Categories
kerala

വിദേശകാര്യമന്ത്രി കഴക്കൂട്ടത്ത്‌ വന്നതെന്തിന്‌? പിണറായി വിജയനും വി.മുരളീധരനും വാക്‌പോരില്‍

കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.ജയശങ്കര്‍ തിരുവനന്തപുരത്ത്‌ വരികയും സ്വര്‍ണ കള്ളക്കടത്തു കേസില്‍ സത്യം പുറത്തുവരുമെന്ന്‌ പ്രസ്‌താവന നടത്തുകയും ചെയ്‌തത്‌ സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. ഇത്രയും ഉന്നത സ്ഥാനീയനായ മന്ത്രി സ്വര്‍ണ കള്ളക്കടത്തുകേസില്‍ ഇത്രയും പ്രധാനമായൊരു പ്രസ്‌താവന നടത്തിയത്‌ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രേരണയാല്‍ ആണെന്നാണ്‌ ഭരണകേന്ദ്രങ്ങളില്‍ സംസാരം.

എസ്‌.ജയ്‌ശങ്കര്‍ കഴക്കൂട്ടത്ത്‌ എത്തിയപ്പോള്‍

ഇതിന്റെ തുടര്‍ പ്രതികരണമെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിദേശകാര്യമന്ത്രിക്കെതിരെ തിരിഞ്ഞു. ലോക കാര്യങ്ങള്‍ നോക്കേണ്ട മന്ത്രി കഴക്കൂട്ടത്ത്‌ ഫ്‌ലൈ ഓവര്‍ കാണാന്‍ വന്നതെന്തിന്‌ എന്ന ചോദ്യമാണ്‌ പിണറായി ഉയര്‍ത്തിയത്‌.തലസ്ഥാന ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ ബി ജെ പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏൽപിച്ചുവെന്നാണ് കേൾക്കുന്നത്. കഴക്കൂട്ടത്തെ ഫ്‌ളൈ ഓവർ കാണാൻ കേന്ദ്രമന്ത്രി വന്നത് എന്തിനാണ് മനസിലാകും– പിണറായി പറഞ്ഞു. കേശവദാസപുരത്ത് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

thepoliticaleditor

എസ്‌.ജയ്‌ശങ്കറിനെ കഴക്കൂട്ടത്ത്‌ എത്തിച്ചത്‌ അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രിയായ വി.മുരളീധരന്റെ ഉല്‍സാഹത്തിലാണെന്നും കഴക്കൂട്ടത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി.ക്ക്‌ രാഷ്ട്രീയനേട്ടത്തിനായി സഹായിക്കുന്ന മാധ്യമ ഇമേജ്‌ ഉണ്ടാക്കലാണ്‌ പ്രത്യക്ഷത്തില്‍ യാതൊരു കാര്യവുമില്ലാത്ത ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്നും സി.പി.എം. കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. രാജ്യത്തിന്റെ ഉന്നതനായ വിദേശകാര്യമന്ത്രി തിരക്കുകളെല്ലാം ഉണ്ടായിരിക്കെ എന്തിനാണ്‌ ഒരു ഫ്‌ലൈ ഓവറിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തുന്നത്‌ എന്നത്‌ കൗതുകം ഉണര്‍ത്തിയ സംഭവമാണ്‌.

ബി ജെ പി നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ഫ്‌ളൈഓവർ നിർമ്മാണ പുരോഗതിയും കേന്ദ്രമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിനെ പരാമർശിച്ചു കൊണ്ട് ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലർ വരുന്നതായും പിണറായി പരിഹസിച്ചു. കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിർമാണ പുരോഗതി ജയ്ശങ്കർ വിലയിരുത്തിയത്. ഫ്‌ളൈ ഓവർ സന്ദർശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജണൽ ഓഫീസർ ബി.എൽ.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നേതാക്കളായ വി. ശിവൻകുട്ടി, എസ്.സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പരിഹാസത്തിന് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മറുപടി നൽകിയതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയുടെ തലസ്ഥാന സന്ദർശനത്തിൽ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നായിരുന്നു മുരളീധരന്റെ ചോദ്യം. വിദേശകാര്യമന്ത്രി എന്നാൽ സ്ഥിരമായി വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം ധാരണ മുഖ്യമന്ത്രിയോടു മാറ്റാനും മുരളീധരൻ ആവശ്യപ്പെട്ടു.

Spread the love
English Summary: pinarayi vijayan criticises union foriegn affairs minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick