കേരളം കണ്ട മികച്ച സർക്കാരുകളിൽ ഒന്നാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഉണ്ടായതെന്നും ഒന്നാം പിണറായി സർക്കാരിന് അടിത്തറയിട്ടത് ആ സർക്കാരാണെന്നും മുൻ മന്ത്രി ജി.സുധാകരൻ. നന്നായി പ്രവർത്തിച്ചാൽ മൂന്നാം വട്ടവും പിണറായി സർക്കാരിനെ ജനങ്ങൾ വിളിച്ചുവരുത്തും-സുധാകരൻ പറഞ്ഞു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെയുള്ള കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ ക്യാപ്റ്റനായി നടത്തുന്ന വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ വസ്തുനിഷ്ഠമായ തെളിവു നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടതില്ല. മുഖ്യമന്ത്രി അന്യായമായി ഒന്നും ചെയ്യില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം. സ്വർണക്കടത്തിനെക്കുറിച്ച് പ്രസംഗിക്കുന്ന ബിജെപിക്കാർ കേന്ദ്രം ഭരിക്കുമ്പോഴും സ്വർണം കടത്തുന്നവരെ കണ്ടെത്താൻ ചെറുവിരൽ പോലും അനക്കുന്നില്ലെന്നും പറഞ്ഞു.
