Categories
kerala

ഡിവൈഎഫ്‌ഐ പരിശീലനക്യാമ്പിന്റെ പോസ്റ്ററിനെച്ചൊല്ലി ഫോട്ടോഷോപ്പ്‌ വിവാദം…എം.വിജിന്റെ പിന്തുണക്കുറിപ്പ്‌

ഡിവൈഎഫ്‌ഐ പരിശീലനക്യാമ്പിന്റെ പോസ്‌റ്ററിനെ ചൊല്ലി ഫോട്ടോഷോപ്പ്‌ വിവാദം. കണ്ണൂരിലെ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിക്കടവില്‍ സംഘടിപ്പിച്ച യൂത്ത്‌ ബ്രിഗേഡ്‌ ക്യാമ്പിനെ ചൊല്ലിയാണ്‌ ഡിവൈഎഫ്‌ഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്‌. ക്യാമ്പിന്റെ പ്രചാരണാര്‍ഥം അച്ചടിച്ച പോസ്‌റ്ററില്‍ കൊടുത്തിട്ടുള്ള സന്നദ്ധസേനയുടെ ഫോട്ടോ ആണ്‌ വിവാദം കനപ്പിച്ചിരിക്കുന്നത്‌. കാരണം ചിത്രം ഡിവൈഎഫ്‌ഐ സന്നദ്ധ സേനയുടെതല്ല. എന്നു മാത്രമല്ല, സന്നദ്ധസേനയുടെ നീല യൂണിഫോമില്‍ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ എന്ന്‌ കൃത്രിമമായി ഷോട്ടോഷോപ്പ്‌ സംവിധാനം ഉപയോഗിച്ച്‌ പ്രിന്റ്‌ ചെയ്‌ത്‌ ചേര്‍ത്തിരിക്കുകയുമാണ്‌.

ജൂലായ്‌ മൂന്നിന്‌ കോളിക്കടവില്‍ കല്യാശ്ശേരി എം.എല്‍.എ. എം.വിജിന്‍ ആയിരുന്നു ക്യാമ്പ്‌ ഉല്‍ഘാടകന്‍. പോസ്‌റ്റര്‍ വിവാദത്തില്‍ വിജിന്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രതികരണവുമായും രംഗത്തു വന്നിട്ടുണ്ട്‌. ഡിസൈനര്‍ക്ക്‌ മാറിപ്പോയതാണെന്നും ഡിവൈഎഫ്‌ഐക്ക്‌ സന്നദ്ധപ്രവര്‍ത്തനത്തിന്‌ മറ്റ്‌ സംഘടനകളുടെ ഫോട്ടോ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും സംഘടനയെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്നും വിജിന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതാണെന്നും അതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിന് വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും എം. വിജിൻ എഴുതി. എന്നാല്‍ സംഭവത്തില്‍ വലിയ ജാഗ്രതക്കുറവ്‌ സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായി എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നതാണ്‌ വിജിന്റെ പ്രതികരണത്തിന്‌ കാരണമായിരിക്കുന്നതും.

thepoliticaleditor

മറ്റൊരു സംഘടനയുടെ സന്നദ്ധസംഘത്തിനെ ഫോട്ടോ ഷോപ്പ്‌ ഉപയോഗിച്ച്‌ ഡിവൈഎഫ്‌ഐയുടെതാക്കി മാറ്റി പോസ്‌റ്ററില്‍ വലിപ്പത്തില്‍ സ്‌പ്രെഡ്‌ ചെയ്‌ത്‌ പോസ്‌റ്ററാക്കി ഡിസൈന്‍ ചെയ്‌തത്‌ ഡിവൈഎഫ്‌ഐ വൃത്തങ്ങളിലും പാര്‍ടിയിലും വലിയ വിവാദ ചര്‍ച്ചകള്‍ക്കാണ്‌ വഴിയൊരുക്കിയിരിക്കുന്നത്‌. ഡിവൈഎഫ്‌ഐക്ക്‌ എത്രയോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ സ്വന്തം ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നിട്ടും ഈ രീതിയില്‍ വ്യാജമായി ഒരു ചിത്രം ഉണ്ടാക്കി പോസ്‌റ്ററില്‍ പ്രചരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു എന്നതു കൊണ്ടു തന്നെ സംഭവം വന്‍ നാണക്കേടാണെന്ന വിമര്‍ശനം ഉയര്‍ന്നു.

എം.വിജിൻ-ന്റെ കുറിപ്പ്….

ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിൻ്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെഅപമാനിക്കാനിറങ്ങുന്നവരോട് …ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിൻ്റെ HD ചിത്രംപകർത്തിയെടുത്ത് നവമാധ്യമങ്ങളിൽപ്രചരിപ്പിക്കുന്ന സംസ്കാരമല്ല DYFI യെനയിക്കുന്നത്.നാട് നിന്ന് തേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാംഒരാഹ്വാനവുമില്ലാതെ തന്നെഓടിയെത്തിയ ചെറുപ്പക്കാരിൽമഹാഭൂരിപക്ഷം DYFIക്കാർ തന്നെയായിരുന്നു..മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂണിഫോമിനും സുരക്ഷാ ഉപകരണങ്ങൾക്കും കാത്തു നിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിൻ്റെ വിപ്ലവ യൗവ്വനമായിരുന്നു..ആയിരകണക്കിന് സന്നദ്ധ സേനാ സംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ എങ്ങും എവിടെയും DYFI യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാ സമയവുമുണ്ടായിരുന്നു..നടത്തിയ അധ്വാനത്തിൻ്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളുവെങ്കിലുംഅത് തന്നെ പതിനായിരക്കണക്കിനുണ്ട്.കോ വിഡ് മഹാമാരി വന്നപ്പോൾഭയചകിതരായ മനുഷ്യർക്കിടയിൽ നിർഭയം മൃതദേഹം സംസ്കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജമാക്കാനും ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്ക് ഉപ്പു തൊട്ടു കർപൂരം വരെ സകല സാധനങ്ങളുമെത്തിക്കാനും കൊടി പിടിക്കാതെ യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട്ഈ പ്രസ്ഥാനത്തിൽ. സാലറി ചാലഞ്ച് ഇല്ലാതാക്കാൻ പലരും മത്സരിച്ചപ്പോൾ ആക്രി പെറുക്കിയും കല്ലു ചുമന്നും കക്ക വാരിയും മീൻ വിറ്റും സമാഹരിച്ച നാണയത്തുട്ടുകൾ ചേർത്ത് വച്ച് പതിന്നൊന്നരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ് .വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്നഅശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം.എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം വാങ്ങിയ പ്രസ്ഥാനം..ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.ആരൊക്കെ എത്ര ശ്രമിച്ചാലുംചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ്DYFI മലയാള മനസ്സിൽജീവിതം കൊണ്ട് വരച്ചു വെച്ചിരിക്കുന്നത്.മറക്കരുത്…

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick