കി. പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. പുതിയ മന്ത്രിസഭയില്‍ തേജസ്വി യാദവ് ആയിരിക്കും ഉപമുഖ്യമന്ത്രി. ഇടതു പക്ഷവും കോണ്‍ഗ്രസും നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്. ഇടതു പക്ഷത്തിന് ബിഹാറില്‍ 16 എം.എല്‍.എ.മാരുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേനയെ താഴെയിറക്കാനായി വിമത ശിവസേനാ എം.എല്‍.എ. ഏക്‌നാഥ് ഷിന്‍ഡെയെ ഉപയോഗിച്ചതു പോലെ ബിഹാറില്‍ ആര്‍.സി.പി.സിങ് എന്ന മുന്‍ ആര്‍.ജെ.ഡി.നേതാവിനെ ഉപയോഗിക്കാനായിരുന്നു ബി.ജെ.പി. ശ്രമം എന്ന് സംശയിക്കപ്പെട്ടിരുന്നു. ജെ.ഡി.യു.വിന്റെ കേന്ദ്രമന്ത്രിയും പാര്‍ടി മുന്‍ അധ്യക്ഷനും നിതീഷിന്റെ മുന്‍ വിശ്വസ്തനുമായിരുന്നു ആര്‍.സി.പി.സിങ്. എന്നാല്‍ കേന്ദ്രമന്ത്രിയായിരിക്കെ അമിത്ഷായുമായി രഹസ്യബന്ധം പുലര്‍ത്തുന്നതായി മണത്തറിഞ്ഞ നിതീഷ്‌കുമാര്‍ മഹാരാഷ്ട്ര മാതൃകയിലുള്ള അട്ടിമറി ആദ്യമേ സംശയിച്ചു എന്നാണ് കരുതേണ്ടത്. ആര്‍.സി.പി.സിങിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ രാജ്യസഭാ സീറ്റ് വീണ്ടും നല്‍കിയില്ല. ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം പോയി. പിന്നീട് പാര്‍ടിയില്‍ നിതീഷ് അഴിമതി ആരോപണം ഉയര്‍ത്തിയതോടെ ആര്‍.സി.പി.സിങ് പാര്‍ടി വിടാനും നിര്‍ബന്ധിതനായി. ഇങ്ങനെ പാര്‍ടിക്കകത്ത് ആര്‍.സി.പി. സിങ് വഴി പിളര്‍പ്പുണ്ടാക്കാനുള്ള ബി.ജെ.പി. ശ്രമം നിതീഷ് തടയുകയും മുഴുവന്‍ എം.എല്‍.എ.മാരെയും എം.എല്‍.സി.മാരെയും കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ബി.ജെ.പി.യുടെ പിന്തുണ വേണ്ടെന്ന് വെച്ചിരിക്കുന്നത്. ബിഹാര്‍ രാഷ്ട്രീയത്തിലെ ചാണക്യനായ നിതീഷിനു മുന്നില്‍ അമിത്ഷായുടെ തന്ത്രം തല്‍ക്കാലം വിലപ്പോയില്ല എന്നാണ് പുതിയ രാഷ്ട്രീയനീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. നിതീഷിന്റെ നീക്കത്തില്‍ ബി.ജെ.പി. ദേശീയ നേതൃത്വം ഞെട്ടിയിരിക്കയാണ്. വലിയ കളിക്കാരെന്ന് അഭിമാനിക്കുന്ന അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയായി ബിഹാറിലെ പുറത്താകല്‍.
ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ട് നിതീഷ് പുതിയ മന്ത്രിസഭയ്ക്ക് അവകാശവാദം ഉന്നയിക്കും എന്നാണ് റിപ്പോര്‍ട്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick