Categories
kerala

സച്ചീ…എവിടെയിരുന്നെങ്കിലും നിങ്ങളിതു കാണുന്നുണ്ടോ…അയ്യപ്പനും കോശിയും തകര്‍ത്തൂട്ടാ…

തന്റെ സിനിമ ദേശീയ അവാര്‍ഡുകള്‍ തൂത്തുവാരുന്നത്‌ കാണാന്‍ സംവിധായകന്‍ സച്ചി എന്ന സച്ചിദാനന്ദന്‍ ഈ ലോകത്തില്ല..2020 ഫെബ്രുവരി ഏഴിന്‌ അയ്യപ്പനും കോശിയും റിലീസ്‌ ചെയ്‌തു, കൃത്യം നാല്‌ മാസവും പത്ത്‌ ദിവസവും കഴിഞ്ഞപ്പോള്‍ (ജൂൺ 18 ) സച്ചി ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറഞ്ഞു–ഒരു പുരസ്‌കാരതിളക്കവും തിരിച്ചറിയാനാവാത്ത അനന്തമായ ഓര്‍മയിലേക്ക്‌… സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്‌ത രണ്ടാമത്തെ സിനിമയ്‌ക്ക്‌ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ആ പ്രതിഭാധനൻ ഏതെങ്കിലും ലോകത്തിരുന്ന്‌ ഇതറിയുന്നുണ്ടോ എന്ന്‌ വെറുതെ ചിന്തിച്ചു പോകുന്നു.

ഈ സിനിമയില്‍ അവിസ്‌മരണീയമായി അഭിനയിച്ച അനില്‍ നെടുമങ്ങാടിന്റെ അകാലമരണവും ഇതിനു പിന്നാലെ സംഭവിച്ചു-ഡിസംബര്‍ 25ന്‌. അയ്യപ്പനും കോശിയും ഇപ്പോള്‍ ഒരു പോലെ നൊമ്പരങ്ങളുടെയും തിരക്കഥ തീര്‍ക്കുന്നു.

thepoliticaleditor
അനില്‍ നെടുമങ്ങാട്

ഇന്ന്‌ പ്രഖ്യാപിച്ച അവാര്‍ഡുകള്‍, മികച്ച സംവിധായക പുരസ്‌കാരം സച്ചിക്ക്‌ കിട്ടിയതുള്‍പ്പെടെ, അത്‌ കൊണ്ടു തന്നെ അകാലത്തില്‍ പൊലിഞ്ഞു പോയ ആ പ്രതിഭയ്‌ക്കുള്ള ശ്രദ്ധാഞ്‌ജലിയാണ്‌, ഈ ലോകത്ത്‌ ജീവിക്കുന്ന നമ്മള്‍ മനുഷ്യര്‍ക്ക്‌ സച്ചി എന്ന കണ്ണീരോര്‍മയില്‍ നനയാനുള്ള വര്‍ഷാകാലമഴമേഘങ്ങളാണ്‌.
2020-ലെ ചിത്രങ്ങള്‍ക്കായി പ്രഖ്യാപിച്ച ദേശീയ സിനിമാപുരസ്‌കാരങ്ങളില്‍ മലയാളം തിളങ്ങിയത്‌ സച്ചിയുടെ ചിത്രത്തിലൂടെയാണ്‌. മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഹനടന്‍, ഗായിക, സംഘട്ടന സംവിധാനം എന്നിങ്ങനെ പ്രധാനപ്പെട്ട നാല്‌ പുരസ്‌കാരങ്ങളാണ്‌ അയ്യപ്പനും കോശിയും മലയാളത്തിലേക്ക്‌ കൊണ്ടുവന്നത്‌. ഇതൊന്നും കാണാന്‍ മലയാള സിനിമയിലെ ന്യൂജെന്‍ പ്രതിഭയെന്നു വിളിക്കാവുന്ന സച്ചി മാത്രം ഇല്ലാതെ പോയി…

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1972 ഡിസംബര്‍ 25-ന്‌ ജനിച്ച സച്ചി എന്ന സച്ചിദാനന്ദനെ എക്കാലവും ഓര്‍മിക്കാന്‍ അയ്യപ്പനും കോശിയും മതി. സേതുവുമായി ചേര്‍ന്ന്‌ തിരക്കഥാകൃത്തായി സച്ചി-സേതു ടൈറ്റിലുകള്‍ വെള്ളിത്തിരയില്‍ കുറേക്കാലം നിറച്ച ശേഷമായിരുന്നു സച്ചിയുടെ സംവിധായക വേഷം. ചോക്ലേററ്‌, റോബിന്‍ഹുഡ്‌, മേക്കപ്പ്‌മാന്‍, സീനിയേഴ്‌സ്‌ തുടങ്ങി സച്ചി-സേതും കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ പലതായിരുന്നു.

