Categories
kerala

അര്‍ഥം വളച്ചൊടിച്ച്‌ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ദ വീക്കിന്റെ കോളമിസ്‌റ്റ്‌ വാരിക വിട്ടു…പൊലീസ്‌ കേസെടുത്തു…കാണ്‍പൂരില്‍ കോപ്പികള്‍ കത്തിച്ചു

മലയാള മനോരമ ഗ്രൂപ്പിലെ ഇംഗ്ലീഷ്‌ വാരികയായ ദി വീക്കിലെ പ്രമുഖ കോളമിസ്‌റ്റ്‌ ബിബേക്‌ ദെബ്രോയ്‌ വാരികയിലെ കോളമെഴുത്ത്‌ അവസാനിപ്പിച്ചതായി മാനേജ്‌ മെന്റിന്‌ കത്തെഴുതി. തന്റെ കോളത്തിനൊപ്പം വാരികയില്‍ നല്‍കിയ പെയിന്റിങും കോളത്തിനു നല്‍കിയ തലക്കെട്ടും മതവികാരം വ്രണപ്പെടുത്തുന്നു എന്ന്‌ ആരോപിച്ചാണ്‌ . ബിബേക്‌ ദ വീക്കില്‍ എഴുതുന്നത്‌ അവസാനിപ്പിക്കുന്നതായി മനോരമ എഡിറ്റര്‍ക്ക്‌ കത്തെഴുതിയത്‌. ഇതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ്‌ ദ വീക്കിനെതിരെ കേസെടുത്തു. വാരികയുടെ കോപ്പികള്‍ ബജ്രംഗ്‌ ദള്‍ കത്തിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ അധ്യക്ഷനാണ്‌ ദ വീക്കില്‍ കോളമെഴുത്തുകാരനായ ബിബേക്‌ ദെബ്രോയ്‌. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ബി.ജെ.പി. യു.പി ഘടകം വൈസ്‌ പ്രസിഡണ്ടിന്റെ പരാതിയിലാണ്‌ വാരികയുടെ ഉടമകള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌.

ടങ്‌ ഓഫ്‌ ഫയര്‍ എന്ന തലക്കെട്ടില്‍ എഴുതിയ കോളമാണ്‌ വിവാദത്തിനടിസ്ഥാനം. ജൂലായ്‌ 24-ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കോളത്തിനൊപ്പം ഹിമാചല്‍ പ്രദേശിലെ കാങ്‌ഗ്ര പെയിന്റിങിന്റെ ചിത്രം നല്‍കിയിട്ടുണ്ട്‌. നഗ്നരൂപത്തില്‍ നിലത്ത്‌ ശയിക്കുന്ന ഇളം നിറത്തിലുള്ള ഭഗവാന്‍ പരമശിവന്റെ മുകളില്‍ കാളി നില്‍ക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള 1820-ലെ പെയിന്റിങാണിത്‌. ഉത്തേരേന്ത്യയില്‍ ഈ തരം ചിത്രീകരണങ്ങള്‍ അസാധാരണമല്ല. 18,19 നൂറ്റാണ്ടുകളില്‍ ഇത്തരം ചിത്രീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇത്തരം ഒരു ചിത്രം 2016-ല്‍ രാജസ്ഥാനില്‍ ലേലത്തില്‍ വിറ്റു പോയിട്ടുണ്ട്‌.
എന്നാല്‍ താന്‍ ഉദ്ദേശിക്കാത്ത അര്‍ഥം ഉണ്ടാക്കാന്‍ മനപൂര്‍വ്വം ചിത്രം ഉപയോഗിക്കുകയാണ്‌ വാരിക ചെയ്‌തതെന്നാണ്‌ ബിബേക്‌ ആരോപിച്ചത്‌.

thepoliticaleditor
ദ വീക്ക്‌ എഡിറ്റര്‍ ഫിലിപ്പ്‌ മാത്യുവിന്‌ ബിബേക്‌ ദെബ്രോയ്‌ എഴുതിയ കത്ത്‌.

” ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ ചിത്രം ചേര്‍ത്തു വെച്ചത്‌ താന്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല. ഇതൊരു തന്ത്രാധിഷ്‌ഠിത പെയിന്റിങ്‌ ആണ്‌. ലേഖനത്തിനായി നല്‍കാന്‍ ഇത്‌ തിരഞ്ഞെടുത്ത്‌ തെറ്റായ അര്‍ഥം നല്‍കുന്നു. തന്റെ ലേഖനത്തിന്‌ ഈ ചിത്രം താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല -ബിബേക്‌ ദെബ്രോയ്‌ മനോരമ എഡിറ്റര്‍ ഫിലിപ്പ്‌ മാത്യുവിന്‌ അയച്ച കത്തില്‍ പറഞ്ഞു. കത്ത്‌ അദ്ദേഹം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മനോരമയുടെ പ്രസിദ്ധീകരണവുമായി ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായും ബിബേക്‌ കത്തില്‍ കുറ്റപ്പെടുത്തുന്നു. (കടപ്പാട്‌- ദ്‌ വയര്‍ വാര്‍ത്തയും ചിത്രവും)

Spread the love
English Summary: FIR Against ‘The Week’ for ‘Objectionable’ Kangra Painting

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick