രാജ്യാന്തര പ്രശസ്‌തനായ മലയാളി ശില്‍പി കാനായി കുഞ്ഞിരാമന്റെ ശില്‍പങ്ങളോട് കണ്ണൂരില്‍ കടുത്ത അധിക്ഷേപം. പയ്യാമ്പലം പാര്‍ക്കില്‍ കാനായി ഒരുക്കിയ മനോഹരങ്ങളായ ശില്‍പങ്ങള്‍ സംരക്ഷണമില്ലാതായിട്ട് കുറേ കാലമായെങ്കിലും ഇപ്പോള്‍ ആ ശില്‍പങ്ങളെ അപമാനിക്കുകയും നശിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യാനൊരുങ്ങിയിരിക്കയാണ് അധികൃതര്‍. മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞും എന്ന ഭീമാകാര ശില്‍പം ഇപ്പോള്‍ തിരിച്ചറിയാനാവാതെ മണ്‍കൂന പോലെയായി മാറിക്കഴിഞ്ഞു. കലാചരിത്രത്തിന്റെ ഭാഗമായി മാറിയ തെയ്യം ശില്‍പങ്ങളും മറ്റും ഇപ്പോള്‍ പാര്‍ക്കിന്റെ വികസനം എന്ന പേരിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥയാണ്.

മണ്ണമ്മ എന്ന് കാനായി കുഞ്ഞിരാമന്‍ പേരിട്ടുവിളിച്ച അമ്മയും കുഞ്ഞും ശിൽപം മൺകൂനയ്‌ക്ക് സമാനമായിത്തീര്‍ന്നു. കിടന്ന് മുലയൂട്ടുന്ന അമ്മയും കുഞ്ഞുമാണ് രൂപം. പാർക്കിലെ ഉപയോഗശൂന്യമായ ഫൈബർ കളിയുപകരണങ്ങൾ ഇതിന് തൊട്ടടുത്താണ് കൂട്ടിയിട്ടിരിക്കുന്നത്. പാർക്കിലേക്ക് കയറി വരുന്നവരെ മുന്‍പ് സ്വീകരിച്ചിരുന്നത് തെയ്യം ശില്‍പ സമുച്ചയമായിരുന്നു. എന്നാൽ, അതിനെ മറച്ചാണ് പുതിയ കെട്ടിടം പണിതത്. കമിതാക്കൾ കടലിനഭിമുഖമായി കിടക്കുന്ന രീതിയിലുള്ള റിലാക്‌സ് എന്ന ശിൽപത്തോട് ചേർന്നാണ് അഡ്വഞ്ചർ പാർക്കിനുള്ള ഇരുമ്പ് ടവർ നിർമിച്ചത്. ശിൽപത്തിന് മുകളിൽ കോൺക്രീറ്റ് അവശിഷ്‌ടങ്ങള്‍ അടിഞ്ഞതിനാല്‍ ഭംഗി നഷ്‌ടപ്പെട്ട നിലയിലാണ്. ഇവയെ മാറ്റിനിർത്തിയാണ് പാർക്കിലെ ഇരിപ്പിടങ്ങൾ പോലും ഒരുക്കിയത്.

കലാ സാംസ്‌കാരിക ലോകത്തു നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ കാനായിയെ ഈ രീതിയില്‍ അപമാനിക്കുന്നതിനെതിരെ ഉയരുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും അതിന്റെ സാരഥ്യമുള്ള ജില്ലാ ഭരണകൂടവുമെല്ലാം പ്രതിസ്ഥാനത്തു വരുന്ന ഈ കലയുടെ കൊലപാതകം അവസാനിപ്പിക്കാന്‍ തിരുത്തല്‍ നടപടി ഉണ്ടാകുമോ എന്നതാണ് വിഷയം.
കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് കഴിഞ്ഞ ദിവസം കാനായി ശില്‍പങ്ങള്‍ സന്ദര്‍ശിക്കുകയും കടുത്ത അതൃപ്‌തിയും പ്രതിഷേധവും പ്രകടിപ്പിക്കുകയും ചെയ്‌തു. ജില്ലയിലെ പ്രമുഖരായ ശില്‍പികളും ചിത്രകാരന്‍മാരും കലാ ഗവേഷകരും കണ്ണൂരില്‍ പ്രതിഷേധ പരിപാടി നടത്തുകയും ചെയ്‌തിരിക്കുന്നു. കാനായിയുടെ ശില്‍പങ്ങള്‍ക്ക് പ്രതീകാത്മകമായി രക്ഷാകവചം തീര്‍ത്ത് കലാകാരന്‍മാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.