പതുക്കെ സച്ചി സ്വതന്ത്രനായി. റണ്‍ ബേബി റണ്‍, ചേട്ടായീസ്‌, അനാര്‍ക്കലി, രാമലീല, ഷെര്‍ലക്‌ ടോംസ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ക്ക്‌ സേതുവിന്റെ കൂട്ടില്ലാതെ തനിച്ച്‌ തിരക്കഥ എഴുതി.

ജോലിയുടെ ആദ്യകാലത്ത്‌ വക്കീല്‍ വേഷമിട്ട സച്ചി പിന്നീട്‌ സംവിധായക വേഷത്തിലേക്ക്‌ മാറിയത്‌ 2015-ല്‍ ആദ്യ സിനിമ താന്‍ തന്നെ എഴുതിയ തിരക്കഥയുടെ മികവോടെ അനാര്‍ക്കലി എന്ന പേരില്‍ പുറത്തിറങ്ങി. പൃഥ്വിരാജിനെ സച്ചി അന്ന്‌ പിടികൂടിയതാണ്‌. രണ്ടാമത്തെ സ്വന്തം തിരക്കഥ തന്നെ സംവിധാനം ചെയ്‌തപ്പോഴും പൃഥ്വിയെ വിട്ടില്ല-അങ്ങനെ 2020-ല്‍ അയ്യപ്പനും കോശിയും ഇറങ്ങി. ഇപ്പോഴിതാ ആ സിനിമ മികച്ച സംവിധായകനെന്ന ദേശീയ പുരസ്‌കാരത്തിന്‌ സച്ചിയെ അര്‍ഹനാക്കി. പക്ഷേ ആ വെള്ളിത്തിളക്കത്തിന്‌ കാത്തുനില്‍ക്കാതെ രണ്ടുവര്‍ഷം മുമ്പ്‌ ഒരു ഇല വീഴുന്നതു പോല ആകസ്‌മികമായി സച്ചി എന്നേക്കുമായി മറഞ്ഞുപോയി. മരണം ഒരു ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പൊടുന്നനെ കടന്നുവരികയായിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്‌പിറ്റലില്‍ ആ ദേഹം തണുത്തുറഞ്ഞപ്പോള്‍ പറന്നു പോയത്‌ മലയാള സിനിമയുടെ വലിയ വാഗ്‌ദാനമായിരുന്നു എന്ന്‌ ഇപ്പോള്‍ കാലം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു-അത്‌ കാണാനും കേള്‍ക്കാനും സച്ചി മാത്രമില്ലാതെ.

അനില്‍ നെടുമങ്ങാട്

മറ്റൊരു ദുരന്തവും ഈ സിനിമ നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്‌. പൊലീസ്‌ ഓഫീസറായി ആ സിനിമയില്‍ വേഷമിട്ട അനില്‍ നെടുമങ്ങാടിന്റെ അകാല വേര്‍പാട്‌. അപ്രതീക്ഷിതമായിരുന്നു അനിലിന്റെയും മരണം. ആഹ്‌ളാദിച്ച്‌ കുളിക്കാന്‍ വെള്ളത്തിലിറങ്ങിയ അനിലിനെ മരണം തട്ടിയെടുക്കുകയായിരുന്നു. 2020 ഡിസംബര്‍ 25-ന്‌ തൊടുപുഴയിലെ മലങ്കരഡാമിലായിരുന്നു അനിലിന്‌ മരണവിധിയൊരുക്കിയത്‌. വെറും 48 വയസ്സില്‍ ആ അതുല്യ നടനെ വിധി അപഹരിച്ചു.

Spread the love
English Summary: national award for best director credits to malayalee director sachi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick