Categories
latest news

വിയോജിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് മോദി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നു: എളമരം കരീം

ഈ മണ്‍സൂണ്‍ സെഷന്‍ മുതല്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങള്‍, സമരങ്ങള്‍, ഉപവാസങ്ങള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. വിയോജിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണ്. പാര്‍ലമെന്റിനകത്ത് പ്രതിഷേധ സൂചകമായി പറയാന്‍ സാധിക്കുന്ന, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കി സഭയ്ക്കകത്തെ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ‘അണ്‍പാര്‍ലമെന്ററി’യാക്കി. ഇതിന് തൊട്ട് പിന്നാലെയാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അത്യസാധാരണമായ പുതിയ നടപടി. ലോകത്തിന് മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നത് ശക്തമായ ജനാധിപത്യത്തിന്റെ കരുത്തിലാണ്.
അങ്ങനെ ഒരു രാജ്യത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തന്നെ പ്രതിഷേധിക്കാന്‍ അവകാശം ഇല്ലാതാകുന്ന സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്തിന് മുന്നില്‍ പരിഹസ്യമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതയില്‍ ഇന്ത്യന്‍ ജനാധിപത്യം പരിഹസിക്കപ്പെടുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. അത് സമര രൂപത്തിലുമാകാം. അങ്ങനെ ജനകീയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മനോഭാവം അംഗീകരിച്ചുപോകാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളില്‍ പ്രധാനമാണ് സമാധാനപൂര്‍വം സംഘടിക്കാനുള്ള അവകാശം. ആ മൗലികാവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയിലൂടെ റദ്ദാക്കുന്നത്. വിയോജിപ്പുകളെ ഇല്ലാതാക്കി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണ് ഈ സര്‍ക്കാര്‍. ജനാധിപത്യത്തിന്റെ സൗന്ദര്യം വിയോജിപ്പാണെന്നും ജനാധിപത്യം അതിജീവിക്കുന്നത് വിയോജിപ്പുകളുടെ ബലത്തില്‍ കൂടിയാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ട് ലണ്ടനില്‍ പ്രസംഗിച്ചത്. അതേ മോദി വിയോജിപ്പുകളെ ഈ വിധം അടിച്ചമര്‍ത്തുമ്പോള്‍ മോദിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കൂടിയാണ് വെളിവാകുന്നത്.

thepoliticaleditor

മോദി ഭരണത്തില്‍ ജനജീവിതം ദുസഹമായിക്കഴിഞ്ഞു. സമസ്ത മേഖലയിലും ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ് പാര്‍ലമെന്റ്. അവിടെ വാക്കുകള്‍ക്കും , സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാവുകയാണ്. മാത്രമല്ല ജനകീയ പ്രശ്‌നങ്ങളില്‍ മറുപടി പറയാതെ ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാരിന് താല്പര്യമെന്നും ഇത് തെളിയിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി പാര്‍ലമെന്റ് അംഗങ്ങളെ മാത്രമല്ല അവരെ തെരഞ്ഞെടുത്ത ജനങ്ങളെ കൂടിയാണ് അപമാനിക്കുന്നത്. പാര്‍ലമെന്റിനകത്ത് എങ്ങനെ സംസാരിക്കണം, പാര്‍ലമെന്റിനു പുറത്ത് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീട്ടൂരങ്ങള്‍ക്ക് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താന്‍ ഇടതുപക്ഷം തയ്യാറല്ല. ഈ വിഷയത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. വീഴ്ച മനസിലാക്കി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകണം.

Spread the love
English Summary: MODI GOVT KILLS DEMOCRACY SAYS ELAMARAM KAREEM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick