Categories
kerala

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്…

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒടുവിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കോടതിച്ചെലവായ 25,000 വും രജിതയില്‍ നിന്ന് ഈടാക്കും.ജയചന്ദ്രനും മകള്‍ക്കും ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കാനാണ് ഉത്തരവ്.

കോടതി ഉത്തരവനുസരിച്ചാണ് സർക്കാരിന്‍റെ തീരുമാനം. പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. ആറ്റിങ്ങലിൽ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്.എന്നാല്‍ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

thepoliticaleditor

50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ആരോപണ വിധേയായ ഉദ്യോഗസ്ഥ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടുമായിരുന്നു സര്‍ക്കാരിന്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നത്.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയെയും മാനസികമായി തളർത്തി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

സംഭവം വാർത്ത ആയതിനെ തുടർന്ന് ബാലാവകാശകമ്മീഷൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് തേടി. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

Spread the love
English Summary: Government orders to pay compensation to child insulted by pink police

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick