ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
എച്ച്.ആർ.ഡി.എസിൽനിന്ന് ഒഴിവാകണം എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത് എന്നാണ് സ്വപ്നയുടെ ആരോപണം. കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ക്രൈം ബ്രാഞ്ച് പറഞ്ഞതായി സ്വപ്ന പറഞ്ഞു.
ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്ന് ചോദിച്ച സ്വപ്ന, കേരളത്തിലെ എല്ലാ പെൺമക്കളെയും സ്വന്തം പെൺമക്കളായി മുഖ്യമന്ത്രി കാണണം എന്നും പറഞ്ഞു.
‘എച്ച്.ആർ.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നാൾ അന്നം തന്നതിന് അവരോട് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ തൃപ്തിയായോ എന്നാണ് ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്.

എന്റെ വയറ്റത്തടിച്ചു, മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെൺമക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോര. ഞങ്ങളെയെല്ലാം അദ്ദേഹം പെൺമക്കളായി കാണണം’-സ്വപ്ന പറഞ്ഞു.
ക്രൈംബ്രാഞ്ചിനെക്കൊണ്ട് എനിക്കെതിരേ കേസെടുപ്പിച്ചു. മിനിഞ്ഞാന്ന് ചോദ്യംചെയ്തു. എന്നാൽ അത് പീഡനമായിരുന്നു. അതിനെ ചോദ്യംചെയ്യൽ എന്ന് പറയാനാകില്ല. അവിടെനടന്ന സംഭവം പറയാം, ഇനി അതിന്റെ പേരിൽ കേസെടുക്കുകയാണെങ്കിൽ എനിക്ക് പ്രശ്നമില്ല.
എച്ച്.ആർ.ഡി.എസിൽനിന്ന് ഒഴിവാകണം എന്നാണ് അവർ ആദ്യം പറഞ്ഞത്. കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ആവശ്യപ്പെട്ടു. 2016 മുതൽ 2020 വരെ നടന്ന കാര്യങ്ങൾ ഇന്നലെ വന്ന വക്കീലിനോ എച്ച്ആർഡിഎസിനോ അറിയില്ല. വക്കീലിന്റെ രാഷ്ട്രീയം, വിശ്വാസം എന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യവുമല്ല.
വീണ വിജയന്റെ ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകൾ എവിടെയാണെന്നായിരുന്നു അടുത്ത ചോദ്യം. വീണ വിജയന് ബിസിനസ് നടത്താൻ പാടില്ലെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാൻ എന്റെ കേസിനെപ്പറ്റിയും മൊഴിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇതിനാണോ ഗൂഢാലോചനക്കേസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. ഇത് പീഡനമാണ്.
ഒരുസ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ അവളെ നടുറോഡിലിറക്കി. എച്ച്ആർഡിസിലെ ജീവനക്കാരെ അടക്കം ഉപദ്രവിക്കുകയാണ്. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്. ക്രൈംബ്രാഞ്ച് ഈ ഉപദ്രവം അവസാനിപ്പിക്കണം.
770 കലാപക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് പറഞ്ഞത്. 770 അല്ല എത്ര കേസുകളിലും പ്രതിയാക്കിക്കോട്ടെ, എനിക്ക് ഇന്ന് ജോലിയില്ല, മക്കൾക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്. ഇനി കേറികിടക്കുന്ന വാടകവീട്ടിലും പോലീസുകാരെ വിട്ട് ഇറക്കിവിടുകയാണെങ്കിൽ തെരുവിലാണെങ്കിലും ബസ് സ്റ്റാൻഡിൽ ആണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ഞാൻ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനങ്ങളെ ആറിയിച്ച് കൊടുത്തിരിക്കും. ഞാൻ കൊടുത്ത മൊഴി സത്യമാണ്. അതിൽ മാറ്റമില്ല, അത് നടന്നതാണ്.
ജീവനുണ്ടെങ്കിൽ സത്യത്തിന്റെ അറ്റം കാണുന്നതുവരെ കൂടെനിൽക്കും. മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാൻ കഴിയുമെങ്കിലും ചെയ്തോളൂ’, സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.