Categories
kerala

വന്‍ ദുരന്തമായി കെ.സുധാകരന്‍…കോണ്‍ഗ്രസിന്‌ ബാധ്യതയാകുന്ന അധമ വാമൊഴി

ഇത്‌ രാഷ്ട്രീയ ബുദ്ധിശൂന്യതയോ…അതോ വിടുവായത്ത ഉദ്‌ഘോഷണമോ

Spread the love

എം.എം.മണിയുടെ അധിക്ഷേപത്തെ വിമര്‍ശിച്ച്‌ ശക്തമായി രംഗത്തുളള കോണ്‍ഗ്രസുകാര്‍ക്ക്‌ അവരുടെ ഉന്നത നേതാവ്‌ തന്നെ മുട്ടന്‍ പണി നല്‍കി– കെ.സുധാകരന്‍. ഇത്രയും ബുദ്ധിശൂന്യമായ വിടുവായത്തം കെ.പി.സി.സി. പ്രസിഡണ്ടില്‍ നിന്നും ഉണ്ടാവുമെന്ന്‌ സമൂഹം സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല-ഇത്ര തരം താണുപോയോ ഗ്രാന്റ്‌ ഓള്‍ഡ്‌ പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്നു മൂക്കത്ത്‌ വിരല്‍വെപ്പിക്കുന്ന പ്രതികരണമാണ്‌ എം.എം.മണിയെക്കുറിച്ച്‌ ഇന്ന്‌ സുധാകരന്‍ നടത്തിയിരിക്കുന്നത്‌. മണിയാശാന്റെ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മാര്‍ച്ചിന്റെ മുഴുവന്‍ മര്യാദയും ചോര്‍ത്തിക്കളയുന്ന കട്ടൗട്ടാണ്‌ മഹിളകള്‍ കൈയ്യിലേന്തി നടന്നത്‌. മണിയുടെ നിറത്തെയും രൂപത്തെയും വംശീയമായി അധിക്ഷേപിക്കുന്ന കട്ടൗട്ട്‌ സര്‍വ്വ മരാദ്യയുടെ സീമയും ലംഘിക്കുന്നതായിരുന്നു. ഇതിലെ അപകടം ബോധ്യപ്പെട്ടതു കൊണ്ടായിരിക്കണം സംഘടന കട്ടൗട്ട്‌ പെട്ടെന്ന്‌ പിന്‍വലിക്കുകയും നശിപ്പിക്കുകയും മണിയോട്‌ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ മഹിളാ കോണ്‍ഗ്രസിന്റെ കൂടി തലതൊട്ടപ്പനായ, പ്രവര്‍ത്തകരുടെ അപക്വതയെ നിയന്ത്രിച്ച്‌ രാഷ്ട്രീയ മാന്യത കാണിക്കാന്‍ നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്വമുള്ള കെ.പി.സി.സി. പ്രസിഡണ്ട്‌ ഒരു പടികൂടി കടന്ന്‌ വംശീയാധിക്ഷേപത്തിന്റെ കൊടുമുടിയില്‍ ഇരുന്നാണ്‌ സംസാരിച്ചത്‌. ചിമ്പാന്‍സിയുടെ രൂപത്തില്‍ മണിയുടെ തല വെട്ടിയൊട്ടിച്ച്‌ മഹിളകള്‍ ബുദ്ധിശൂന്യമായ അധിക്ഷേപം കാണിച്ചപ്പോള്‍ സുധാകരന്‍ ചോദിച്ചത്‌ അതു തന്നെയല്ലേ മണിയുടെ മുഖം എന്നായിരുന്നു. ഒറിജിനല്‍ മുഖമല്ലാതെ കാണിക്കാന്‍ കഴിയുമോ, മുഖം അങ്ങിനെയായതിന്‌ ഞങ്ങളെന്ത്‌ പിഴച്ചു എന്നും ചോദിച്ച സുധാകരന്‍ ആവേശത്തില്‍ ഒരു പടി കൂടി കടന്ന്‌ മുഖം ഇങ്ങനെയായതിന്‌ ഞങ്ങളെയല്ല, സ്രഷ്ടാവിനോടാണ്‌ പറയേണ്ടതെന്നും തട്ടിവിട്ടു. എന്തൊരു ബുദ്ധിശൂന്യതയും വിടുവായത്തവുമാണ്‌ ഒരു വലിയ പാര്‍ടിയുടെ അധ്യക്ഷന്‌ എന്ന്‌ വെളിപ്പെടുത്തുന്ന വാക്കുകളായി ഇവ.
മണി രമയെ അപമാനിച്ചതിന്‌ മാപ്പു പറയിപ്പിക്കാന്‍ നടത്തിയ പ്രകടനത്തിലും പിന്നീട്‌ സുധാകരന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലും ഉണ്ടായത്‌ മണി നടത്തിയതിലും പതിന്‍മടങ്ങ്‌ മോശമായ അധിക്ഷേപമായത്‌ എങ്ങിനെയാണ്‌ സുധാകരന്‍ എന്ന രാഷ്ട്രീയനേതാവ്‌ ഒരു വലിയ ദുരന്തമായി മാറുന്നത്‌ എന്നതിന്‌ മതിയായ തെളിവുകള്‍ പ്രകടമായി ഉണ്ട്‌. ഇനി എന്തു പറഞ്ഞാണ്‌ കോണ്‍ഗ്രസ്‌ മണിയുടെ അധിക്ഷേപത്തെ നേരിടുക. സ്വന്തം പാര്‍ടിക്കും സ്വന്തം മുന്നണിക്കും ഇങ്ങനെ പണി കൊടുക്കുന്ന കെ.പി.സി.സി. അധ്യക്ഷനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവിന്‌ എന്താണ്‌ പറയാനുണ്ടാവുക എന്നറിയുക രസകരമായിരിക്കും. ഉന്നത സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടതു കൊണ്ടുമാത്രം മനുഷ്യന്റെ മനസ്സിലെ അധമ സ്വഭാവം മാഞ്ഞുപോകില്ലെന്നതിന്റെ ഉദാഹരണമായി നിരന്തരം മാറുകയാണോ കെ.സുധാകരന്റെ വാമൊഴികള്‍ എന്ന്‌ ചോദിക്കേണ്ട അവസ്ഥയിലാണ്‌ കോണ്‍ഗ്രസുകാര്‍ പോലും.

Spread the love
English Summary: racist comment of k sudhakaran on mm mani

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick