Categories
kerala

യോനീ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കാമാഖ്യ സന്ദർശിച്ച അനുഭവം പങ്കിട്ട് മോഹൻലാൽ

യോനീ പ്രതിഷ്ഠയുള്ള അസമിലെ പ്രശസ്‌തമായ ശാക്‌തേയ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച് അതിന്റെ അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കിട്ട് നടൻ മോഹൻലാൽ. വന്നുകാണേണ്ടതും അനുഭവിക്കേണ്ടതുമായ ഇടമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് മോഹൻലാൽ കുറിയ്‌ക്കുന്നത്. അടുത്ത ദിവസം ബ്രഹ്‌മപുത്രാ നദിയിലൂടെ യാത്ര നടത്തുമെന്നും ലാൽ പറയുന്നു. ഭാരതത്തിൽ ഇനി കാണാനുള‌ളയിടങ്ങൾ കൂടി കാണാനാകട്ടെ പ്രതീക്ഷയും നടൻ കുറിപ്പിൽ പങ്കു വെക്കുന്നു.

മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് പൂർണമായി വായിക്കൂ…

thepoliticaleditor

കേട്ടു കേൾവി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാൻ കാമാഖ്യയെ കുറിച്ച് കേട്ടത് എന്നാണ് ? ഓർമ്മയില്ല. പക്ഷേ കേട്ട നാൾ മുതൽ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ട്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ . പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥൻ നായർ ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമാ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിലെ അവധൂതർ .

തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാൻ ഇനിയും എത്രെയോ മുൻപിലേക്ക് പോകണം. കാമാഖ്യ യോനി പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. യോനി എന്നാൽ വരുന്നയിടം എന്നാണർത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ നമ്മിൽ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം.
ഇവിടെ വപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞത്. ഏതാണ്ട് അറുന്നുറു വർഷം അഹോം രാജാക്കന്മാർ ഭരിച്ചയിടം. മുഗൾ ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാൻ ചരിത്ര പാഠപുസ്തകത്തിൽ പഠിച്ചതായി ഓർക്കുന്നില്ല. അസ്സാമുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചു നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളിൽ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകൾ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു. നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാൽ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്ഠ. ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ വേണ്ട സഹായങ്ങൾ ചെയ്തു തന്ന പണ്ഡിറ്റ് നയൻ ജ്യോതി ശർമ്മ ക്ഷേത്രത്തിന്റെ പഴക്കം ദ്വാപരയുഗത്തോളം എന്നാണ് പറഞ്ഞത്. ചരിത്രപരമായി ഇതിന്റെ പഴക്കം ഏഴാം നൂറ്റാണ്ടിൽ വരെ കൊണ്ട് ചെന്നെത്തിക്കാൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. തീർച്ചയായും കാമാഖ്യയിലെ യോനീ സങ്കൽപത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ്. തീർച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം.
ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക് , ഉമാനന്ദനെ കാണാൻ . ഭൂപൻ ഹസാരിക ഹൃദയം നിറഞ്ഞു പാടിയ ബ്രഹ്മപുത്രയിലൂടെ ഒരു യാത്ര . നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാൻ ഒരു യാത്ര. ഈ യാത്ര ഞങ്ങൾ എന്നോ ആഗ്രഹിച്ചതാണ്. എന്റെ കൂടെ റാം ഉണ്ട് (ആർ. രാമാനന്ദ്). കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തിൽ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങൾ കൂടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Spread the love
English Summary: KAMAKHYA TEMPLE VISIT OF MOHANLAL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick