മഹാരാഷ്ട്ര നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാഹുൽ നർവേക്കർ വിജയിച്ചു.വിമത ശിവസേന എംഎൽഎമാരടക്കം 164 പേരാണ് ബിജെപി–ഷിൻഡെ വിഭാഗത്തെ പിന്തുണച്ചത്. മഹാവികാസ് അഘാഡി സ്ഥാനാർഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജൻ സാൽവിയെയാണ് പരാജയപ്പെടുത്തിയത്. രാജൻ സാൽവിക്ക് 107 വോട്ടുകൾ ലഭിച്ചു. മഹാവികാസ് അഘാഡി സഖ്യം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎൽഎമാർ ആദ്യമായാണ് നേർക്കുനേർ വരുന്നത്.ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ പക്ഷത്തിന് ആത്മവിശ്വാസം കൂടും.
നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം ആയിരുന്ന സമാജ് വാദി പാർട്ടി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്പി എംഎൽഎമാരായ അബു അസ്മിയും റയീസ് ശൈഖും വോട്ട് ചെയ്തില്ല. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഔറംഗാബാദിന്റെ പേര് മറ്റിയ ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ എസ്പി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിൽ നിന്ന് എസ്പി സ്ഥാനാർഥികൾ വിട്ടുനിന്നത്.
അതേസമയം, ശിവസേനയുടെ നിയമസഭാ കക്ഷി ഓഫിസ് പൂട്ടിയിട്ടതായി ആദിത്യ താക്കറെ അറിയിച്ചു. ‘നിയമസഭയിലെ ശിവസേന നിയമസഭാ കക്ഷി ഓഫിസ് ഞങ്ങൾ അടച്ചുപൂട്ടി. ഓഫിസിന്റെ താക്കോൽ ഞങ്ങളുടെ പക്കലാണ്. ഞങ്ങളുടെ ചില എംഎൽഎമാരെ അവർ പൂട്ടിയിട്ടിരുന്നു. കക്ഷി ഓഫിസ് പൂട്ടിയതിൽ എന്താണിത്ര വലിയ കാര്യം?’– ആദിത്യ താക്കറെ ചോദിച്ചു.