Categories
latest news

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറൽ ഡയറിനെ സംരക്ഷിക്കുന്ന റിപ്പോർട്ട് ടീസ്റ്റ സെതൽവാദിൻ്റെ മുതുമുത്തച്ഛൻ നൽകി എന്ന വ്യാജ വാർത്തയുമായി സംഘപരിവാർ മാധ്യമങ്ങൾ

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെയും മുൻ ഐപിഎസ് ഓഫീസർ ആർ.ബി ശ്രീകുമാറിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

2002 ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് “തെറ്റായ ആരോപണങ്ങൾ” ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

thepoliticaleditor

സെതൽവാദും ശ്രീകുമാറും അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ , ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകാൻ സെതൽവാദ് തന്റെ എൻജിഒയെ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു.

ഏറെ കോലാഹലം സൃഷ്‌ടിച്ച ഈ രാഷ്ട്രീയ സംഭവങ്ങൾക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയായിരുന്നു സെതൽവാദ്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്ത ജനറൽ ഡയറിന് ക്ലീൻ ചിറ്റ് നൽകിയ ഹണ്ടർ കമ്മീഷന്റെ ഭാഗമായ ചിമൻലാൽ ഹരിലാൽ സെതൽവാദിന്റെ ചെറുമകളാണെന്നത്. സെതൽവാദിന്റെ കുടുംബത്തിന് രാജ്യത്തെ ഒറ്റിക്കൊടുത്ത ചരിത്രമുണ്ടെന്നായിരുന്നു ആരോപണം.

സംഘപരിവാറുകാർ വ്യാപകമായി ആരോപണം പ്രചരിപ്പിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയാടക്കം ഈ ആരോപണം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീക്കിലിയും അതിന്റെ പത്രപ്രവർത്തകൻ നിശാന്ത് ആസാദ്, ബിജെപി അനുകൂല പോർട്ടലായ ഒപിഇന്ത്യ ഹിന്ദിയുടെ സീനിയർ സബ് എഡിറ്ററായ അനുപം കെ സിംഗ് എന്നിവരും ഇതേ ആരോപണം ഉയർത്തിക്കാട്ടി. ഫേസ്ബുക്കിലും മറ്റുമായി ഈ ആരോപണം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ?

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ നിരവധി ആളുകളെ ഭിന്നിപ്പിച്ചു. ജനറൽ ഡയറിന്റെ പ്രവർത്തികൾ പരക്കെ വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും ഡയറിനെ പ്രശംസിച്ചവരും ധാരാളമുണ്ട്. പഞ്ചാബ് മുൻ ഗവർണർ മൈക്കൽ ഒ’ഡ്വയർ ഉൾപ്പെടെ നിരവധി ആളുകൾ ഡയറിനെ പിന്തുണച്ചിരുന്നു. 1991-ൽ ഡെറക് സയർ എഴുതി പ്രസിദ്ധീകരിച്ച British Reaction To The Amritsar Massacre 1919-1920 എന്ന പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന എഡ്വിൻ മൊണ്ടേഗുവിന്റെ മേൽ വർദ്ധിച്ച സമ്മർദ്ദമാണ് ഹണ്ടർ കമ്മീഷൻ രൂപീകരിക്കാൻ കാരണമായത്.

ബോംബെ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ചും അവ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും അന്വേഷിക്കാൻ മൊണ്ടാഗു ഒരു അന്വേഷണ സമിതി രൂപീകരിച്ചു.

1919 ഒക്‌ടോബർ 14-ന് ഇന്ത്യാ ഗവൺമെന്റ് ‘ഡിസോർഡേഴ്‌സ് എൻക്വയറി കമ്മിറ്റി’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു, അത് പിന്നീട് ചെയർമാനായിരുന്ന വില്യം ഹണ്ടർ പ്രഭുവിന്റെ പേരിൽ ‘ഹണ്ടർ കമ്മീഷൻ’ എന്നറിയപ്പെട്ടു. താഴെ പറയുന്ന ആളുകൾ ഹണ്ടർ കമ്മീഷനിലെ അംഗങ്ങളായിരുന്നു:

ടീസ്റ്റ സെതൽവാദിന്റെ മുത്തച്ഛനായ സർ ചിമൻലാല ഹരിലാൽ സെതൽവാദും ഹണ്ടർ കമ്മീഷന്റെ ഭാഗമായിരുന്നു എന്ന് കത്തിൽ കാണാം. പട്ടികയിലെ ആറാമത്തെ വ്യക്തിയാണ് അദ്ദേഹം.

British Reaction To The Amritsar Massacre 1919-1920 എന്ന പുസ്തകത്തിലും ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് വംശീയതയുടെ അടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കപ്പെട്ടുവെന്ന് പറയുന്നുണ്ട്.

കമ്മിറ്റിയിലെ അഞ്ച് വെള്ളക്കാർ ചേർന്ന് ഒരു ‘ഭൂരിപക്ഷ റിപ്പോർട്ടും’ മൂന്ന് ഇന്ത്യക്കാരും ചേർന്ന് ‘ന്യൂനപക്ഷ റിപ്പോർട്ടും’ സമർപ്പിച്ചു. സമിതിയിലെ ഇന്ത്യൻ അംഗങ്ങളിൽ ഒരാളായിരുന്നു സർ ചിമൻലാല ഹരിലാൽ സെതൽവാദ്.

സംഭവത്തിന്റെ വിശദീകരണത്തിനായി ആൾട്ട് ന്യൂസ് സമീപിച്ച ഒരു പ്രൊഫസറും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് സ്ഥിരീകരിച്ചു.

“ഹണ്ടർ കമ്മിറ്റിയിൽ അഞ്ച് വെള്ളക്കാരും മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഇവർ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഭൂരിപക്ഷ റിപ്പോർട്ടും ന്യൂനപക്ഷ റിപ്പോർട്ടും. ഭൂരിപക്ഷ റിപ്പോർട്ട് ജനറൽ ഡയറോട് ചായ്‌വുള്ളതായിരുന്നു. അതേസമയം ന്യൂനപക്ഷ റിപ്പോർട്ട് ജനറൽ ഡയറെയും അന്നത്തെ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒഡ്വയറെയും കുറ്റവിമുക്തനാക്കിയതിനെതിരെ വിയോജിപ്പ് അറിയിക്കുന്നതായിരുന്നു.” അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ റിപ്പോർട്ടിന്റെ നാലാം അധ്യായം ‘ജാലിയൻ വാലാബാഗിലെ വെടിവയ്പ്പ്’ എന്ന തലക്കെട്ടുള്ള അധ്യായത്തിൽ, ന്യൂനപക്ഷ അംഗങ്ങൾ വെടിവയ്പ്പിനെ അപലപിക്കുകയും ഫ്രാൻസിലെയും ബെൽജിയത്തിലെയും ജർമ്മൻ അതിക്രമങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഭീകര പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രവർത്തി മനുഷ്യത്വരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹണ്ടർ കമ്മീഷന്റെ ന്യൂനപക്ഷ റിപ്പോർട്ട് രചയിതാക്കളുടെ പേരുകൾ
ഹണ്ടർ കമ്മീഷന്റെ ഭൂരിപക്ഷ റിപ്പോർട്ട് രചയിതാക്കളുടെ പേരുകൾ

ജാലിയൻ വാലാബാഗിലേക്കുള്ള പാത സേനാ കാറുകൾ അകത്ത് കടക്കാൻ പര്യാപ്തമായിരുന്നെങ്കിൽ അദ്ദേഹം മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെക്കുമായിരുന്നോ എന്നും കമ്മിറ്റി ജനറൽ ഡയറോട് ചോദിച്ചു.

ഒരുപക്ഷേ അതും ചെയ്തേനെ എന്നാണ് ഡയർ മറുപടി പറഞ്ഞത്.

ഈ റിപ്പോർട്ടിൽ നിന്നുള്ള ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

ന്യൂനപക്ഷ റിപ്പോർട്ട് പഞ്ചാബിലെ ലെഫ്റ്റനന്റ്-ഗവർണർ മൈക്കൽ ഒഡ്വയറെയും വിമർശിക്കുന്നുണ്ട്. ‘അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അന്നും ഇന്നും ജനറൽ ഡയറിന്റേത് തന്നെയാണ്’ എന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, വി എൻ ദത്ത എഴുതിയ Jalllianwalabagh : A Groundbreaking History of the 1919 Massacre എന്ന പുസ്തകത്തിലും ന്യൂനപക്ഷ റിപ്പോർട്ട് ഡയറിന്റെ നടപടിയെ ശക്തമായി വിമർശിച്ചിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. കൂട്ടക്കൊലയിൽഇരകളായവരുടെയും അതിജീവിച്ചവരുടെയും വാക്കാലുള്ള സാക്ഷ്യങ്ങളും പ്രാഥമിക സ്രോതസ്സുകളും മാത്രം പര്യവേക്ഷണം ചെയ്തുകൊണ്ട് ജാലിയൻ വാലാബാഗിനെ പറ്റി പഠിച്ച വ്യക്തിയാണ് വി എൻ ദത്ത.

കൂടാതെ, The Patient Assassin: A True Tale of Massacre, Revenge and the Raj എന്ന പുസ്തകത്തിൽ, ജനറൽ ഡയർ തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് ഹണ്ടർ കമ്മീഷൻ സമ്മതിച്ചതായി എഴുത്തുകാരി അനിത ആനന്ദ് വിശദീകരിക്കുന്നു. എന്നാൽ സമിതിയിലെ ഇന്ത്യക്കാർ അന്തിമ റിപ്പോർട്ടിൽ തങ്ങളുടെ പേര് രേഖപ്പെടുത്താൻ വിസമ്മതിക്കുകയും അതിനെ അപലപിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ പാനൽ പ്രത്യേക ന്യൂനപക്ഷ റിപ്പോർട്ട് പുറത്തിറക്കി. പുസ്തകത്തിലെ ഈ ഭാഗം കോളമിസ്റ്റ് നിലഞ്ജന റോയി ട്വിറ്ററിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഹണ്ടർ കമ്മീഷൻ റിപ്പോർട്ടിന് ശേഷം ഡയറിന് എന്താണ് സംഭവിച്ചതെന്നും പുസ്തകം വിശദീകരിക്കുന്നു. ബ്രിട്ടീഷ് സമൂഹം ഈ വിഷയത്തിൽ ഭിന്നത തുടർന്നു. സൈന്യത്തിൽ നിന്ന് രാജിവെക്കാൻ ഡയർ നിർബന്ധിതനായി. CBE (ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കമാൻഡർ ഓഫ് ദി മോസ്റ്റ് എക്സലന്റ് ഓർഡർ)ന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശുപാർശയും പിൻവലിക്കപ്പെട്ടു.

ചുരുക്കത്തിൽ, കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ കഴിയുന്ന ഒരു ശിക്ഷയും ജനറൽ ഡയറിന് ലഭിച്ചിട്ടുണ്ടാകില്ല. എന്നാൽ, ഡയറിന് ക്ലീൻ ചിറ്റ് നൽകാൻ ഹണ്ടർ കമ്മീഷനിലെ ഇന്ത്യൻ പാനൽ ധാരണയിലാണെന്ന് പറയുന്നതിൽ ന്യായമല്ല. ഇന്ത്യൻ പാനൽ ഡയറോട് ചോദിച്ച ചോദ്യങ്ങൾ മുതൽ രേഖപ്പെടുത്തിയ ചരിത്ര വിവരണങ്ങൾ വരെ, ഡയറിനോടും മൈക്കൽ ഒഡ്വയറിനോടും ഇന്ത്യൻ പാനൽ കർശനമായിരുന്നുവെന്ന് എല്ലാ തെളിവുകളും ചൂണ്ടിക്കാട്ടുന്നു.

കടപ്പാട് : ദി വയർ

Spread the love
English Summary: Facts in allegation that Setalvad's Great-Grandfather Give 'Clean Chit' to Gen Dyer for Jallianwala Bagh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick