Categories
kerala

വാണിജ്യബാങ്കുകളിലെ പെരുംതട്ടിപ്പുകള്‍ നിങ്ങള്‍ മറക്കരുത്‌…നീരവ്‌ മോദിയെയും വിജയ്‌മല്യയെയും തുണച്ച ബാങ്കുകള്‍…

കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ ചിലതിലെ പണം തിരിമറിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആ മേഖലയെക്കുറിച്ച്‌ ജനത്തിന്‌ ഉണ്ടാക്കുന്ന ആശങ്ക കനത്തതാണ്‌. എന്നാല്‍ മാധ്യമ ചര്‍ച്ചകളില്‍ നിറയുന്നത്‌ സഹകരണ ബാങ്കുകള്‍ മാത്രമാണ്‌ പണം തിരിമറിയുടെ കേന്ദ്രങ്ങള്‍ എന്നാണ്‌. വാണിജ്യബാങ്കുകളില്‍ നിന്നും ചോരുന്ന പരശ്ശത കോടികള്‍ കൂടി ഓര്‍മിച്ചുകൊണ്ടു വേണം കുറ്റപത്രം നിരത്താനെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌ മാധ്യമപ്രവര്‍ത്തകന്‍ സി.നാരായണന്‍. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ ഇക്കാര്യം വിശദീകരിക്കുന്നു. അതേസമയം സഹകരണ സ്ഥാപനങ്ങളെപ്പറ്റി ഉയരുന്ന പണാപഹരണക്കഥകളില്‍ ശക്തമായ നടപടിയും കുറ്റക്കാരെ പൂര്‍ണമായി തള്ളിപ്പറഞ്ഞ്‌, അവരുടെ സ്വത്തുക്കള്‍ ജപ്‌തി ചെയ്‌ത്‌ മുതല്‍ക്കൂട്ടാന്‍ സി.പി.എം. നേതൃത്വവും ഇടതു സര്‍ക്കാര്‍ സംവിധാനത്തിലെ സഹകരണ വകുപ്പും തയ്യാറാവണമെന്ന്‌ സി.നാരായണന്‍ ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ രൂപം:

thepoliticaleditor

വാണിജ്യ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകള്‍ നിങ്ങള്‍ മറന്നുകൊണ്ടാവരുത്‌ ഇപ്പോള്‍ കേരളത്തിലെ ഏതാനും സഹകരണ ബാങ്കുകളില്‍ നടന്ന, തീര്‍ച്ചയായും അതിഗൗരവമുള്ള തട്ടിപ്പുകളെ മുന്‍നിര്‍ത്തി വിചാരണ ചെയ്യേണ്ടത്‌. ഇന്ത്യയിലെ വാണിജ്യ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത്‌ തിരിച്ചടക്കാത്ത വന്‍ ബിസിനസുകാരുടെ പട്ടിക ഇടയ്‌ക്കിടെ പുറത്തുവിടാറുണ്ട്‌. വായിച്ച ഓർമ്മ വെച്ച് പറയുകയാണ് രണ്ടു ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഇതേ വരെ ഇന്ത്യന്‍ ബാങ്കുകളിലുണ്ട്‌. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും നീരവ്‌ മോദി കൊണ്ടു പോയ 5000 കോടി രൂപ നമ്മുടെ നിക്ഷേപങ്ങളുടെയും വിഹിതം കൂടിയാണ്‌. 900 കോടി കൊണ്ടു പോയ വിജയ്‌ മല്യയും കട്ടത്‌ ആരുടെ പണമാണ്‌.
ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ പലരും ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ശതകോടികള്‍ വായ്‌പയെടുത്ത്‌ തിരിച്ചടക്കാത്തവരാണ്‌. അത്‌ ഈടാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ. വമ്പന്‍മാര്‍ക്ക്‌ മടിശ്ശീല അഴിക്കുന്ന ഇന്ത്യന്‍ വാണിജ്യബാങ്കുകള്‍ പക്ഷേ സാധാരണക്കാരനായ നിങ്ങള്‍ ഒരു ചെറിയ വായ്‌പയ്‌ക്ക്‌ പോയാലോ, അതിലെ തിരിച്ചടവുകള്‍ മുടങ്ങി ജപ്‌തിയുടെ വക്കിലെത്തായാലോ സ്വീകരിക്കുന്ന കണ്ണില്‍ച്ചോരയില്ലാത്ത നടപടികള്‍ എന്തൊക്കെയാണെന്നതിന്‌ കേരളത്തില്‍ തന്നെ എത്രയെത്ര കണ്ണീര്‍ക്കഥകള്‍ ഉണ്ട്‌.!!!
കേരളത്തിലെ ഗ്രാമീണ മേഖലയില്‍ വാണിജ്യബാങ്കുകളുടെ കടുംകെട്ടുകളില്ലാതെ സാധാരണക്കാരുടെ ആവശ്യങ്ങളിലേക്ക്‌ ആശ്വാസമായിത്തീര്‍ന്നത്‌ ഇവിടുത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ്‌. കണ്ണുരുട്ടല്‍ ഇല്ലാതെ ഒരു നിരക്ഷരന്‌ പോലും എളുപ്പം വായ്‌പ കിട്ടുന്ന സ്ഥലം. അര്‍ജന്റ്‌ ആയി ഒരാവശ്യം വന്നാല്‍ ഓടിപ്പോയി ഒരു വായ്‌പ മേടിക്കാന്‍ ധൈര്യമായി പോകാനുളള ഇടം. എത്രയെത്ര കുടുംബങ്ങളെ, വ്യക്തികളെ സഹകരണ ബാങ്കുകളുടെ സഹായഹസ്‌തം ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടാകും!! ഒരു തുണ്ട്‌ ഭൂമിയും സാലറി സര്‍ട്ടിഫിക്കറ്റും ഒന്നും ഇല്ലാത്ത നിസ്സഹായര്‍ക്കും പോലും കൈ പൊള്ളാതെ, കൊള്ളപ്പലിശയും ഭീഷണിയുമില്ലാതെ കടത്തിന്‌ കൈ നീട്ടാവുന്ന ഇടം വേറെ ഏതുണ്ടിവിടെ.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അഴിമതിക്കഥയുടെ വാര്‍ത്തകളില്‍ ഇത്തരം സത്യങ്ങള്‍ മുങ്ങിപ്പോകരുത്‌. പൊലീസിനെക്കുറിച്ചോ അധ്യാപകരെക്കുറിച്ചോ പറയുന്നത്‌ പോലെയാണ്‌-ഏതാനും പേര്‍ ഉണ്ടാക്കുന്ന ദുഷ്‌പേര്‌ ഒരു പ്രസ്ഥാനത്തെ തന്നെ ഇരുട്ടില്‍ നിര്‍ത്തും. മാധ്യമപ്രവര്‍ത്തകരും അതു പോലെ തന്നെയല്ലേ.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്താല്‍ ഒരു പ്രത്യേക രാഷ്ട്രീയത്തെ തകര്‍ക്കാനാവുമെന്ന്‌ കണക്കു കൂട്ടുന്ന ഒരു കേന്ദ്ര രാഷ്ട്രീയം ഉണ്ട്‌. അടുത്ത കാലത്ത്‌ സഹകരണവകുപ്പിനെ കേന്ദ്രസര്‍ക്കാരിന്റെ വരുതിയിലാക്കാന്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌ മറന്നുകൂടാ. ഫെഡറലിസത്തിന്റെ കടുത്ത ലംഘനമായി വിലയിരുത്തപ്പെട്ടു അത്‌.
സഹകരണമേഖലയെ തകര്‍ന്നു കാണാന്‍ മോഹിക്കുന്നവരുണ്ട്‌…അവര്‍ക്ക്‌ ആയുധം നല്‍കുന്നത്‌ ആരാണ്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുടെ ദുർമൂർത്തികളായ ചില നേതാക്കളുടെ പുഴുക്കുത്തുകള്‍ കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ കാവലാളായ ഒരു പ്രസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന അവസ്ഥയാണ്‌. സി.പി.എം. ഉന്നത നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ പരസ്യമായി നടത്തണം. ജനങ്ങള്‍ക്ക്‌ ആശങ്കയകറ്റി, വിശ്വാസം നല്‍കും വിധം നേതാക്കള്‍ രംഗത്തു വരണം.
പണം തട്ടിയതിന്‌ ഒത്താശ ചെയ്‌ത നേതാക്കളെ നിഷ്‌കരുണം പുറത്തേക്കയക്കാന്‍ സി.പി.എം. തയ്യാറാവണം. പണം തട്ടിയവരുടെ സ്വത്ത്‌ ജപ്‌തി ചെയ്‌ത്‌ ബാങ്കിന്‌ മുതല്‍ക്കൂട്ടണം. ഇതല്ലാതെ വേറെ കുറുക്കുവഴിയേതുമില്ല ഇപ്പോഴത്തെ ദുഷ്‌പേര്‌ തിരുത്താന്‍. അത്രയധികം വഷളായിരിക്കുന്നു.

Spread the love
English Summary: fb post on co operative bank scam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick