Categories
kerala

ഇ.ഡി. പത്രക്കാര്‍ക്ക്‌ സമന്‍സ്‌ ചോര്‍ത്തിനല്‍കി…എനിക്ക്‌ കിട്ടിയത്‌ ഇന്ന്‌…നാളെ ഹാജരാകാനാവില്ല-തോമസ്‌ ഐസക്‌

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തനിക്ക്‌ അയച്ച സമന്‍സ്‌ ഇ-മെയിലില്‍ കൈപ്പറ്റിയതായും അതിനും ഒരു ദിവസം മുമ്പു തന്നെ പത്രക്കാര്‍ക്ക്‌ സമന്‍സ്‌ ഇ.ഡി. ചോര്‍ത്തി നല്‍കിയിരുന്നതായും മുന്‍ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌. താന്‍ നാളെ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതി. കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനോട് ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ നോട്ടിസ് ലഭിച്ചില്ലെന്നാണ് തോമസ് ഐസക് ആദ്യം പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് തനിക്ക് ഇഡി നോട്ടിസ് ഇമെയിലില്‍ ലഭിച്ച വിവരം തോമസ് ഐസക് അറിയിച്ചത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക് കുറിപ്പ്‌

കിഫ്ബിക്കെതിരെ വീണ്ടും ഇഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമൻസ് കുറച്ചുമുമ്പ് ഇ-മെയിലിൽ ലഭിച്ചു. 13-07-2022-ന് സ്പീഡ് പോസ്റ്റു വഴി അയച്ചതാണുപോലും. അയച്ചത് ഞാൻ 15 വർഷം മുമ്പ് താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേൽവിലാസത്തിലും. അപ്പോൾ ഇഡി ചില പത്രക്കാർക്കു സമൻസ് ലീക്കു ചെയ്തു നൽകിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല. അപ്പോൾ കളി കാര്യമാണ്.

thepoliticaleditor

പക്ഷേ ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തു കഴിഞ്ഞൂവെന്നാണ് എന്റെ ധാരണ. സി&എജിയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും ഇഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ ആക്ഷേപങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ പുറപ്പാടിന്റെ ലക്ഷ്യമെന്ത്?

ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും. എന്തൊക്കെയാണ് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ?

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ ചട്ടലംഘനം, കള്ളപ്പണം തുടങ്ങിയവയൊക്കെ അന്വേഷിക്കാനുള്ള കേന്ദ്രസർക്കാർ ഏജൻസിയാണ്. കിഫ്ബി മസാലബോണ്ട് ഇറക്കിയതിൽ വിദേശനാണയ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന് മസാലബോണ്ട് എടുക്കാനുള്ള അധികാരം ഇല്ലായെന്നുള്ളതാണ് ആദ്യത്തെ വാദം. സംസ്ഥാന സർക്കാരിന് ഇല്ലായെന്നതു ശരി. പക്ഷേ കിഫ്ബിയെന്നാൽ സംസ്ഥാന സർക്കാരല്ല. കിഫ്‌ബി ഒരു “ബോഡി കോർപ്പറേറ്റ്” ആണ്. നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭരണഘടന പ്രകാരം വിദേശ വായ്പയും വിദേശനാണയവും സംബന്ധിച്ച് നിയമങ്ങൾ നിർമിക്കാൻ കേന്ദ്ര സർക്കാരിനേ അധികാരമുള്ളൂ. അങ്ങനെ കേന്ദ്ര സർക്കാർ നിർമിച്ച നിയമമാണ് The Foreign Exchange Management Act (FEMA). ഫെമ നിയമപ്രകാരം വിദേശവായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസർവ് ബാങ്ക് ഒരു മാസ്റ്റർ സർക്കുലർ (RBI/FED/2015-16/15 FED (Master Direction No.5/2015-16)) പുറപ്പെടുവിച്ചു. മാസ്റ്റർ ഡയറക്ഷന്റെ മൂന്നാം വകുപ്പിലാണ് മസാല ബോണ്ടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്. വകുപ്പ് (3.3.2) പ്രതിപാദിക്കുന്നത് ആർക്കൊക്കെ മസാലബോണ്ടുകൾ പുറപ്പെടുവിക്കാമെന്നതാണ്. അതുപ്രകാരം ബോഡി കോർപറേറ്റുകൾക്ക് മസാലബോണ്ട് വായ്പയെടുക്കാനുള്ള അവകാശം ഉണ്ട്. (Any corporate or body corporate is eligible to issue such bonds….) കിഫ്ബി നിയമപ്രകാരം ഒരു ബോഡി കോർപ്പറേറ്റാണെന്നു നേരത്തേ പറഞ്ഞുവല്ലോ.

700 മില്യൻ ഡോളറിൽ താഴെയുള്ള മസാലബോണ്ടുകൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. നേരിട്ടു ഹാജരാകേണ്ടതില്ല. അംഗീകൃത ബാങ്ക് പോലുള്ള ഏജൻസികൾ വഴി അപേക്ഷകളും വിശദീകരണങ്ങളും നൽകിയാൽ മതി. റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള ചിട്ടകൾ പ്രകാരം ആക്സിസ് ബാങ്ക് വഴി അപേക്ഷ നൽകി. 2150 കോടി രൂപയ്ക്കുള്ള മസാലബോണ്ടുകൾ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂൺ ഒന്നിന് റിസർവ് ബാങ്കിൽനിന്ന് അനുമതിയും ലഭിച്ചു.

കൂട്ടത്തിൽ ഒന്നു പറയട്ടെ. കിഫ്ബി വിവാദത്തിനുശേഷം ബോഡി കോർപറേറ്റുകൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അവകാശം ചട്ട ഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. 2019 ജനുവരി 16-ന് ആർബിഐ ചട്ടം ഭേദഗതി ചെയ്തു. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ കഴിയില്ല. ഈ ഭേദഗതി വരുന്നതിനു മുൻപു തന്നെ കിഫ്‌ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നല്ലോ. അതുകൊണ്ട് കിഫ്ബി വായ്പയ്ക്കു ചട്ടഭേദഗതി ബാധകമല്ല.

ഇന്ത്യയിൽ മസാലബോണ്ട് ഇറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്ഥാപനമല്ല കിഫ്ബി. ഉദാഹരണത്തിന് കിഫ്ബിയുടേതിനു സമാനമായ ലീഗൽ സ്റ്റാറ്റസുള്ള സ്ഥാപനമാണ് കേന്ദ്ര സർക്കാരിന്റെ നാഷനൽ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ). എൻഎച്ച്എഐയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകുകയും അവർ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബി എടുത്തത് മാത്രം ഫെമ ലംഘനവും കള്ളപ്പണവും ആകുന്നത്?

റിസർവ് ബാങ്കിൽനിന്ന് അനുമതി വാങ്ങുക മാത്രമല്ല, എല്ലാ മാസവും വായ്പാ പണത്തിന്റെ ഉപയോഗം സംബന്ധിച്ച് നിശ്ചിത ഫോമിൽ റിസർവ് ബാങ്കിനു സമർപ്പിക്കുന്നുമുണ്ട്. ഇതുവരെ റിസർവ് ബാങ്ക് ഇതിൽ എന്തെങ്കിലും അനധികൃതമായിട്ടുള്ളതു കണ്ടിട്ടില്ല. റിസർവ് ബാങ്ക് ഇതുവരെ കാണാത്ത ഫെമ ലംഘനമാണ് ഇഡി കഴിഞ്ഞ രണ്ടു വർഷമായി കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കൂടുതൽ വിശദീകരണത്തിനായി എന്നെ വിളിപ്പിച്ചിരിക്കുകയാണ്.

ഫെമ ഒരു സിവിൽ നിയമം ആയതുകൊണ്ടായിരിക്കാം കേസിന് എരിവും പുളിയും നൽകാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമംകൂടി എടുത്തു വീശാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖലാ ബാങ്കുകൾ വഴിയാണ് കെവൈസി എല്ലാം പരിശോധിച്ച് മസാലബോണ്ടിൽ പണം നിക്ഷേപിക്കുന്നത്. ഈ പണമാവട്ടെ കിഫ്ബിയിൽ നിന്നു നൽകുന്നത് ബാങ്കുകളിലൂടെ പൊതുമേഖലാ നിർവ്വഹണ ഏജൻസികൾക്കാണ്. ഇതിൽ ഏതു ഘട്ടത്തിലാണ് കള്ളപ്പണം കയറ്റി ‘അലക്കാൻ’ കഴിയുന്നത്?

ഇനി ഹാജരാകുന്നതിന്റെ കാര്യം. നാളെ ഏതായാലും പറ്റില്ല. ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick