Categories
kerala

കര്‍ക്കടക വാവുബലി: പി.ജയരാജനെ സി.പി.എം. സംഘടനകള്‍ അനുസരിച്ചില്ലെന്ന്‌ മനോരമ…വല്ലാത്ത കഷ്ടമായി ജയരാജാ

കര്‍ക്കകടവാവു ദിവസം മലയാളികള്‍ നടത്തുന്ന ബലിതര്‍പ്പണം എന്ന ജനകീയമായ ചടങ്ങിനെ സംബന്ധിച്ചുള്ള സി.പി.എം. നേതാവ്‌ പി.ജയരാജന്റെ കാഴ്‌ചപ്പാട്‌ ആരും അനുസരിച്ചില്ല എന്നാണ്‌ പ്രമുഖ മാധ്യമമായ മനോരമയുടെ കണ്ടെത്തല്‍. ആഹ്വാനം വെറുതെയായി എന്നാണ്‌ വാര്‍ത്ത. എന്നാല്‍ ജയരാജന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ കമ്മ്യൂണിസ്റ്റ്‌ വൃത്തങ്ങളില്‍ തന്നെ ചില ആശയക്കുഴപ്പങ്ങള്‍ക്ക്‌ ഇടയാക്കുകയും ചെയ്‌തു എന്നതാണ്‌ വസ്‌തുത. അതു കൊണ്ടുതന്നെ, തന്റെ മുന്‍ ദിവസത്തെ കുറിപ്പിന്‍മേല്‍ കൂടുതല്‍ വിശദീകരണവുമായി വെള്ളിയാഴ്‌ച ജയരാജന്‍ വീണ്ടും പ്രതികരിച്ചിട്ടുണ്ട്‌.

പി.ജയരാജന്‍ അ്‌ധ്യക്ഷനായ ഐ.ആര്‍.പി.സി. എന്ന പ്രസ്ഥാനം ജീവകാരുണ്യ, പാലിയേറ്റീവ്‌ പ്രവര്‍ത്തനങ്ങളുടെ മുഖമാണെങ്കിലും കേരളത്തിലൂടെ സഞ്ചരിക്കുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ ഇടത്താവളവും ഭക്ഷണവും ഒരുക്കുന്ന സേവനം വര്‍ഷങ്ങളായി തുടരുന്ന ഒന്നാണ്‌. സി.പി.എം. എന്ന പാര്‍ടി നിരീശ്വരവാദികളുടെ പാര്‍ടിയാണ്‌ എന്ന്‌ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്ന കാലത്തു തന്നെ വടക്കെ മലബാറിലെ കടുത്ത കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളില്‍ പോലും കര്‍ക്കടകവാവുദിവസം പിതൃക്കള്‍ക്കായി “അകത്തുവെച്ചു കൊടുക്കല്‍” എന്ന ചടങ്ങ്‌ കൃത്യമായി നടക്കാറുണ്ട്‌. മരിച്ചു പോയ പിതാമഹന്‍മാര്‍ക്കായി ഒരുക്കുന്ന സദ്യയാണ്‌ ഈ അകത്തുവെച്ചുകൊടുക്കല്‍. പായസവും മദ്യവും ഉള്‍പ്പെടെ ഉണ്ടാവും സദ്യയില്‍. പിതൃക്കള്‍ നമുക്കൊപ്പം നമ്മുടെ കാവലാളായി ഉണ്ടെന്നും അവര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ സമൃദ്ധമായ സദ്യ ഒരുക്കി ഊട്ടുന്നു എന്ന സങ്കല്‍പം. രാത്രി അകത്ത്‌ നിരനിരയായി ഇലയിട്ട്‌ അതില്‍ വിഭവങ്ങളെല്ലാം വിളമ്പി ഇരിക്കാന്‍ പലകയിട്ട്‌ കുടുംബമൊന്നാകെ അവരുടെ പിതാമഹരെ ക്ഷണിക്കുന്നു. അവര്‍ വന്ന്‌ ആഹാരം കഴിച്ച ശേഷമേ വീട്ടിലെ സകലരും കഴിക്കുകയുള്ളൂ. പിതാമഹര്‍ ആഹരിച്ചതായി കണക്കാക്കി, അവരുടെ ഇലകള്‍ക്കു മുന്നില്‍ പ്രണമിച്ച ശേഷം ആ ഇലയിലെ വിഭവങ്ങള്‍ ആദ്യം മുതിര്‍ന്നവര്‍ കഴിക്കുന്ന ചടങ്ങും ഉണ്ട്‌. ഇതെല്ലാം നടത്തുന്നതിന്‌ ആ വീട്ടിലെ കമ്മ്യൂണിസ്റ്റ്‌ വിശ്വാസം ഒരു കാലത്തും തടസ്സമായിട്ടില്ല.
ഇതു പോലെ തന്നെയാണ്‌ ദൈവ വിശ്വാസവും അതിന്റെ ഭാഗമായ അനുഷ്‌ഠാനങ്ങളും. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകര്‍ ശബരിമലക്കാലമായാല്‍ അയ്യപ്പന്‍മാരാകും. കാവുകളില്‍ അവര്‍ കോലധാരികളും പരികര്‍മ്മികളും ഭക്തരുമാകും. പറശ്ശിനിക്കടവില്‍ ഒരു വേളയില്‍ മുത്തപ്പന്‍ കോലം കെട്ടിയാടുന്നയാള്‍ ആ പ്രദേശത്തെ സി.പി.എം. നേതാവായിരുന്നു. ഇപ്പോഴും കമ്മ്യൂണിസ്‌റ്റു പ്രവര്‍ത്തകരും അനുഭാവികളുമാണ്‌ പറശ്ശിനിക്കടവിലെ ദേവപരിപാലകരില്‍ ഭൂരിഭാഗവും. മലബാറില്‍ പുതിയ വീട്‌ താമസത്തിന്‌ പുതുവീട്ടില്‍ വെള്ളാട്ടം കെട്ടിയാടിക്കുന്നതിന്‌ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവവും തടസ്സമാകാറില്ല.
വളരെ മുമ്പ്‌ ശ്രീകൃഷ്‌ണ ജയന്തിക്ക്‌ ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ നിരവധി കമ്മ്യൂണിസ്‌റ്റ്‌ കുടുംബങ്ങളിലെ കുട്ടികളെ അയക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ശോഭായാത്രകളും ക്ഷേത്രച്ചടങ്ങുകളും പിതൃതര്‍പ്പണ സന്ദര്‍ഭങ്ങളുമെല്ലാം തീവ്രഹിന്ദു സംഘടനകള്‍, പ്രത്യേകിച്ച്‌ ആര്‍.എസ്‌.എസ്‌. അവരുടെ സാമൂഹികമായ സ്വീകാര്യതയ്‌ക്കും മസ്‌തിഷ്‌ക പ്രക്ഷാളനത്തിനും ഉപയോഗിക്കാന്‍ ആസൂത്രിതമായി തുടങ്ങിയതോടെയാണ്‌ ഇത്തരം ചടങ്ങുകളെ സി.പി.എം. രാഷ്ട്രീയമായി നോക്കാന്‍ തുടങ്ങിയതും, സംശയകരമായ കാര്യങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതും.

thepoliticaleditor

സത്യത്തില്‍ ഈ വിമര്‍ശനത്തിന്റെ ഒരു എക്‌സ്‌ടെന്‍ഷന്‍ മാത്രമാണ്‌ പി.ജയരാജന്‍ കര്‍ക്കടകവാവു ബലി തര്‍പ്പണച്ചടങ്ങിനെ സംബന്ധിച്ച്‌ ഫേസ്‌ ബുക്ക്‌ കുറിപ്പില്‍ വ്യക്തമാക്കിയത്‌.

നൂറ്റാണ്ടുകളായി മനുഷ്യരുടെ സ്വാഭാവികമായ ബോധത്തില്‍ അവരുടെ മണ്‍മറഞ്ഞുപോയവരെക്കുറിച്ചുള്ള ആരാധനയും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഒരു ആചാരമായി മാത്രം വാവുബലിയെ കാണണമെന്നു ജയരാജന്‍ പറഞ്ഞു. അത്‌ ഒരു ജനതയുടെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്‌. വിശ്വാസികള്‍ ഒത്തു ചേരുന്ന ഇടങ്ങളില്‍ ഐ.ആര്‍.പി.സി. പോലുള്ള മതേതരമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ വിശ്വാസികള്‍ക്ക്‌ സഹായവുമായി എത്തണം എന്നും തീവ്രഹിന്ദുസംഘടനകള്‍ ഇത്തരം ചടങ്ങുകളെ ഹൈജാക്ക്‌ ചെയ്‌ത്‌ അവരുടെ സംഘബലവും സ്വീകാര്യതയും കൂട്ടാനായുള്ള സന്ദര്‍ഭങ്ങളായി ഉപയോഗിക്കുന്നതിനെ ഇത്തരം ചടങ്ങുകളില്‍ വിശ്വാസികളെ സഹായിക്കാനായി എല്ലാ തരം സന്നദ്ധസംഘടനകളും രംഗത്തു വരണമെന്നും ജയരാജന്‍ തന്റെ കുറിപ്പില്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇത്‌ വിശ്വാസപരമായ കാര്യങ്ങളില്‍ സി.പി.എം. സമീപകാലത്തായി പരസ്യമായി സ്വീകരിച്ചിട്ടുള്ള നിലപാടുമായി ചേര്‍ന്നു പോകുന്നതുമാണ്‌.

എന്നാല്‍ ജയരാജന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ അദ്ദേഹം പുതിയ വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്‌. വിശ്വാസികള്‍ നടത്തുന്ന ആചാരാനുഷ്‌ഠാനങ്ങളില്‍ എത്രമാത്രം അന്ധവിശ്വാസമുണ്ടെന്ന്‌ പരിശോധിക്കുകയല്ല താന്‍ ചെയ്‌തത്‌ എന്ന്‌ പി.ജയരാജന്‍ വിശദീകരിക്കുന്നു. മതവിശ്വാസികളോട്‌ യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ്‌ കമ്മ്യൂണിസ്റ്റ്‌കാര്‍ക്കുള്ളതെന്നും ജയരാജന്‍ പറയുന്നു.

ഫേസ്‌ബുക്‌ കുറിപ്പിന്റെ പൂര്‍ണ രൂപം:

വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്കു വിട്ടുനല്‍കരുതെന്ന് അഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം. സമൂഹം സംവാദക്ഷമമാകുന്നത് ഏതു വിഷയത്തിലും നല്ലതാണ്. സംവാദം ആരോഗ്യകരമാകണം എന്നു മാത്രം.
ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. അതില്‍ അഭിമാനിക്കുന്നു. കാരണം ഈ ലോകത്തെമ്പാടുമുള്ള മനുഷ്യരെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അതോടൊപ്പം പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ എല്ലാ അറിവുകളെയും ഉള്‍ക്കൊള്ളുന്നതാണു മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം. ചുരുക്കത്തില്‍ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഭാഗമായ മനുഷ്യ സമൂഹത്തെക്കുറിച്ചും മാര്‍ക്‌സിസത്തിനു കൃത്യമായ കാഴ്ചപ്പാടുണ്ട്.

മനുഷ്യര്‍ ലോകത്തെമ്പാടും വിവിധ രാഷ്ട്രങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണ്. വേഷങ്ങള്‍, ഭാഷകള്‍, വിശ്വാസം, എന്നിവയിലെല്ലാം വിവിധ തട്ടുകളിലാണ്. മതങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മതവും ഇന്നു ലോകത്ത് നിലനില്‍ക്കുന്നില്ല. ഒട്ടേറെ അവാന്തര വിഭാഗങ്ങളും ആചാര വൈവിധ്യങ്ങളും അവയിലെല്ലാമുണ്ട്. ഇതില്‍ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന ജന വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വ്യത്യാസം, ആചാരാനുഷ്ഠാന വൈവിധ്യങ്ങള്‍ എന്നിവ വളരെ വിപുലമാണ്. അങ്ങനെയിരിക്കെയാണ് അവരെയാകെ ഏകോപിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആർഎസ്എസ് രംഗത്ത് വരുന്നത്. അതിന്റെയടിസ്ഥാനത്തില്‍ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം അവര്‍ പ്രഖ്യാപിക്കുന്നു. ഇതേ പോലെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയും മറ്റും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കമ്യൂണിസ്റ്റുകാർ മനുഷ്യന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു. എന്നാൽ ഓരോ രാജ്യത്തിലും വിവിധ ബോധനിലവാരത്തിലും വർഗനിലകളിലും വിശ്വാസങ്ങളിലുമാണ് മനുഷ്യർ നിലനിൽക്കുന്നത്. അവയാകെ നന്നായി പരിഗണിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.

ഇത്രയും പൊതുവായി പറഞ്ഞതിനു ശേഷം ചില വിമര്‍ശനങ്ങളോട് മാത്രം പ്രതികരിക്കട്ടെ. ഓരോരുത്തരുടെയും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളില്‍ എത്ര മാത്രം അന്ധവിശ്വാസമുണ്ടെന്നു പരിശോധിക്കുകയല്ല ഞാൻ ചെയ്തത്. ഇന്നു രാജ്യം അഭിമുഖീകരിക്കുന്ന വര്‍ഗീയ വിപത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ദൗത്യമാണു പുരോഗതിയാഗ്രഹിക്കുന്ന എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനു കഴിയണമെങ്കില്‍ വിശ്വാസികളെ മതഭ്രാന്തിലേക്കു വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. അവരാകട്ടെ തങ്ങളുടെ കാര്യപരിപാടി നടത്തുന്നതിന് ഒളിച്ചുവച്ച അജണ്ടകളിലൂടെ ഇടപെടുകയാണ്. അതിനാല്‍ ഒളിച്ചുവച്ച ഇത്തരം അജണ്ടകള്‍ തുറന്നു കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ വര്‍ഗീയ ശക്തിയും അവരുടെ തെറ്റായ നടപടികളെ എതിര്‍ക്കുമ്പോള്‍ തങ്ങളെ എതിര്‍ക്കുന്നതുപോലെ മറ്റുള്ള വര്‍ഗീയ ശക്തികളെയും എതിര്‍ക്കുമോ എന്ന ചോദ്യം ഇവിടെയും കാണാനായി. അത്തരം വര്‍ഗീയ ശക്തികളെല്ലാം പുരോഗമന വാദികള്‍ക്കെതിരെ ഒരേ ചോദ്യമുയര്‍ത്തുന്നു എന്നതാണ് ഞങ്ങളുടെ നിലപാടിലെ ശരിമ ബോദ്ധ്യപ്പെടുത്തുന്നത്.

മതവിശ്വാസികളോടു യുക്തിവാദികളില്‍നിന്നും ഭിന്നമായ നിലപാടാണു കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകളെയും മതത്തിന്റെ രാഷ്ട്രീയപ്രയോഗത്തിനും നേർക്ക് ഒത്തുതീർപ്പില്ലാത്ത നിലപാടെടുത്തു തന്നെയാണു കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ യുക്തിവാദികളെപ്പോലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമായി മനുഷ്യരുടെ വിശ്വാസങ്ങളെ കാണാനും അതിനെതിരെ യുദ്ധം പ്രഖ്യാപിക്കലും കമ്യൂണിസ്റ്റുകാരുടെ വഴിയല്ല. മുതലാളിത്തം എന്ന മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്കു നേരെയാണു പോരാട്ടം. അതേസമയം, ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിക്കലും ഞങ്ങളുടെ ദൗത്യമാണ്. ജയിംസ് വെബ്ബിന്റെ ടെലസ്‌കോപ്പിലൂടെ പ്രപഞ്ചത്തിന്റെ ആദ്യകാല ചിത്രം അനാവരണം ചെയ്തപ്പോള്‍ അതേക്കുറിച്ച് ജൂലൈ 13നും മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 20നും ഇതേ പേജില്‍ ഇട്ട പോസ്റ്റു കൂടി വായിക്കുക. എങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി ബോധ്യമാകും.

ഇന്ന് കര്‍ക്കിടക വാവു ബലി കഴിഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നൂറുകണക്കിനാളുകളാണ് പിതൃതര്‍പ്പണത്തിനെത്തിയത്. കണ്ണൂരിലെ ജീവകാരുണ്യ സംഘടനയായ ഐആർപിസി 4 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഇവിടുത്തെ സേവന പ്രവര്‍ത്തനം ഇത്തവണയും ഭംഗിയായി നടത്തി. ടെംപിള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചാണ് ഹെല്‍പ്പ് ഡെസ്‌ക് ഇത്തവണ പ്രവര്‍ത്തിച്ചത്. എകെജി ആശുപത്രി ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ പൊതുവാള്‍ ആരോഗ്യ സേവനവുമായി അവിടെ എത്തി. അതോടൊപ്പം പിതൃതര്‍പ്പണത്തിനായി അവിടെയെത്തുന്നവര്‍ കടലിലിറങ്ങുമ്പോഴുള്ള കരുതല്‍ നടപടിയുടെ ഭാഗമായി ലൈഫ്ഗാര്‍ഡുമാരുടെ സേവനവും ഐആർപിസി വളന്റിയര്‍മാര്‍ ഉറപ്പുവരുത്തി. ഇത്തരം ക്രിയാത്മക ഇടപെടല്‍ കൂടി വേണമെന്നാണ് ഈ പേജിലൂടെ അഭ്യര്‍ഥിച്ചത്. ഈ പ്രതികരണം രേഖപ്പെടുത്തുന്നതിനിടയില്‍ തന്നെ സ്ത്രീകളടക്കം നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്. അനുഭവമാണല്ലോ ഏറ്റവും വലിയ അധ്യാപകന്‍. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയാണു വേണ്ടത്.

ഇന്നാട്ടിൽ പലതരം മത വിശ്വാസികളുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ട്. അവരെല്ലാം തന്നെ മതനിരപേക്ഷമായ ഒരു സമൂഹത്തെ പ്രധാനമായിക്കാണുന്നതുകൊണ്ടാണ് ഇന്നും ഇടതുപക്ഷം കേരളം ഭരിക്കുന്നത്. വ്യക്തിപരമായി ആചാരങ്ങളിലൊ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിൽ മനുഷ്യൻ മറ്റൊരു മനുഷ്യനെ ശത്രുപക്ഷത്തു നിർത്തി ആക്രമിക്കുമ്പോൾ അവിടെ കമ്യൂണിസ്റ്റുകാരുണ്ടാവും.

നമ്മുടെ നാടിനെ വർഗീയവാദികൾക്കു വിട്ടുകൊടുത്തു കൂടാ. മനുഷ്യരുടെ ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ല. ആർസ്എസ് 1971 ഡിസംബറിൽ തലശ്ശേരിയിൽ വർഗീയ കലാപം ആസൂത്രണം ചെയ്തപ്പോൾ ഞാനടക്കമുള്ള കമ്യൂണിസ്റ്റ് പ്രവർത്തകർ അതിനു തടയിടാനായി ദൃഢ നിശ്ചയത്തോടെ പ്രവർത്തിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. അന്യന്റെ വിശ്വാസം സംരക്ഷിക്കാൻ സിപിഎമ്മിന്റെ നേതാവ് സ: യു.കെ. കുഞ്ഞിരാമൻ തന്റെ ജീവൻ ബലിയർപ്പിച്ചത് ഇക്കാലത്താണ്.

വർഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതൽ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം. അഭിവാദ്യങ്ങൾ !

Spread the love
English Summary: p jayarajan fb post

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick