Categories
kerala

മന്ത്രിസഭാ പുന:സംഘടനയ്‌ക്കും സ്വാഭാവിക അനുകൂല സാഹചര്യം… രണ്ടു മന്ത്രിമാർ മാറും

എം.വി.ഗോവിന്ദന്‍ എന്ന സീനിയര്‍ സി.പി.എം. നേതാവ്‌ സംസ്ഥാന സെക്രട്ടറിയായി മാറിയതോടെ അദ്ദേഹം കേരള മന്ത്രിസഭയില്‍ വഹിച്ച സ്ഥാനം മാറേണ്ടിവരുമെന്നത്‌ ഇടതുമുന്നണിയെ സംബന്ധിച്ച്‌ ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന ഗുണം ചെയ്യുമെന്ന്‌ ഉറപ്പാണ്‌. സ്വഭാവികമായി ഒരു മന്ത്രിസഭാ പുനസ്സംഘടനയ്‌ക്ക്‌ കളമൊരുക്കാന്‍ ഈ മാറ്റം വഴിയൊരുക്കുന്നു. ചില മന്ത്രിമാരെ മാറ്റി ഭരണം കൂടുതല്‍ പ്രതിച്ഛായ ഉള്ളതാക്കാന്‍ സ്വാഭാവികമായി സി.പി.എമ്മിന്‌ കിട്ടിയ അവസരമാകുകയാണ്‌ ഇപ്പോള്‍. സാധാരണ ഗതിയില്‍ ഇടതുമുന്നണി ഭരണത്തില്‍ ഇടക്കാലത്ത്‌ മന്ത്രിമാരെ മാറ്റി പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന രീതി ഇല്ല. കാരണം പോരായ്‌മ വരുത്തുന്ന മന്ത്രിമാരെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ആണ്‌ സി.പി.എം. പ്രാവര്‍ത്തികമാക്കാറുള്ളത്‌. യു.ഡി.എഫില്‍ പതിവുള്ള പ്രതിച്ഛായാ ചര്‍ച്ചയും മന്ത്രിമാരെ മാറ്റിക്കൊണ്ടുള്ള നാടകങ്ങളും സി.പി.എം. അനുവര്‍ത്തിക്കാറില്ല. പ്രത്യേകിച്ച്‌ പിണറായി വിജയന്റെ മന്ത്രി സഭയില്‍ അത്‌ ആലോചനയ്‌ക്ക്‌ വിഷയം പോലുമല്ലാത്ത സാഹചര്യമാണ്‌ കേരളത്തിലെ പാര്‍ടി സംവിധാനത്തില്‍. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ നിന്നും വ്യത്യസ്‌തമായി മുഖ്യമന്ത്രി ഒഴികെ സകലരും പുതുമുഖങ്ങളായി മാറിയ രണ്ടാം മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ താഴപ്പിഴകളും കുറവുകളും ഭരണത്തിന്റെ പ്രതിച്ഛായക്ക്‌ വലിയ തോതില്‍ മങ്ങലുണ്ടാക്കിയെന്ന കാര്യം സി.പി.എം. ഉന്നത നേതൃത്വം തന്നെ വിലയിരുത്തുകയുണ്ടായി. ധനം, വ്യവസായം, പൊതുമരാമത്ത്‌, ആരോഗ്യം, സാംസ്‌കാരികം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മുന്‍പരിചയമില്ലാത്തവര്‍ മന്ത്രിമാരായി വന്നത്‌ കാര്യമായ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

ഇപ്പോള്‍ മന്ത്രിസഭയിലെ പാര്‍ടി മന്ത്രിമാരില്‍ ഏറ്റവും പാര്‍ടി സീനിയോറിറ്റിയുള്ള നേതാവ്‌ എം.വി.ഗോവിന്ദനാണ്‌, പിണറായി വിജയന്‍ കഴിഞ്ഞാല്‍. വിമര്‍ശനം നേരിടുന്ന ഇതര വകുപ്പുകളില്‍ ചിലതിലെങ്കിലും മന്ത്രിമാരുടെ മാറ്റം ആവശ്യമാണെന്ന്‌ സി.പി.എം.നേതൃത്വത്തില്‍ ചര്‍ച്ചയുണ്ട്‌. പ്രത്യേകിച്ച്‌ ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആക്ഷേപമാണ്‌ ഉയരുന്നത്‌. ധനകാര്യം, വ്യവസായം, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിമാരൊക്കെ വിയര്‍ത്ത്‌ അധ്വാനിക്കുന്നുണ്ടെങ്കിലും ചിലരുടെയെങ്കിലും ഇമേജ്‌ കുറവാണെന്നൊരു ചര്‍ച്ചയും നിലനില്‍ക്കുന്നുണ്ട്‌. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജിവെക്കേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റ്‌ മന്ത്രിമാര്‍ക്ക്‌ വിഭജിച്ച്‌ നല്‍കിയിരിക്കയാണിപ്പോള്‍. സാംസ്‌കാരിക വകുപ്പിന്‌ മാത്രമായി ഒരു മന്ത്രി വേണ്ടതുണ്ട്‌. ഒപ്പം എക്‌സൈസ്‌ വകുപ്പ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌ എന്നിവയുടെ മന്ത്രിയും ഇപ്പോള്‍ ഒഴിയേണ്ടിവരുന്നു.

thepoliticaleditor

ഈ സാഹചര്യത്തില്‍ കുറച്ചു കൂടി വിശാലമായി വകുപ്പുകള്‍ അഴിച്ചു പണിയാനും മന്ത്രിമാരില്‍ ചിലരെ കൂടി മാറ്റാനും സ്വാഭാവികമായ സാഹചര്യമാണ്‌ സി.പി.എമ്മിന്‌ കിട്ടിയിരിക്കുന്നത്‌. പ്രതിച്ഛായ മോശമായതുകൊണ്ട്‌ നിര്‍ബന്ധിക്കപ്പെട്ടാണ്‌ മന്ത്രിസഭാ പുനസ്സംഘടന എന്ന പഴിക്ക്‌ ഇട നല്‍കാതെ പിണറായി വിജയന്‌ തന്റെ കാബിനറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായകമാകും ഇപ്പോഴത്തെ സാഹചര്യത്തില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick